ഇസ്രയേലിൽ കോവിഡിന്റെ രണ്ടാം തരംഗം; വീണ്ടും ലോക്ഡൗൺ

Web Desk

ടെൽ അവിവ്

Posted on September 20, 2020, 10:07 am

കോവിഡ് വ്യാപനനിരക്കിൽ വൻ വർധന രേഖപ്പെടുത്തിയതോടെ ഇസ്രയേലിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ കാര്യമായ നടപടികളെടുക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.

ജൂത വർഷാരംഭത്തിന് മണിക്കൂറുകൾ മാത്രം നിൽക്കെയാണ് ഇന്നലെ മുതൽ രാജ്യത്ത് മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രാബല്യത്തിൽ വന്നത്. ലോക്ഡൗൺ അല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
രാജ്യത്ത് അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ടെൽ അവിവിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധം നടത്തി. അഴിമതി ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടും രാജ്യത്ത് വൻ പ്രതിഷേധങ്ങൾ നടന്നുവരികയാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥതയും സാമ്പത്തിക ഉത്തേജ പാക്കേജുകളുടെ അപര്യാപ്തതയുമെല്ലാം നെതന്യാഹുവിനെതിരെ പ്രതിഷേധങ്ങൾ വർധിപ്പിക്കാനുള്ള കാരണമായി മാറി. 1,70,000 കോവിഡ് കേസുകളും 1,150 കോവിഡ് മരണങ്ങളുമാണ് ഇസ്രയേലിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന കോവിഡ് കേസുകൾ 5000 ആയി വർധിക്കുകയാണെന്നാണ് ആരോഗ്യവിഭാഗം നൽകുന്ന മുന്നറിയിപ്പ്.

Eng­lish sum­ma­ry: lock­down in Israel
You may also like this video: