January 28, 2023 Saturday

ലോക്ഡൗണില്‍ തകർന്ന് പൊതുവിതരണ സംവിധാനം: ഉത്തരേന്ത്യൻ ഗ്രാമങ്ങൾ പട്ടിണിയിൽ

Janayugom Webdesk
ന്യൂഡൽഹി
April 8, 2020 9:17 pm

ലോക്ഡൗൺ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്നു. പൊതുവിതരണ സംവിധാനം കാര്യക്ഷമമല്ലാത്ത ഝാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിൽ സർക്കാർ കെടുകാര്യസ്ഥതയ്ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുകയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് മരണങ്ങളാണ് ഝാർഖണ്ഡില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരാഴ്ചയിൽ കൂടുതൽ ഭക്ഷണസാധനങ്ങളും മറ്റും സംഭരിച്ച് വയ്ക്കാൻ സാധാരണ കുടുംബങ്ങൾക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോക്ഡൗൺ രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ താഴേക്കിടയിലുള്ള തൊഴിലാളി കുടുംബങ്ങളെല്ലാം പട്ടിണിയുടെ നിഴലിലാണ്. ഒരു കുടുംബത്തിന് പത്തുകിലോഗ്രാം ഭക്ഷ്യധാന്യമാണ് സര്‍ക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ റേഷൻവിതരണം ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല.പുറമെ റേഷൻ കാർഡില്ലാത്തവർക്ക് പത്തുകിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ വീതം വിതരണം ചെയ്യണമെന്ന് ഗ്രാമമുഖ്യന് സര്‍ക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ ഇതിന് പതിനായിരം രൂപവരെ വിനിയോഗിക്കാനാണ് നിർദ്ദേശം. ഈ നടപടികൾ അപര്യാപ്തമാണെന്നും ക്ഷാമം പടരുന്ന സാഹചര്യത്തിൽ റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കണമെന്നും റൈറ്റ് ടു ഫുഡ് എന്ന സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

സമാനമായ അവസ്ഥയാണ് ബിഹാറിലും ലോക്ഡൗണിനെത്തുടർന്ന് ഉണ്ടായിരിക്കുന്നത്. ഭക്ഷണമില്ലാതെ ബിഹാറിലെ ദരിദ്രർ തെരുവുകളിൽ അലയുന്നു. സൗജന്യ റേഷൻ നൽകുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ ഒരു മണി അരിപോലും സർക്കാർ എത്തിച്ചു നൽകിയിട്ടില്ല എന്നതാണ് വാസ്തവം. സർക്കാരിൽ നിന്നും ഇതുവരെ ഒന്നും തന്നെ കിട്ടിയില്ലെന്ന് പട്നയിൽ താമസിക്കുന്ന ജഗുനന്ദ മാഞ്ചി പറയുന്നു.മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ നിന്നും കേവലം അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് വയോധികനായ ജഗുനന്ദ താമസിക്കുന്നത്.

എന്നാൽ അതി സുന്ദരമായി സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം ഏറ്റവും വൃത്തിഹീനമായ സാഹചര്യത്തിലാണ് ജഗുനന്ദ മാഞ്ചി അടക്കമുള്ളവരുടെ വിഭാഗം കഴിഞ്ഞുകൂടുന്നത്. മുസഹർ എന്ന നാടോടി വിഭാഗത്തിൽപ്പെടുന്ന ജഗുനന്ദയ്ക്കും കൂട്ടര്‍ക്കും അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ലോക്ഡൗണിനെ തുടർന്ന് ജോലി ഇല്ലാതായതോടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇവരുടെ ഏക വരുമാനമാർഗവും നിലച്ചു. ഇതോടെയാണ് ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഇവർ തെരുവിലിറങ്ങിയത്. ഭക്ഷണത്തിനും അതു പാകം ചെയ്ത് കഴിക്കുന്നതിനും ആവശ്യമുള്ള സഹായങ്ങൾക്കായി ലോക്ഡൗണിനിടയിലും പൊരിവെയിലത്ത് ഇവർ അടുത്ത പ്രദേശങ്ങളിൽ ഭിക്ഷ തേടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

Eng­lish Sum­ma­ry: Lock down- North Indi­an vil­lages starving

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.