ലോക്ക് ഡൗണ്‍: വിഷുക്കാലത്ത് ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനമില്ല

Web Desk

തിരുവനന്തപുരം

Posted on March 31, 2020, 4:57 pm

കോവിഡ് രോഗ വ്യാപനം തടയാന്‍ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിഷുക്കാലത്ത് ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടാകില്ല. ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം വിലക്കിയും, ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചും നേരത്തെ ബോർഡ് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ, രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗണിന്റെ പശ്ചാത്തലം കൂടി പരിഗണിച്ച് ഇതുസംബന്ധിച്ച മുൻ ഉത്തരവുകളുടെ കാലാവധി ഏപ്രിൽ 14വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കാനും തീരുമാനിച്ചു.

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെൻഷൻ നിലവിൽ ബാങ്കുകളിൽ അവർ നേരിട്ടുപോയാണ് കൈപ്പറ്റിവരുന്നത്. എന്നാൽ ഇപ്പോ‍ഴത്തെ സാഹചര്യത്തിൽ 2020 ഏപ്രിൽ മുതലുള്ള, വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെൻഷൻ അവരവരുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത്, എടിഎം വ‍ഴി എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ ധനലക്ഷ്മി ബാങ്ക് അധികൃതരോട് ആവശ്യപ്പെടുന്നതിനും ഇന്ന് ചേർന്ന ബോർഡ് യോഗത്തിൽ തീരുമാനമായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു അറിയിച്ചു.

YOU  MAY ALSO LIKE THIS VIDEO