പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നിന്ന് അടിച്ച് പുറത്താക്കപ്പെട്ട മുസ്ലിം ഗ്രാമവാസികൾ ഭക്ഷണമില്ലാതെ നദീതടത്തിൽ ഒളിവിൽ കഴിഞ്ഞത് മൂന്ന് ദിവസം. ഹോഷിയാർപൂർ ജില്ലയിലെ ടൽവാര, ഹീജിപ്പൂർ ബ്ലോക്കുകളിൽപ്പെട്ട ഗുജ്ജാർ മുസ്ലിം വിഭാഗത്തിൽപ്പെട്ട നിരവധി പേരാണ് ഗ്രാമത്തിൽ നിന്ന് അടിച്ചിറക്കപ്പെട്ടത്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ സാമൂഹ്യ ബഹിഷ്കരണത്തിനിരയായ ഇവരുടെ കുലത്തൊഴിലിന്റെ ഭാഗമായുള്ള നൂറുകണക്കിന് ലിറ്റർ പാൽ സ്വാൻ നദിയിലേയ്ക്ക് ഒഴുക്കിക്കളയേണ്ടിയും വന്നു. തങ്ങളുടെ മൺവീടുകളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയുമുണ്ടായി.
ഹാജിപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ടോട്ടെ, സത്വാൻ, മോഹ്റിചക്ക്, റോഹ്ളി മോർ, കംലൂ, ഭട്ടോലി, രാജ്പൂർ തുടങ്ങിയ ഗ്രാമങ്ങളിലാണ് ഈ ക്രൂരതകൾ അരങ്ങേറിയത്. ഗുജ്ജാർ മുസ്ലിം സമുദായത്തിൽപ്പെട്ട ഇവർക്ക് നേരെ നടന്ന അതിക്രമത്തെ കുറിച്ച് അറിഞ്ഞിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായ കുടുംബങ്ങൾ പ്രദേശത്തുനിന്ന് പലായനം ചെയ്ത് സ്വാൻ നദിയുടെ കരയിലാണ് മൂന്ന് ദിവസം പട്ടിണിയുമായികഴിഞ്ഞത്. എന്തിനാണ് തങ്ങളെ അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഭൂരിപക്ഷ ഹിന്ദു സമുദായത്തിൽപ്പെട്ടവർ തെറിവിളിച്ചുവെന്നും രോഗികളെന്ന് വിളിച്ചുവെന്നും സംഘത്തിൽപ്പെട്ട ഒരാൾ പറഞ്ഞുവെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
പട്ടിണിയിലായ കുട്ടികളടക്കം ഏഴും എട്ടും പേരടങ്ങുന്ന കുടുംബങ്ങളാണ് നദിക്കരയിൽ അഭയം തേടേണ്ടിവന്നത്.
വേനൽക്കാലത്ത് തങ്ങൾ അഭയം തേടാറുള്ള ഹിമാചലിലേയ്ക്ക് പോകാൻ പൊലീസ് അനുവദിക്കുന്നുമില്ലെന്ന് അവർ പറയുന്നു. 80 വയസായ സ്ത്രീയ്ക്ക് മരുന്ന് പോലും നിഷേധിച്ചു. 80 ഓളം വരുന്ന സംഘം ആകാശത്തിന് കീഴെ പട്ടിണിയുമായി കഴിയുകയാണ്. പട്ടിണി കാരണം ആറ് കന്നുകാലികൾ ചത്തു.സംഭവം വാർത്തയായതിനെ തുടർന്ന് റവന്യു അധികൃതർ സ്ഥലത്തെത്തുകയും കുറച്ചു ദിവസത്തേയ്ക്ക് ഭക്ഷണത്തിനുള്ള സാധനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ അതിക്രമം നടത്തിയവരെ കണ്ടെത്തി നടപടികളെടുക്കുമെന്ന് ഹോഷിയാർപൂർ ജില്ലാ പൊലീസ് മേധാവി ഗൗരവ് ഗാർഗ് പറഞ്ഞു.
English Summary: Lock down- Muslim family hide in river bed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.