സുരേഷ് എടപ്പാള്‍

മലപ്പുറം

June 19, 2020, 7:33 pm

കോവിഡ് കാലത്തെ അതിജീവിക്കാന്‍ ശ്രമം തുടരുമ്പോള്‍ വിനയായി യുദ്ധ ഭീഷണി; ഗല്‍വാനില്‍ മഞ്ഞുരുകാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ച് തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ്

Janayugom Online

ഇന്ത്യക്കെതിരെ ചൈന നടത്തുന്ന അതിരുവിട്ട സൈനിക നടപടികള്‍ മൂലം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമ്പോള്‍ പ്രശ്‌ന പരിഹാരത്തിന്നായി ഉള്ളരുകി പ്രാര്‍ത്ഥിക്കുകയാണ് കോവിഡ് മൂലം നടുവൊടിഞ്ഞ തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റിലെ വ്യാപാരികള്‍. കോവിഡ് രൂപത്തിലും യുദ്ധ ഭീഷണിയായും ചൈന ഇവരുടെ ഉറക്കം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നു. എങ്കിലും അതിജീവനത്തിനുള്ള അതിശക്തമായ പോരാട്ടത്തിലാണ് ഫോണുകളുടേയും കമ്പ്യൂട്ടറുകളുടേയും മറ്റ് ഇലക്‌ടോണിക് ഉപകരണങ്ങളുടേയം രാജ്യത്തെ പ്രശസ്തമായ ഈ കച്ചവടകേന്ദ്രം.

എല്ലാം പതിയെ ശരിയാവും മെന്ന് തോന്നിതുടങ്ങിയ സമയത്താണ് ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തിയില്‍ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്കു നീങ്ങണമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം നിലവിലേതുപോലെ തുടരണമെന്നും ഏറ്റവും കൂടുതലായി ആഗ്രഹിക്കയാണിവര്‍. കോവിഡ് ഭീതിയില്‍ രാജ്യം അടച്ചിടലിലേക്ക് നീങ്ങുന്നതിനു മുമ്പുതന്നെ മുന്‍ കരുതലെന്നോണം തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചിടുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ദിനംതോറും ആയിരങ്ങള്‍
വന്നെത്തിയിരുന്ന ഈ വ്യാപാരകേന്ദ്രം തന്നെയായിരിന്നു രാജ്യത്ത് കോവിഡ് ആശങ്കയില്‍ ആദ്യമായി ലോക്ഡൗണ്‍ സ്വയം പ്രഖ്യാപിച്ചത്.

പിന്നീടങ്ങോട്ടുള്ള നാലുമാസത്തിലേറെക്കാലം കോടികളുടെ കച്ചവടം നടന്നിരന്ന ഈ ജനകീയമാര്‍ക്കറ്റ് നിശ്ചലമായി. 500 ലേറെ വ്യാപാര സ്ഥാപനങ്ങളും അതിലെ 2000ത്തോളം ജീവനക്കാരും ഉള്‍പ്പെട്ട തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിനെ കോവിഡ്19 ശരിക്കും തകര്‍ത്തു. മറ്റ് മേഖലകളെല്ലാം സാവധാനം സാധാരണനിലയിലേക്ക് നീങ്ങാന്‍ ശ്രമിക്കുമ്പോല്‍ 3000 ത്തില്‍ പരം കുടുംബങ്ങളുടെ ജീവതത്തിന്റെ അത്താണിയായി ഗള്‍ഫ് മാര്‍ക്കറ്റില്‍ എല്ലാം അനിശ്ചിതത്വത്തിലാണ്. ചൈനയില്‍ നിന്ന് നേരിട്ട് നിരവധി കണ്ടെയ്‌നറുകളാണ് ഇല്ക്‌ട്രോണിക് ഉപകരണങ്ങളും മറ്റു ഉല്‍പ്പന്നങ്ങളുമായി ദൈനംദിനം തിരൂര്‍ മാര്‍ക്കറ്റില്‍ എത്താറുള്ളത്. കണ്ടെയ്‌നറുകളിലെ ചരക്കുകള്‍ തിരൂരില്‍ കൊണ്ടുവന്നതിനുശേഷം മാത്രമാണ് കൊച്ചിയും മംഗലാപുരവും, കോഴിക്കോടുമടക്കമുള്ള കച്ചവട കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത്.

you may also like this video;

ദീര്‍ഘനാളത്തെ അടച്ചിടലിനുശേഷം കഴിഞ്ഞ രണ്ടാഴ്ചയായി ഗള്‍ഫ് മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ആവശ്യക്കാര്‍ ഉണ്ടെങ്കിലും ഇടപാടുകാര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഫോണുകളും മറ്റും ലഭ്യമാക്കാനാകാന്നില്ലെന്ന് വ്യാപാരികള്‍ സമ്മതിക്കുന്നു. മാര്‍ക്കറ്റിലേക്ക്  പ്രധാനമായും ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് ചൈനയില്‍ നിന്നാണ്. ചൈനയില്‍ കോവിഡ്‌ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനുശേഷം കഴിഞ്ഞ നാലുമാസത്തോളമായി എല്ലാം നിലച്ചിരിക്കയാണ്. മാര്‍ക്കറ്റില്‍ സ്‌റ്റോക്കുള്ള  ഉപകരണങ്ങളാണ് ഇപ്പോള്‍ വില്‍ക്കാന്‍ കഴിയുന്നത്. ഉഭഭോക്താക്കള്‍ ആവശ്യപ്പെടുന്ന പലതും നല്‍കാന്‍ കഴിയാത്ത സ്ഥിയിലാണെന്നത് ഗള്‍ഫ് മാര്‍ക്കറ്റിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരു ദിവസം ലക്ഷങ്ങളുടെ കച്ചവടം നടന്നരിന്ന മാര്‍ക്കറ്റ്, എന്നാണ്  പഴയ പ്രതാപത്തിലേക്ക് മടങ്ങാന്‍ പോകുന്നതെന്നു പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് വ്യാപരി സംഘടനയായ ജി മാറ്റ് സെക്രട്ടറി കെ ടി ഇബ്‌നല്‍വഫ ജനയുഗത്തോട് പറഞ്ഞു.

മാത്രമല്ല ഫോണടക്കമുള്ള എല്ലാ ഉല്‍പ്പന്നങ്ങുടേയും വിലയും വര്‍ധിച്ചിരിക്കയാണ്. ചൈനയില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കൊച്ചിയില്‍ ഇപ്പോള്‍ മുംബൈയില്‍ നിന്നാണ് ഗള്‍ഫ് മാര്‍ക്കറ്റിലേക്ക് ഉപകരണങ്ങളും അനുബന്ധ സാധന സാമഗ്രികളും എത്തിക്കുന്നത്. ലോറികളില്‍ മുംബൈയില്‍ എത്തിക്കുന്നതുമൂലം വിലയിലും വലിയ വര്‍ധവുണ്ട്. കോവിഡ് ജാഗ്രതയുടെ ഭാഗമായി സാധനങ്ങളുമായി എത്തുന്ന ലോറിയുടെ ഡ്രൈവറും സാഹായിയും തിരികെ മുംബൈയില്‍ എത്തി കോറന്റീനില്‍ പോകേണ്ടതിനാല്‍ ഇവര്‍ക്ക് 14 ദിവസത്തെ ശമ്പളം നല്‍കേണ്ടിവരുന്നതും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും വിലവര്‍ധനവിനു കാരണമായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

മാത്രമല്ല കൊവിഡ് പടര്‍ന്നു പിടിക്കുന്നതുമൂലം കച്ചവട സ്ഥാപനങ്ങള്‍ ഭാഗികമായി മാത്രമേ മുംബൈയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നതും സാധനങ്ങള്‍ എത്താന്‍ തടസ്സമായിട്ടുണ്ട്. ഇന്ത്യാ ചൈന ബന്ധം വഷളായാല്‍ ഗള്‍ഫ്മാര്‍ക്കറ്റിന് പിടിച്ചു നില്‍ക്കുക എന്നത് പ്രയാസമാകുമെന്നും  അത്തരമൊരു പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കയാണെന്നും എക്കാലത്തും ആഗോള സാമ്പത്തിക ചാഞ്ചാട്ടങ്ങളെ അതിജീവിക്കാന്‍ ശേഷി സ്വായത്തമാക്കിയ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ വ്യാപാരികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ലോക്ഡൗണില്‍ ആറുമാസക്കാലത്തെ വാടകയില്‍ പകുതി ഇളവുനല്‍കിയ കെട്ടിട ഉടമകളും ഈ വ്യാപരകേന്ദ്രത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കയാണ്.

you may also like this video;