അനിൽകുമാർ ഒഞ്ചിയം

കോഴിക്കോട്

April 20, 2020, 4:51 pm

ലോക്ഡൗൺ; ജീവിതം വഴിമുട്ടി നാടക പ്രവർത്തകര്‍, ‘നാടകപ്രവർത്തകരുടെ ഉന്നമനത്തിന് പദ്ധതികൾ വേണം’ മനോജ് നാരായണൻ

Janayugom Online

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ ജീവിതം വഴിമുട്ടിയവരിൽ സംസ്ഥാനത്തെ നാടകപ്രവർത്തകരും. പ്രൊഫഷണൽ-അമേച്വർ നാടകരംഗത്തെ ആയിരക്കണക്കിന് കലാകാരൻമാരും അണിയറപ്രവർത്തകരുമാണ് കഴിഞ്ഞ രണ്ടുമാസക്കാലമായി ദുരിതത്തിലായിരിക്കുന്നത്. പൊതുവിൽ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന നാടക രംഗം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സമ്പൂർണ്ണമായും നിശ്ചലമായിരിക്കുകയാണ്. ഡിസംബർ മുതൽ മെയ് വരെയുള്ള ആറുമാസക്കാലമാണ് സാധാരണയായി പ്രൊഫഷണൽ നാടകത്തിന്റെ സീസൺ. നാട്ടിൻപുറങ്ങളിലെ കലാ-സാസംസ്കാരിക വേദികളിലും ക്ഷേത്രോത്സവങ്ങളിലുമെല്ലാമായി നാടകം അരങ്ങുതകർക്കേണ്ടകാലത്താണ് കോവിഡ് ഭീതി നാടിനെ പിടിമുറുക്കിയത്. ഒപ്പം അടച്ചുപൂട്ടൽ പ്രഖ്യാപനംകൂടി വന്നതോടെ നാടക ട്രൂപ്പുകൾക്ക് നേരത്തെ ബുക്കുചെയ്ത വേദികളെല്ലാം ഒഴിവാക്കേണ്ടിവരികയായിരുന്നു.

ഇനി നാടക ബുക്കിംഗ് എപ്പോഴേക്ക് ആരംഭിക്കണമെന്നകാര്യത്തിൽപോലും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഈ സീസണിൽ ഇനി നാടകം അവതരിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. സീസൺകാലത്തെ തുച്ഛമായ വരുമാനമാണ് ഒരുവർഷക്കാലം മുഴുവൻ നാടകപ്രവർത്തകരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. നാടകരംഗത്ത് പ്രവർത്തിക്കുന്നവരിൽ ബഹുഭൂരിപക്ഷംപേരും ഈ വരുമാനം ഒന്നുകൊണ്ടുമാത്രമാണ് ജീവിക്കുന്നത്. മാർച്ച് മാസം മുതൽ മെയ് വരെ ബുക്ക്ചെയ്ത നാടകങ്ങളെല്ലാം ഇതിനകം സംഘാടകർതന്നെ ഒഴിവാക്കിയിട്ടുണ്ട്. മഴക്കാലം തുടങ്ങിയാൽ നാടകപ്രവർത്തകരെല്ലാം പുതിയനാടകത്തിന്റെ പണിപ്പുരയിലായിരിക്കും. അതും മാറിയ സാഹചര്യത്തിൽ എങ്ങിനെ ആരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.

മറ്റെല്ലാ മേഖലയിലുമെന്നപോലെ നാടകരംഗവും ഈ കോവിഡ് വ്യാപനകാലത്ത് വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും നാടകപ്രവർത്തകരെ സഹായിക്കുന്നതിന് സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും പ്രമുഖ നാടകപ്രവർത്തകനും സംവിധായകനുമായ മനോജ് നാരായണൻ പറയുന്നു. സാമൂഹ്യഅകലം പാലിക്കേണ്ടതിനാൽ പുതിയ നാടകങ്ങൾ ഒന്നും ഈ സാഹചര്യത്തിൽ പൂർത്തിയാക്കാൻ കഴിയില്ല. കേരളത്തിലെ മിക്ക പ്രൊഫഷണൽ നാടക ട്രൂപ്പുകൾക്കും 70 ഉം 80 ഉം വേദികൾ വരെയുള്ളപ്പോഴാണ് നാട് കോവിഡ് വ്യാപന ഭീതിയിലായത്. അത്തരം വേദികളൊന്നും ഈ സീസണിൽ ഇനി ലഭിക്കില്ല. സീസൺ കഴിഞ്ഞ് വല്ലവേദികളും ലഭിച്ചാൽ തന്നെ പഴയ നാടകങ്ങൾ അവതരിപ്പിക്കേണ്ടിവരും. നാടകപ്രവർത്തകർമാത്രമല്ല മറ്റെല്ലാ കലാകാരൻമാരുടെയും അവസ്ഥ ഇതുതന്നെയാണ്. ഈ ഒരുസാഹചര്യത്തിൽ മറ്റുമേഖലയിലുള്ളവർക്ക് അനുവദിക്കുന്നതരത്തിൽ സർക്കാർ സഹായം കലാകാരൻമാർക്കുകൂടി അനുവദിക്കുന്നതിന് സത്വര നടപടിയുണ്ടാകണമെന്നും മനോജ് നാരായണൻ ആവശ്യപ്പെടുന്നു.

കേരളത്തിന്റെ രാഷ്ട്രീയ‑സാമൂഹിക മുന്നേറ്റത്തിൽ നിർണായക പങ്കാണ് കെ പി എ സി പോലുള്ള നാടക പ്രസ്ഥാനങ്ങൾ വഹിച്ചിട്ടുള്ളത്. മുമ്പുകാലത്ത് ഏറെ ജനകീയമായിരുന്ന നാടക കല ഇന്ന് പ്രതിസന്ധികളുടെ നടുവിലാണ്. നല്ലനാടകങ്ങൾക്ക് എന്നും കാണികളുണ്ട്. എന്നാൽ ആവശ്യത്തിന് വേദികൾ ലഭിക്കുന്നില്ലെന്നതാണ് നാടകരംഗം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധി. മുമ്പ് കാലങ്ങളിൽ ഒരുസീസണിൽ 300 ൽ പരം വേദികൾ ലഭിച്ച് നാടകട്രൂപ്പുകൾ വരെയുണ്ട്. എന്നാൽ ഇന്ന് പ്രമുഖ ട്രൂപ്പുകൾക്കുപോലും പരമാവധി 150 വേദികൾവരെ മാത്രമേ ലഭിക്കാറുള്ളൂ. ഇങ്ങിനെ ലഭിക്കുന്ന വരുമാനമാണ് മുഴുവൻസമയ കലാകാരൻമാരുടെ ഏക ആശ്രയം. കോവിഡ് വ്യാപനം സമൂഹത്തിനേൽപ്പിച്ച മുറിവ് ഉണങ്ങാൻ കാലമേറെവേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ കലാ-സാംസ്കാരിക പരിപാടികൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ടാകാം. ഇതെല്ലാം കലാപ്രവർത്തകരുടെ അവസരമാണ് ഇല്ലാതാക്കുക. ജനങ്ങളെ ഏറ്റവുമേറെ ആകർഷിക്കുന്ന കലാരൂപമെന്ന നിലയിൽ നാടകത്തിന് വലിയ പരിഗണന നൽകുന്നതോടൊപ്പം നാടകപ്രവർത്തകരുടെ ഉന്നമനത്തിനും പദ്ധതികൾ വേണമെന്നും മനോജ് നാരായണൻ ആവശ്യപ്പെടുന്നു.

you may also like this video;