ലോക്ഡൗൺ: രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ 46 ശതമാനം കുറവ്

Web Desk

ന്യൂഡല്‍ഹി:

Posted on May 09, 2020, 8:52 pm

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇന്ധന ഉപഭോഗത്തില്‍ 45.8 ശതമാനം കുറവ്. ഇന്ത്യയിലെ മൊത്തം ഇന്ധന ഉപഭോ​ഗം ഏപ്രിലില്‍ വന്‍ ഇടിവുണ്ടായതായാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നത്. ഇന്നലെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്‌ 2007‑ന് ശേഷം എണ്ണ ഉപഭോഗത്തില്‍ ഉണ്ടായ ഏറ്റവും കുറവ് അളവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ രേഖപ്പെടുത്തിയതിന്റെ പകുതി മാത്രമാണ് 2020 ഏപ്രിലിന്റെ ആദ്യ രണ്ട് ആഴ്ചകളില്‍ രേഖപ്പെടുത്തിയത്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച്‌ ഇന്ത്യയുടെ വാര്‍ഷിക ഇന്ധന ഉപഭോഗത്തില്‍ 5.6 ശതമാനം വരെ ഇടിവുണ്ടാകും. 2.4 ശതമാനം വര്‍ധനവുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം.ഗതാഗതമാര്‍ഗങ്ങളില്‍ സാധാരണ കൂടുതലായി ഉപയോഗിക്കുന്ന ഡീസലിന്റെ ഉപഭോഗത്തില്‍ 55.6 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്.

ഗതാഗതത്തിനും ജലസേചന ആവശ്യങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്ന ഡീസലിന്റെ ഉപഭോഗം 3.25 ദശലക്ഷം ടണ്ണായാണ് കുറഞ്ഞിരിക്കുന്നത്. പെട്രോള്‍ വില്‍പ്പന 60.6 ശതമാനം ഇടിഞ്ഞ് 0.97 ദശലക്ഷം ടണ്ണായി. പാചക വാതകം അല്ലെങ്കില്‍ ദ്രവീകൃത പെട്രോളിയം ഗ്യാസ് വില്‍പ്പന 12.1 ശതമാനം ഉയര്‍ന്ന് 2.13 ദശലക്ഷം ടണ്ണായി. നാഫ്ത വില്‍പ്പന 9.5 ശതമാനം ഇടിഞ്ഞ് 0.86 ദശലക്ഷം ടണ്ണായി. റോഡുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ബിറ്റുമെന്‍ വില്‍പ്പന 71 ശതമാനം ഇടിഞ്ഞു. ഇന്ധന എണ്ണ ഉപയോഗം ഏപ്രിലില്‍ 40 ശതമാനം കുറഞ്ഞതായും കണക്കുകള്‍ പറയുന്നു.

ENGLISH SUMMARY: Lock­down: 46% reduc­tion in fuel con­sump­tion in the coun­try

YOU MAY ALSO LIKE THIS VIDEO