ലോക്ഡൗണിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്താൻ കഴിയാതെ യുവതി വഴിയരികിൽ പ്രസവിച്ചു. തെലങ്കാനയിൽ സൂര്യാപേട്ടിലാണ് സംഭവം. അണ്ണാദുരൈനഗറിൽ താമസിക്കുന്ന ഡി വെങ്കണ്ണയുടെ ഭാര്യ രേഷ്മയാണ് വഴിയരികിൽ പെൺകുഞ്ഞിന് ജന്മംനൽകിയത്. രാത്രിയോടെ പ്രസവവേദന അനുഭവപ്പെട്ട രേഷ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ വെങ്കണ്ണ ആംബുലൻസ് വിളിച്ചെങ്കിലും ആംബുലൻസ് എത്തിയില്ല.
മറ്റൊരു മാർഗവുമില്ലാതെ വെങ്കണ്ണ പുലർച്ചെ ഭാര്യയെ സ്കൂട്ടറിൽ ഇരുത്തി സൂര്യാപ്പെട്ടിലേയ്ക്ക് പുറപ്പെട്ടു. എന്നാല്‍ വഴിയിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. സ്ഥലത്ത് പൊലീസുകാരാരും ഡ്യൂട്ടിക്ക് ഉണ്ടായിരുന്നില്ല. തുടർന്ന് വെങ്കണ്ണ ഭാര്യയെ റോഡരികിൽ ഇരുത്തി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ബാരിക്കേഡ് നീക്കാനാവില്ലെന്നും ആവശ്യമെങ്കിൽ സ്വയം നീക്കിക്കൊള്ളാനും പൊലീസ് പറഞ്ഞു.
വെങ്കണ്ണ തിരികെ ഭാര്യയ്ക്കരികെ എത്തിയപ്പോൾ അവർ വേദനകൊണ്ട് പുളയുകയായിരുന്നു. വൈകാതെ റോഡരികിൽത്തന്നെ ഭാര്യ പ്രസവിച്ചു. വെങ്കണ്ണയുടെയും ഭാര്യയുടെയും നിലവിളി കേട്ട് പരിസരവാസികളായ സ്ത്രീകൾ സഹായിക്കാനായി എത്തി. തുടര്‍ന്ന് പ്രദേശവാസികളുടെ ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ ആംബുലൻസ് എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും നില തൃപ്തികരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.