Web Desk

ദേവരിയ

April 01, 2020, 9:09 pm

ലോക്ഡൗണിൽ പിറന്നവൻ ‘ലോക്ഡൗൺ’

Janayugom Online

കൊറോണ വ്യാപനം ലോകത്തെയാകെ ലോക്ഡൗണിൽ തളച്ചിട്ടിരിക്കുന്ന വേളയിൽ ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ പിറന്ന കുട്ടിക്ക് വീട്ടുകാർ ‘ലോക്ഡൗൺ’ എന്ന് പേരിട്ടു. യുപിയിലെ ദേവരിയ ജില്ലയിലെ ഖുകുംദൂ എന്ന ഗ്രാമത്തിൽ പിറന്ന ആൺകുട്ടിക്കാണ് ലോക്ഡൗൺ എന്ന പേരിട്ടിരിക്കുന്നത്.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനിടെയാണ് ഇവൻ പിറന്നത്. ‘കൊറോണയെന്ന മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനായി ലോക്ക് ഡൗൺ നടപ്പിലാക്കിയതിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. ലോക്ഡൗൺ ദേശതാത്‌പര്യത്തിന് വേണ്ടിയുള്ളതാണ്. അതിനാലാണ് ഞങ്ങൾ ഇവന് ആ പേര് നൽകിയിരിക്കുന്നത്.’ വീട്ടുകാർ പറയുന്നു. കുടുംബത്തിനേക്കാൾ പ്രാധാന്യം ഇപ്പോൾ രാജ്യതാല്പര്യങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അതിനാൽ ലോക്ഡൗൺ കഴിയാതെ കുഞ്ഞിനെ കാണാൻ എത്തരുതെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്ഡൗൺ പിൻവലിച്ചതിന് ശേഷമെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകൾ നടത്തുകയുള്ളൂവെന്നും ബന്ധുക്കൾ പറഞ്ഞു. ജനതാ കർഫ്യു ആചരിച്ച സമയത്ത് ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ പിറന്ന പെൺകുഞ്ഞിന് ബന്ധുക്കൾ കൊറോണയെന്ന് പേരിട്ടിരുന്നു.

you may also like this video