March 23, 2023 Thursday

Related news

May 5, 2022
February 17, 2022
February 4, 2022
January 24, 2022
January 3, 2022
October 31, 2021
September 2, 2021
September 1, 2021
February 19, 2021
October 9, 2020

ലോക്ഡൗൺ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു: ആരോഗ്യ വിദഗ്ധർ

Janayugom Webdesk
ന്യൂഡൽഹി:
May 4, 2020 9:01 pm

കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ രാജ്യത്തെ ജനങ്ങളുടെ മാനസിക ആരോഗ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്. വ്യാകുലത, മാനസിക പിരിമുറുക്കം, ഭയം, അരക്ഷിതാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് രാജ്യത്തെ ജനങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.

കൊറോണ വ്യാപനം തുടങ്ങിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒരു ദിവസത്തെ ജനതാ കർഫ്യൂ ജനങ്ങൾ ഏറെ ആസ്വദിച്ചെങ്കിലും തുടർന്ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗൺ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. തുടർന്നും രണ്ട് തവണ ലോക്ഡൗൺ ദീർഘിപ്പിച്ച നടപടിയാണ് ജനങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ മറ്റ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതും ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, ചുമട്ടുതൊഴിലാളികൾ എന്നിവർക്കിടയിൽ രോഗവ്യാപനം തുടരുന്നത് ജനങ്ങൾക്കിടയിൽ കൂടുതൽ ഭീതി സൃഷ്ടിക്കുന്നതായി നിംഹാൻസിലെ മനശാസ്ത്ര വിദഗ്ധനായ ഡോ. മൗസുമി സിൻഹ പറയുന്നു.

ലോക്ഡൗണിന്റെ കാലദൈർഘ്യം മുൻകൂട്ടി നിശ്ചയിക്കാൻ കഴിയാത്തതും ജനങ്ങളുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കുന്നു. ലോക്ഡൗണിൽ ഭാഗീകമായി ഇളവുകൾ അനുവദിക്കുമെന്ന പ്രഖ്യാപനങ്ങളും ഇവർക്ക് ആശ്വാസം പകരുന്നില്ല. സാമ്പത്തിക മേഖലയിലെ തകർച്ചയാണ് ജനങ്ങളിൽ രൂക്ഷമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. ഈ അരക്ഷിതാവസ്ഥ രൂക്ഷമായ ഉത്ക്കണ്ഠ സൃഷ്ടിക്കുന്നതായും വിദഗ്ധർ പറയുന്നു. ഇത് വിഷാദ രോഗത്തിന് കാരണമാകുന്നുവെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

തൊഴിൽ നഷ്ടപ്പട്ടതിന്റെ ഭാഗമായി കുടുംബപ്രശ്നങ്ങളും ഗണ്യമായി വർധിക്കുന്നു. സാമ്പത്തിക പരാധീനത, സ്ത്രീകൾക്ക് ഇപ്പോഴുള്ള അധിക ജോലിഭാരം തുടങ്ങിയ കാര്യങ്ങളും ഗണ്യമായ തോതിൽ വർധിക്കുന്നു. സമ്പർക്ക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇപ്പോഴത്തെ മാനസിക പ്രശ്നങ്ങൾ ആത്മഹത്യ നിരക്ക് കൂട്ടുമെന്നാണ് മറ്റൊരു വിലയിരുത്തൽ. ഇപ്പോഴും ഇത്തരത്തിലുള്ള മാനസിക സംഘർഷത്തെ തുടർന്നുള്ള ആത്മഹത്യകൾ ഉണ്ടാകുന്നുണ്ട്. കൊറോണ ബാധിച്ചുവെന്ന പേടിയിൽ ഒരാൾ ഡൽഹി സഫ്ദർജംഗ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ചാടി മരിച്ചു. എന്നാൽ പിന്നീടുള്ള പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയിൽ രാജ്യത്തെ ജനസംഖ്യയിലെ 20 ശതമാനം പേർക്കും മാനസികരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ENGLISH SUMMARY: Lock down affects men­tal health: health professionals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.