ജോമോൻ ജോസഫ്

കൽപറ്റ

March 30, 2020, 6:50 pm

കേരള പൊലീസ് സൂപ്പർ! നമ്പർ വൺ: കളക്ടറോട്‌ അന്തർ സംസ്ഥാന ലോറി ജീവനക്കാർ, ഒപ്പം സെൽഫിയും

Janayugom Online
കേരളത്തിലേക്ക് ചരക്കുമായി വന്ന ലോറി ഡ്രൈവർമാരോടൊപ്പം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുളള സെൽഫി എടുക്കുന്നു

അതിർത്തി ജില്ലയായ വയനാട്ടിൽ വച്ച് കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങൾ കർശന പരിശോധനകൾ കഴിഞ്ഞാണ് കടത്തിവിടുന്നത്. ചാമരാജ് നഗർ ജില്ലാ കളക്ടറും വയനാട് കളക്ടറും തയ്യാറാക്കിയ ലിസ്റ്റുപ്രകാരവും ആരോഗ്യ പരിശോധനയുമെല്ലാം കഴിഞ്ഞുവേണം അതിർത്തി പിന്നിടാൻ. കേരളത്തിൽ നിന്ന് കർണാടകയിലേക്കും ഇതെല്ലാം ബാധകമാണ്. മറ്റ് കർണ്ണാടക അതിർത്തികളിലെല്ലാം ഇതിനകം ഒട്ടേറെ പ്രശ്നങ്ങളുണ്ടായെങ്കിലും പ്രധാന പാതയായ എൻ എച്ച് 766ൽ കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു.

അതിർത്തി വഴി കടന്നുപോവുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ഇന്ന് കളക്ടർ അദീല അബ്ദുള്ളയും ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോയും നേരിട്ട് രംഗത്തിറങ്ങി. ചരക്ക് വാഹനങ്ങളിലെ ജീവനക്കാരുടെ ആരോഗ്യ സ്ഥിതിയും മറ്റുമെല്ലാം പരിശോധിക്കുകയായിരുന്നു ലക്ഷ്യം. അതിർത്തിയായ മുത്തങ്ങയിലായിരുന്നു ആദ്യ പരിശോധന. പരിശോധനകൾക്കിടയിൽ മാസ്ക്കുകൾ ഇല്ലാത്തവർക്ക് മാസ്കും നൽകി. കേരളത്തിലെ അനുഭവങ്ങൾ ചോദിച്ച കളക്ടറോട് ലോറി ജീവനക്കാർ പറഞ്ഞ മറുപടി കളക്ടർ തന്നെ വീഡിയോയിൽ പകർത്തുകയായിരുന്നു.

രാജ്യത്ത് പലയിടത്തും തങ്ങൾ പോയിട്ടുണ്ട്. കേരളത്തിലെ അനുഭവം വ്യത്യസ്തമാണെന്നും പൊലീസ് നമ്പർ വൺ ആണെന്നും ജീവനക്കാർ പറഞ്ഞു. ഭക്ഷണവും വെള്ളവുമുൾപ്പെടെ പലയിടത്തുനിന്നും ആളുകൾ നൽകും. ഒരു ബുദ്ധിമുട്ടും കേരളത്തിൽ നിന്നുണ്ടാകാറില്ലെങ്കിലും മറ്റിടങ്ങളിൽ അതങ്ങനെയല്ലെന്നും കളക്ടറോട് ഇവർ പറഞ്ഞു. കളക്ടർക്കൊപ്പം സെൽഫിയുമെടുത്താണ് ലോറി ജീവനക്കാർ യാത്ര തുടർന്നത്.