കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുവഴി ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനായി 1.7 ലക്ഷം കോടി രൂപയുടെ ഒരു സമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയുണ്ടായി. മൂന്നു മാസത്തേയ്ക്ക് ജന്‍ധൻ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് 1,500 രൂപ നല്‍കുന്നതും വിധവകള്‍ക്കും വികലാംഗര്‍ക്കും വയോജനങ്ങള്‍ക്കും 1,000 രൂപ നല്‍കുന്നതും തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം പ്രതിദിനം 20 രൂപ കൂട്ടിയതുമാണ് നേരിട്ട് നല്കുന്ന ധനസഹായങ്ങള്‍. അഞ്ച് കിലോ ധാന്യം അടുത്ത മൂന്ന് മാസത്തേക്ക് നല്‍കാനും പ്രഖ്യാപനമുണ്ട്.
കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് 2,000 രൂപ നല്കുന്നതുപോലുള്ള ധനസഹായങ്ങളെല്ലാം നിലവിലുള്ളവ ആദ്യം വിതണം ചെയ്യുന്നു എന്ന് മാത്രം. പരക്കെ ഉണ്ടായിരുന്ന പ്രതീക്ഷ, സമഗ്രമായ ഒരു സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചത് ആശ്വസകരമാണെങ്കിലും ആവശ്യത്തിന് തികയുന്നതോ സാമ്പത്തിക ഉത്തേജനത്തിന് പര്യാപ്തമോ അല്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഇന്നത്തെ സാഹചര്യത്തില്‍ സ്വകാര്യ മേഖലയെക്കൂടി ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാമായിരുന്നു. കര്‍ഷകര്‍ക്ക് 2,000 രൂപ ആശ്വാസമായി നല്കുന്ന പദ്ധതി പിഎം കിസാന്‍ പദ്ധതി പ്രകാരം ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ആദ്യ ഗഡു ഏപ്രില്‍ മാസത്തില്‍തന്നെ കിട്ടുമെന്ന പ്രത്യേകത മാത്രമാണ് ഉള്ളത്. തൊഴിലാളിക്ക് ദിവസ കൂലിയില്‍ 20 രൂപയുടെ വര്‍ധനവ് സാധാരണയുള്ള വാര്‍ഷിക വര്‍ധനവ് മാത്രമാണ്. കോവിഡ് വൈറസ് സാമൂഹവ്യാപനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നടപ്പിലാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ശരിയാണ്. കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഇതല്ലാതെ മറ്റു ഫലപ്രദമായ മാര്‍ഗങ്ങളില്ല. പക്ഷെ, ഇതു സമ്പദ്ഘടനയെ സ്തംഭനാവസ്ഥയില്‍ എത്തിച്ചു.
കച്ചവടവും കൃഷിയും ഫാക്ടറിയും സ്തംഭിച്ചതുവഴി ആളുകള്‍ വീട്ടിലിരിപ്പായി. രാജ്യം ലോക്ഡൗണ്‍ ചെയ്തതിന്റെ ഫലമായി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒമ്പത് ലക്ഷം കോടിയായിരിക്കുമെന്ന് വിലയിരുത്തപ്പെട്ടിരിക്കുന്നു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് 10,000 കോടി രൂപയും വ്യോമയാന മേഖലയ്ക്ക് 4,200 കോടിയുടെയും ഓട്ടോ മൊബൈല്‍ മേഖലയ്ക്ക് 2,300 കോടിയുടെയും നഷ്ടം ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. വാണിജ്യമേഖലയില്‍ വന്ന ഇടിവ് 53 ശതമാനമാണ്. പണത്തിന്റെ ക്രയവിക്രയത്തില്‍ 80 ശതമാനത്തിന്റെയും വിതരണ ശൃംഖലയില്‍ 60 ശതമാനത്തിന്റെയും കുറവ് വന്നു. ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അസംഘടിത മേഖലയിലെ ദൈനംദിന വേതനക്കാര്‍, കുടിയേറ്റ തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെയാണ്. ഈ മേഖലയില്‍ 45 ദശലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഹോട്ടല്‍ വ്യവസായ മേഖലയില്‍ 14 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. നിര്‍മ്മാണ മേഖല, ഓട്ടോ മൊബൈല്‍ മേഖല എന്നിവ സ്തംഭനാവസ്ഥയില്‍ ആകും. ഇലക്ട്രോണിക്, കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോ മൊബൈല്‍ തുടങ്ങിയ മേഖലകളില്‍ അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം നേരിടും വ്യവസായവും വാണിജ്യങ്ങളും സ്തംഭനാവസ്ഥയില്‍ എത്തുന്നതുവഴി ചെറുകിട മീഡിയം വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടിവരും. കോവിഡ് വ്യാപനം നമ്മുടെ രാജ്യത്തെയും ഗൗരവമായി ബാധിച്ചുകഴിഞ്ഞുവെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നര ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മൂലം അമേരിക്കയ്ക്ക് 5.8 ബില്യണ്‍, യൂറോപ്യന്‍ യൂണിയന് 15.6 ബില്യണ്‍, ജപ്പാന് 5.2 ബില്യണ്‍, സൗത്ത് കൊറിയ 3.8 ബില്യണ്‍ ഡോളറുകളുടെയും വ്യാപാര നഷ്ടം ഉണ്ടായി. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്ക് ഉണ്ടായ നഷ്ടം ചെറുതാണ്. ഏകദേശം 348 മില്യണ്‍ ഡോളറിന്റെ (2,662 കോടി രൂപ) വ്യാപാരനഷ്ടമാണ് നമുക്ക് ഉണ്ടായത്. ഈ രാജ്യങ്ങളെല്ലാം തന്നെ വലിയ ഉത്തേജക പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക ഒന്നര ട്രില്യണ്‍, ഇംഗ്ലണ്ട് 900 ബില്യണ്‍, ഡെന്മാര്ക്ക് 50 ബില്യണ്‍ ഡോളറുകളുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ മോഡി സര്‍ക്കാരിന്റെ ധനകാര്യ പാക്കേ് 1.7 ലക്ഷം കോടി രൂപയില്‍ ഒതുങ്ങി എന്നത് തികച്ചം ദൗര്‍ഭാഗ്യകരമാണ്.
കഴിഞ്ഞ വര്‍ഷം 2.4 ലക്ഷം കോടിയുടെ കോര്‍പ്പറേറ്റുകളുടെ കിട്ടാകടം എഴുതിത്തള്ളി. ആ തുക പോലും രാജ്യം വറുതിയിലായ ഘട്ടത്തില്‍ പാക്കേജായി പ്രഖ്യാപിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായില്ല. സാമ്പത്തിക പാക്കേജില്‍ പ്രഖ്യാപിച്ച, മാസന്തോറും അഞ്ച് കിലോ ഗ്രാം ധാന്യത്തിന് പകരം 10 കിലോഗ്രാം ആയി വര്‍ധിപ്പിക്കണം. ഇത് പൊതുവിതരണ സമ്പ്രദായം വഴി സാര്‍വത്രികമായി വിതരണം ചെയ്യണം. എഫ്സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന 58 മില്യണ്‍ ടണ്‍ ധാന്യം ഇതിനായി ഉപയോഗിക്കാവുന്നതാണ്. നമ്മുടെ രാജ്യത്ത് 38 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉണ്ട്. ഇത് പ്രയോജനപ്പെടുത്തി തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെ സഹായിക്കാനായി ഒരു നിശ്ചിത തുക നേരിട്ട് കുറച്ചു മാസത്തേക്ക് നല്‍കാവുന്നതാണ്. ഇതിന് പിഎം കിസാന്‍ പദ്ധതിയുടെ 75,000 കോടി രൂപ പ്രയോജനപ്പെടുത്താവുന്നതാണ്. ഗ്രാമീണ മേഖലയില്‍ ഉത്തേജനം കൊണ്ടുവരാന്‍ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കേണ്ടതാണ്. കാര്‍ഷികവൃത്തി തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തണം. തൊഴിലുറപ്പ് പദ്ധതിയും പിഎം സഡക്ക് യോജനയും റോഡ്-പാലം പദ്ധതിയും സംയോജിപ്പിച്ച് ഈയിനത്തില്‍ നീക്കിവച്ചിരിക്കുന്ന 1.5 ലക്ഷം കോടി രൂപ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഗ്രാമീണ റോഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. വ്യവസായ – വാണിജ്യമേഖലയില്‍ വന്‍കിട‑ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ വായ്പകള്‍ അനുവദിക്കണം. എല്ലാത്തരം ബാങ്ക് വായ്പകള്‍ക്കും കുറച്ച് മാസത്തേക്ക് പലിശ ഒഴിവാക്കണം. എല്ലാ തിരിച്ചടവുകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിക്കണം. സമഗ്രമായ ഒരു സാമ്പത്തിക പാക്കേജിലൂടെ മാത്രമേ വരാന്‍പോകുന്ന ദുരന്തത്തെ അതിജീവിക്കാന്‍ കഴിയുകയുള്ളു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കേരളം സ്വീകരിച്ച നടപടികളെ നമ്മുടെ രാജ്യത്തെ മുഴുവന്‍ സാമൂഹ്യ‑സാമ്പത്തിക വിദഗ്ധരും അഭിനന്ദിക്കുകയാണ്. രണ്ടു മാസത്തിനുള്ളില്‍ 20,000 കോടി രൂപ ജനങ്ങളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. 15 കിലോഗ്രാം ഭക്ഷ്യധാന്യം പൊതുവിതരണ സമ്പ്രദായം വഴി സാര്‍വത്രികമായാണ് വിതരണം ചെയ്യുന്നത്.
ഏകദേശം എൺപതുലക്ഷത്തോളം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സംസ്ഥാനത്തെ അഞ്ചു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തു. ഓരോരുത്തര്‍ക്കും കുറഞ്ഞത് 8500 രൂപ വീതം 52 ലക്ഷം പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. അടച്ചുപൂട്ടലിന്റെ കാലത്ത് പട്ടിണി ഒഴിവാക്കാന്‍ സംസ്ഥാനത്തുടനീളം സാമൂഹ്യ അടുക്കള എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കി. ലോക്ഡൗണ്‍ കാലത്ത് ജനങ്ങളില്‍ പണമെത്തിക്കാനും പട്ടിണി ഒഴിവാക്കാനും കേരള സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണ്. രാജ്യം അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് കോവിഡ് എന്ന മഹാമാരി എത്തിയത്. കോവിഡിനെ പ്രതിരോധിക്കാനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സമ്പദ്വ്യവസ്ഥ പൂര്‍ണമായും സ്തംഭനാവസ്ഥയിലായി. ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന സാമ്പത്തിക പദ്ധതികള്‍ക്കൊപ്പം സാമ്പത്തിക ഉത്തേജക പാക്കേജുകളും ആവശ്യമാണ്. സമഗ്രമായ ഒരു ഉത്തേജക പാക്കേജ് ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രശ്നത്തിന്റെ ആഴം മനസിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിരൂക്ഷമായ പ്രതിസന്ധിയായിരിക്കും നമ്മുടെ രാജ്യം നേരിടാന്‍ പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.