Web Desk

തിരുവനന്തപുരം

April 20, 2020, 8:36 am

ഏഴ് ജില്ലകളിൽ ഇളവ് ഇന്നുമുതൽ: പകുതി തുറന്ന് കേരളം

Janayugom Online
ചിത്രം: സുരേഷ് ചൈത്രം

സർക്കാർ നടത്തിയ കർശനമായ കോവിഡ് 19 ചെറുത്തു നിൽപ്പിലൂടെ ലോകത്തിന് മാതൃകയായ കേരളത്തിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ലഭിക്കും. കേരളത്തിലെ 88 ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌കുകൾ നിർബന്ധമായി ധരിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായുള്ള ഇളവുകളിൽ ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും കർശന നിയന്ത്രണം ഉണ്ടാവും. മെയ് മൂന്ന് വരെ പൊതുഗതാഗതവും ടാക്‌സി, ഓട്ടോ സർവീസുകളും അനുവദിക്കില്ല. ഹോട്ട്‌സ്‌പോട്ടുകളിൽ കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ഡൗൺ കാലത്തേതുപോലെയായിരിക്കും. ഗ്രീൻ മേഖലയിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുന്നത്.

ഓറഞ്ച് എ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ ഏപ്രിൽ 24 മുതൽ മാത്രമേ ഇളവുകൾ പ്രാബല്യത്തിൽ വരികയുള്ളൂ. റെഡ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളെയാണ്. ഇവിടെ ലോക്ഡൗൺ അതേപടി തുടരും. ഗ്രീൻ, ഓറഞ്ച് ബി മേഖലയിൽ ഉള്ളവർക്ക് സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തനാനുമതി നൽകിയിട്ടുളള കാര്യങ്ങൾക്കായി മാത്രമേ ഒരു ജില്ലയിൽ നിന്ന് അടുത്തുളള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. മറ്റ് ആവശ്യങ്ങൾക്കായി ജില്ല കടന്ന് യാത്ര ചെയ്യാൻ അനുമതി നൽകില്ല. എന്നാൽ ഗർഭിണികൾ, ചികിത്സയ്ക്കായി എത്തുന്നവർ, ബന്ധുക്കളുടെ മരണ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ എന്നിവരെ അതിർത്തി കടക്കാൻ അനുവദിക്കും. മെഡിക്കൽ എമർജൻസി കേസുകൾക്ക് അന്തർജില്ലാ യാത്രാനുമതിയും നൽകും.

ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഡ്യൂട്ടിക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് അയൽ ജില്ലാ യാത്ര അനുവദിക്കും. താമസിക്കുന്ന ജില്ലയിൽ നിന്ന് ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും ഇത്തരത്തിലുള്ള യാത്രാനുമതി. ഇവർക്ക് സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാം. ജോലിക്ക് പോകുന്നവരെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. അടിയന്തരസേവന വിഭാഗങ്ങൾ, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ ക്‌ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ 50 ശതമാനം ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കെത്തണം. ക്‌ളാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ 33 ശതമാനം പേർ ഹാജരാകണം. നേരത്തെയുള്ള ഉത്തരവനുസരിച്ചു മാത്രമേ കടകൾക്ക് പ്രവർത്തിക്കാനാവൂ. ഗ്രീൻ കാറ്റഗറിയിലെ ജില്ലകളിലും ഇത് ബാധകമാണ്. അല്ലാതെയുള്ള വ്യാപാരസ്ഥാപനങ്ങളും കടകളും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ശാരീരിക അകലം പാലിച്ച് ഒറ്റയ്ക്കുള്ള പ്രഭാത, സായാഹ്‌ന നടത്തം അനുവദിക്കും.

പ്രവർത്തിക്കാൻ അനുമതി

ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷൻ, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികൾ എന്നീ മേഖലകളുടെ പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊർജ്ജവിതരണം എന്നിവ ഉൾപ്പെടെയുള്ള പൊതുസേവനകാര്യങ്ങൾ, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങൾ, സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും അനുമതി നൽകിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവർത്തിപ്പിക്കേണ്ടത്. മണ്‍സൂണിന് മുമ്പുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

വാഹനം പുറത്തിറക്കാൻ പ്രത്യേക നിബന്ധന

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് നമ്പറുകളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ യാത്രാനുമതി. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അനുമതി. എന്നാൽ ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ ക്രമം ബാധകമല്ല. ഞായറാഴ്ച പ്രവർത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാൻ അനുമതിയുള്ളൂ. വനിതാ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളെയും നമ്പർ നിബന്ധനകളിൽ നിന്നും ഒഴിവാക്കി. നാലുചക്രവാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടു പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യാം.

വ്യവസായ സ്ഥാപനങ്ങൾ നിയന്ത്രണങ്ങളോടെ

സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങളുടെ പരിസരവും വാഹനങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കണം. തൊഴിലാളികൾക്ക് സ്ഥാപനങ്ങളിലേക്ക് സാമൂഹിക അകലം പാലിച്ച് എത്തുവാൻ പ്രത്യേക വാഹന സംവിധാനം ഏർപ്പെടുത്തണം. സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുവാനും പുറത്തുപോകുവാനും ഒരു വാതിൽ ക്രമീകരിക്കണം. വാതിലുകളിൽ തെർമൽ സ്കാനിങ്ങിനുള്ള സംവിധാനം നിർബന്ധമായും ഒരുക്കണം. തൊഴിലിടത്ത് കൃത്യമായ സാമൂഹിക അകലം പാലിക്കണം.

സംസ്ഥാനത്ത് 88 ഹോട്ട്സ്‌പോട്ടുകള്‍

സംസ്ഥാനത്ത് 88 കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍. 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍ ഉള്‍പ്പെടെ) ഹോട്ട്സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട്സ്‌പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിക്കും. സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഹോട്ട് സ്‌പോട്ടുകള്‍ ഇവായണ്.

തിരുവനന്തപുരം (3): തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്.

കൊല്ലം (5): കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍.

ആലപ്പുഴ (3): ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍.

പത്തനംതിട്ട (7): അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍.

കോട്ടയം ജില്ല (1): തിരുവാര്‍പ്പ് പഞ്ചായത്ത്.

ഇടുക്കി (6): തൊടുപുഴ മുന്‍സിപ്പാലിറ്റി, ക ഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍.

എറണാകുളം (2): കൊച്ചി കോര്‍പ്പറേഷന്‍, മുളവുകാട് പഞ്ചായത്ത്.

തൃശൂര്‍ (3): ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍.

പാലക്കാട് (4): പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍.

മലപ്പുറം (13): മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍.

കോഴിക്കോട് (6): കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റിയാടി, നാദാപുരം പഞ്ചായത്തുകള്‍. വയനാട് (2): വെള്ളമുണ്ട, മൂപ്പയ്‌നാട് പഞ്ചായത്തുകള്‍.

കണ്ണൂര്‍ (19): കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍.

കാസര്‍ഗോഡ് (14): കാഞ്ഞങ്ങാട്, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.

 

Eng­lish Sum­ma­ry: lock down con­ces­sion for 7 districts

You may also like this video