ഇവര്‍ക്ക് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്‌ഡൗണില്‍ ഇളവ്

Web Desk

തിരുവനന്തപുരം

Posted on June 13, 2020, 2:14 pm

ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണിൽ വിദ്യാർത്ഥികൾക്കും ആരാധനാലയങ്ങളിലേക്ക് പോകുന്ന ഭക്തർക്കും യാത്രാ ഇളവ്. വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർ, പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ, ദന്തൽ കോളജുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവേശനത്തിന് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ എന്നിവർക്കാണ് ഇളവനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

പരീക്ഷയെഴുതാനും പരീക്ഷാ നടത്തിപ്പിന് പോകുന്നവർക്കും അവരുടെ അഡ്മിറ്റ് കാർഡും തിരിച്ചറിയൽകാർഡും ഉപയോഗിച്ച് യാത്ര നടത്താം. അലോട്ട്മെന്റ് ലഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനത്തിന് പോകുന്നവർക്ക് അവരുടെ അലോട്ട്മെന്റ് ലെറ്റർ പാസായി കണക്കാക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് എട്ടാം തീയതി മുതൽ ആരാധനാലയങ്ങളിലെ പ്രാർത്ഥനയ്ക്കുള്ള വിലക്ക് നീക്കിയിരുന്നു. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്.

ഈ സാഹചര്യങ്ങളിൽ സമ്പൂർണ ലോക്ഡൗണിന്റെ കാര്യത്തിൽ ആശയകുഴപ്പങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവർക്കും പരീക്ഷയ്ക്ക് പോകുന്നവർക്കും സമ്പൂർണ ലോക്ഡൗണിൽ ഇളവ് നൽകിയത്. അതേസമയം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ തുറക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കായി വാഹനമോടിക്കുന്നതിനും ഇളവ് ഇല്ല.

you may also like this video;