കൊറോണ കാലത്തും ഈസ്റ്റർ ആഘോഷിക്കാൻ പോത്തിറച്ചി നിർബന്ധം. ലോക് ഡൗൺ നിർദ്ദേശങ്ങൾ പലപ്പോഴും പാലിക്കാതെ കോട്ടയം ജില്ലയിലെ കശാപ്പുശാലകളിൽ വലിയ തിരക്കായിരുന്നു.
സാമൂഹിക അകലം പാലിക്കണമെന്ന പൊതുനിർദ്ദേശവും കടകളിൽ അഞ്ച് പേർ മാത്രമായിരിക്കണം എന്ന നിഷ്കർഷയും പൊലീസ് എത്തുമ്പോൾ മാത്രമായി. പലയിടത്തും ജീവനക്കാർ മാസ്കുകൾ ധരിച്ചിരുന്നില്ല. രോഗവ്യാപനം തടയുന്നതിനായി സുരക്ഷാ മുൻ കരുതലെന്ന നിലയിൽ സാനിറ്റൈസറുകൾ സ്ഥാപിക്കുന്നതും മറന്നു. രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിർദ്ദേശങ്ങൾ കൺമുന്നിൽ ലംഘിക്കപ്പെടുന്നത് കണ്ട പൊലീസ് ലാത്തിവീശി ആൾക്കൂട്ടത്തെ ഓടിച്ചു.
ഇറച്ചിയ്ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിലയും കൂട്ടി. പോത്തിറച്ചിയ്ക്ക് കിലോയ്ക്ക് 40 രൂപയിലധികം ഇന്ന് വർധിപ്പിച്ചു. പന്നിയിറച്ചി കിലോയ്ക്ക് 280രൂപയും ആട്ടിറച്ചി കിലോയ്ക്ക് 700മുതൽ 750 വരെയുമായിരുന്നു നിരക്ക്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉരുക്കളെ എത്തിക്കാനാകാത്തത് വിലക്കയറ്റത്തിന് വഴിയൊരുക്കിയെന്ന് കച്ചവടക്കാർ പറഞ്ഞു. നാട്ടിൻപുറങ്ങളിൽ നിന്ന് വാങ്ങിയ ഉരുക്കളെയാണ് ഇന്ന് കശാപ്പുശാലയിൽ എത്തിച്ചത്. ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇറച്ചി തികയാതെയായി. പലയിടത്തും ഉച്ചക്കുമുമ്പേ കച്ചവടം അവസാനിച്ചു. ചിലയിടങ്ങളിൽ പുലർച്ചെ നാലിന് മുമ്പേ വലിയനിര രൂപപ്പെട്ടിരുന്നു. ചില കടകളിൽ ടോക്കൺ സമ്പ്രദായവും ഏർപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.