റെജി കുര്യന്‍

ന്യൂഡൽഹി

March 23, 2020, 5:54 pm

19 സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

Janayugom Online
പ്രതീകാത്മ ചിത്രം

കോവിഡ് 19 വിവിധ സംസ്ഥാനങ്ങളിൽ പടർന്നുപിടിച്ചതോടെ രാജ്യം നിശ്ചലമാകുന്നു. കേരളമടക്കം 19 സംസ്ഥാനങ്ങൾ പൂർണ്ണമായും അടച്ചിടൽ പ്രഖ്യാപിച്ചു. ആറ് സംസ്ഥാനങ്ങളിൽ ഭാഗികമായി നിയന്ത്രണങ്ങൾ നടപ്പാക്കി. രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 80 ജില്ലകളിലധികം ലോക്ഡൗണ്‍ ചെയ്തിട്ടുണ്ട്. രോഗബാധിതമായ ജില്ലകളെയാണ് ഇത്തരത്തില്‍ ലോക്ഡൗണിന് വിധേയമാക്കിയത്. മഹാരാഷ്ട്ര, കേരളം, ഹരിയാന, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ് വിവിധ കാലത്തേക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. നാഗാലാൻഡ് അനിശ്ചിത കാലത്തേക്കും അസം ഇന്നുമുതൽ ഈ മാസം 31 വരെയുമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയിൽ ഇന്നലെ മുതൽ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ രോഗവ്യാപനം തടയുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ അതുമായി പൂര്‍ണ്ണമായി സഹകരിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നത് വന്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഞായറാഴ്ച നടന്ന ജനതാ കര്‍ഫ്യൂവിന്റെ ബാക്കിയായ കൈകൊട്ടലിന് ജനങ്ങള്‍ വീടുവിട്ട് തെരുവിലേക്കിറങ്ങിയതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഡല്‍ഹിയില്‍ നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ ഇന്നലെ കടകളും സ്ഥാപനങ്ങളും എല്ലാം അടഞ്ഞു കിടന്നു. അവശ്യ സാധനങ്ങളും സേവനങ്ങളും മാത്രമാണ് ലഭ്യമായിരുന്നത്. മെട്രോയും അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹി ബോര്‍ഡര്‍ അടച്ചത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

ഉദ്യോഗസ്ഥരുടെ ഐഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷം മാത്രമാണ് അവരുടെ വാഹനങ്ങള്‍ പൊലീസ് കടത്തിവിട്ടത്. ചരക്കു നീക്കത്തിനു തടസ്സമുണ്ടായില്ല. ഏറ്റവും കൂടുതൽ കേസുകൾ ഉള്ള പടിഞ്ഞാറൻ മഹാരാഷ്ട്ര ഉൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അഞ്ചിലധികം പേരുടെ ഒത്തുചേരൽ അധികൃതർ നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്ന ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. നേരത്തെ രാജ്യാന്തര വിമാനസർവീസുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ ട്രെയിന്‍ ഗതാഗതവും അന്തർസംസ്ഥാന ബസ് സർവീസുകളും നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ മുതൽ ആഭ്യന്തര വിമാനസർവീസുകൾക്കും വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ കാർഗോ വിമാനങ്ങളെ വിലക്കിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: lock down in 19 states

You may also like this video