Web Desk

ന്യൂഡല്‍ഹി

March 25, 2020, 9:14 pm

21 ദിവസത്തെ സമ്പൂർണ്ണ അടച്ചിടൽ: ഒമ്പതുലക്ഷം കോടിയുടെ നഷ്ടം

Janayugom Online

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 21 ദിവസം രാജ്യം സമ്പൂര്‍ണമായി അടച്ചിടുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ വന്‍ ആഘാതം സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. മൂന്നാഴ്ച രാജ്യം സമ്പൂര്‍ണമായി അടച്ചിടുക വഴി ഒമ്പത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുകയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനെ പ്രതിരോധിക്കാൻ കാര്യക്ഷമവും സമഗ്രവുമായ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 21 ദിവസം രാജ്യം അടച്ചിടുമ്പോൾ സമ്പദ്‌വ്യവസ്ഥക്കുണ്ടാകുന്ന നഷ്ടം എന്നത് ജിഡിപിയുടെ നാലു ശതമാനം ആയിരിക്കുമെന്ന് പ്രമുഖ ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ ബാര്‍ക്ലെയിസ് വിലയിരുത്തുന്നു. നിലവിലെ കണക്കനുസരിച്ച്‌ ഇത് ഒമ്പത് ലക്ഷം കോടി രൂപയാണ്. ഇത് വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കൂടാതെയുള്ള വിലയിരുത്തലാണിത്.

രാജ്യത്തിന്റെ സുപ്രധാന സാമ്പത്തിക കേന്ദ്രങ്ങളായ മുംബൈ, ബംഗളൂരു, പൂനെ, ഡല്‍ഹി, ലഖ്‌നൗ, കാന്‍പൂര്‍, ഹൈദരാബാദ്, ജയ്പൂര്‍, ചെന്നൈ, കൊല്‍ക്കത്ത, നോയിഡ, അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയ നഗരങ്ങൾ ദിവസങ്ങൾക്ക് മുമ്പേ ലോക്ക്ഡൗണിലായിരുന്നു. പുതിയ സാഹചര്യത്തിൽ നടപ്പ് സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കേവലം 3.5 ശതമാനമായിരിക്കുമെന്നാണ് ബാര്‍ക്ലെയിസിന്റെ അനുമാനം. കൊറോണയുടെ പശ്ചാത്തലത്തില്‍ നേരത്തെയുളള അനുമാനത്തില്‍ നിന്ന് 1.7 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏപ്രില്‍ മൂന്നിനാണ് പണ നയ അവലോകനം പ്രഖ്യാപിക്കുക.

റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ്വ് ബാങ്ക് ഇപ്പോഴത്തെ അവസ്ഥയില്‍ നിര്‍ബന്ധിതമാകും. ഇത് ധനക്കമ്മി കൂടാന്‍ ഇടയാക്കുമെന്നും അതുവഴി സാമ്പത്തിക പ്രതിസന്ധി ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്. ഓഹരിവിപണി തുടര്‍ച്ചയായ 15 സെഷനുകളിൽ കനത്ത നഷ്ടം രേഖപ്പെടുത്തിയിരുന്നു. കൂടാതെ ഡോളറിനെതിരെ രൂപയും വൻ തകർച്ചയിലാണ്. കോവിഡ് പ്രതിരോധരംഗത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ആഘാതം പരിഹരിക്കുന്നതിന് കാര്യമായൊന്നും ഇതുവരെ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് പ്രാദേശിക ബ്രോക്കറേജ് കമ്പനിയായ എംകെയ് ചൂണ്ടിക്കാട്ടുന്നു. അസംഘടിത മേഖലയെയാണ് അടച്ചിടൽ സാരമായി ബാധിക്കുക. നോട്ടു നിരോധനവും ചരക്ക് സേവന നികുതിയും പ്രതിസന്ധിയിലാക്കിയ അസംഘടിത മേഖലയ്ക്ക് അടച്ചുപൂട്ടല്‍ ഇരുട്ടടിയായി മാറിയിരിക്കുകയാണെന്ന് എംകെയ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഇപ്പോള്‍ പണലഭ്യത പരിമിതപ്പെടുകയാണ് ചെയ്യുന്തെന്നും ഈ പ്രതിസന്ധി പരിഹരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ചെലവഴിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണമെന്നും എഡല്‍‌വെയ്സ് പറയുന്നു.

Eng­lish Sum­ma­ry; lock­down 9 lakh crore loss

YOU MAY ALSO LIKE THIS VIDEO