സരിത കൃഷ്ണൻ

കോട്ടയം

June 20, 2020, 9:18 pm

ലോക് ഡൗണിൽ മഞ്ഞളിന് നല്ലകാലം

Janayugom Online

ലോക് ഡൗണിൽ മഞ്ഞളിന് നല്ലകാലം. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുതകുന്ന സാമഗ്രികൾക്ക് ആവശ്യക്കാരേറിയതോടെയാണ് ഏറെ പിന്നാക്കം നിന്നിരുന്ന മഞ്ഞൾ വിപണി സജീവമാകുന്നത്. കോവിഡിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ശരീരത്തിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആഹാരം ഉൾപ്പെടെയുള്ള ശീലം ഉണ്ടാക്കിയെടുക്കണമെന്ന് ആരോഗ്യപ്രവർത്തകരടക്കം നിരന്തരം ചൂണ്ടിക്കാട്ടിയിരുന്നു.

ആയുർവേദ വകുപ്പ് പുറത്തിറക്കിയ ലഘുലേഖകളിലടക്കം മഞ്ഞൾ അടങ്ങുന്ന പലവിധ പാനീയങ്ങളും മറ്റും ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും എന്ന ക്യാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി ഫംഗൽ ഘടകങ്ങൾ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതായി മുമ്പും പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിടക്കം വ്യാപകമായത് മഞ്ഞളിന് വിപണിയിൽ ഉണർവുണ്ടാക്കിയെന്ന് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ ജി ജയലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.

ലോക്ക്ഡൗൺ കാലത്ത് കൃഷി ചെയ്യുന്നവർ വർദ്ധിച്ചതും മഞ്ഞളിന്റെ ഔഷധ ഗുണവും വിപണിയിൽ മഞ്ഞളിന്റെ വില വർദ്ധിക്കാനിടയാക്കിയിട്ടുണ്ട്. ഒരു കാലത്ത് ഹൈറേഞ്ചിൽ സജീവമായിരുന്ന മഞ്ഞൾ കൃഷി വിലയിടിഞ്ഞതോടെ പലരും ഉപേക്ഷിച്ചിരുന്നു. വിപണിയിൽ 20 രൂപ മാത്രമായിരുന്ന പച്ചമഞ്ഞളിന് ഇപ്പോൾ 50 രൂപ മുതൽ 70 രൂപ വരെ വില ലഭിക്കുന്നുണ്ട്. ഉണങ്ങിയ മഞ്ഞളിന് 200 രൂപ വരെ കിലോയ്ക്ക് വിലയുണ്ട്. നാടൻ മഞ്ഞളിനാണ് ആവശ്യക്കാരേറെ.

കാര്യമായ കീടബാധയുണ്ടാകാത്തത് മൂലം നടീൽ വസ്തുവായി നാടൻ മഞ്ഞളിനോടാണ് കർഷകർക്കും താൽപ്പര്യം. റബ്ബറിന് ഇടവിളയായി കൃഷി ചെയ്തിട്ടും മോശമല്ലാത്ത വിളവാണ് തനിക്ക് ലഭിച്ചതെന്ന് കർഷകനായ എബി ഐപ് ചൂണ്ടിക്കാട്ടുന്നു. മഞ്ഞൾ കൃഷി വ്യാപകമല്ലാതിരിക്കുന്ന കാലത്ത് പലരും കൃഷിയിലേക്ക് തിരിഞ്ഞതോടെ മഞ്ഞളിന്റ വിത്ത് ലഭിക്കുന്നതിന് കർഷകർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

eng­lish sum­ma­ry: lock­down time become gold­en age of Turmeric

you may also like this video: