കോവിഡ് മഹാമാരിയെയും ലോക്ഡൗൺ പ്രഖ്യാപിച്ചതിനെയും തുടർന്ന് നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് മെയ് നാലിന് പ്രതിഷേധം സംഘടിപ്പിക്കുന്നതിന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ലോക്ഡൗണിനെ തുടർന്ന് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് നിരുപാധികമായി ആശ്വാസ നടപടികൾ എത്തിക്കുക, ഇവരെ ഉടൻ നാട്ടിലെത്തിക്കുന്നതിന് പ്രത്യേക തീവണ്ടികൾ അനുവദിക്കുക, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുക, കോവിഡ് പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാനങ്ങൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കുക, കുടിശ്ശിക തുകകൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
പാർട്ടി ഓഫീസുകൾ, ഭവനങ്ങൾ എന്നിവിടങ്ങളിൽ പാർട്ടി പതാകകളും പ്ലക്കാർഡുകൾ, പോസ്റ്ററുകൾ എന്നിവയും ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. ലോക്ഡൗൺ ചട്ടങ്ങൾക്ക് അനുസൃതമായാണ് പ്രതിഷേധം സംഘടിപ്പിക്കേണ്ടതെന്നും ലോക്ഡൗൺ നിബന്ധനകൾ അനുവദിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പ്രതിഷേധം സംഘടിപ്പിക്കാവൂ എന്നും ദേശീയ സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏറ്റെടുത്തതിന്റെ ഫലമായി സംസ്ഥാനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കണം. കൂടാതെ ചരക്കു സേവന നികുതി വിഹിതം ഉൾപ്പെടെയുള്ള എല്ലാ കുടിശ്ശികകളും കൊടുത്തുതീർക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കാൾ മാക്സിന്റെ 202ാം ജന്മ വാർഷിക ദിനമായ മെയ് അഞ്ചിന് ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമാകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കാനും സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.