അനിൽകുമാർ ഒഞ്ചിയം

കോഴിക്കോട്

March 25, 2020, 8:16 pm

ലോക്ക് ഡൗൺ; ചരക്കുനീക്കം വൈകുന്നത് പച്ചക്കറി വിപണിയെ പ്രതികൂലമായി ബാധിക്കുന്നു

Janayugom Online

രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സർക്കാർ ത്വരിതപ്പെടുത്തി. കടകൾ നിയന്ത്രണ വിധേയമായി തുറന്നു പ്രവർത്തിക്കണമെന്ന നിർദ്ദേശം നഗര‑ഗ്രാമ വ്യത്യാസമില്ലാതെ പാലിക്കപ്പെടുന്നുണ്ടെങ്കിലും പലയിടത്തും സാധനങ്ങളുടെ അപര്യാപ്തത പ്രശ്നമാകുന്നുണ്ട്. ചെറുകിട കച്ചവടക്കാർക്ക് മൊത്തവിപണന കേന്ദ്രങ്ങളിൽ നിന്നും ആവശ്യത്തിന് സാധനങ്ങൾ ലഭിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. അതിർത്തികളിലെ നിയന്ത്രണം ശക്തമായതോടെ ചരക്കുനീക്കം വൈകുന്നതാണ് മൊത്തവിതരണ കേന്ദ്രങ്ങളിൽ അവശ്യസാധനങ്ങൾക്ക് കാലതാമസം നേരിടുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വരവും ഏതാനും ദിവസങ്ങളിലായി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് മുതലെടുത്ത് കൊള്ളലാഭം കൊയ്യാൻ ചില ഇടനിലക്കാർ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ആവശ്യത്തിന് പച്ചക്കറികൾ ലഭിക്കാതായതോടെ വിലകൂട്ടി വില്പന നടത്തുന്നതിനായി നീക്കം നടക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വലിയ ഉള്ളി ഉൾപ്പെടെയുള്ള പച്ചക്കറി സാധനങ്ങൾക്ക് പൊതുവിപണിയിൽ വിലയേറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ കിലോഗ്രാമിന് 30 രൂപയുണ്ടായിരുന്ന വലിയ ഉള്ളിക്ക് ഇന്ന് പലയിടത്തും 45 രൂപവരെയായിരുന്നു ചില്ലറ വില്പന വില. 60 രൂപയുണ്ടായിരുന്ന ചെറിയഉള്ളിക്ക് 95 രൂപയും 28 രൂപയുണ്ടായിരുന്ന പച്ചമുളകിന് 45 രൂപയുമായി. വെളുത്തുള്ളിക്ക് 30 രൂപ വർധിച്ച് 120 രൂപയായി. 20 രൂപയിൽ താഴെമാത്രം വിലയുണ്ടായിരുന്ന തക്കാളിക്ക് പലയിടത്തും 40 രൂപവരെയായിരുന്നു ഇന്നത്തെ വില. ഉരുളക്കിഴങ്ങിന് 12 രൂപ വർധിച്ച് 40 രൂപയായി. കാരറ്റ്, ബീൻസ്, ഇഞ്ചി, ബീറ്റ് റൂട്ട്, വെണ്ടയ്ക്ക, കാബേജ് തുടങ്ങിയവയ്ക്കെല്ലാം കിലോയ്ക്ക് 10 രൂപ മുതൽ 20 രൂപവരെ വില വർധിപ്പിച്ചിട്ടുണ്ട്.

പ്രതിസന്ധി മുതലെടുത്ത് അന്യസംസ്ഥാനങ്ങളിലെ ഇടനിലക്കാരായ മൊത്തക്കച്ചവടക്കാർ വിലകൂട്ടുന്നതാണ് ഇത്തരത്തിൽ വില വർധിപ്പിക്കേണ്ടിവരുന്നതെന്നാണ് ചെറുകിട കച്ചവടക്കാർ വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടിൽനിന്നും മറ്റ് ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള പച്ചക്കറി വരവ് ഇനിയും വൈകിയാൽ വരും ദിവസങ്ങളിൽ വില വർധിക്കുമെന്നു തന്നെയാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്. ചരക്കുലോറികൾ വാടകനിരക്ക് ഇരട്ടിയോളം വർധിപ്പിച്ചതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. മൊത്തവിപണിയിൽ നേരിടുന്ന വർധനവിന്റെ ഇരട്ടിയോളമാണ് ചെറുകിട കച്ചവടക്കാർ ഉപഭോക്താക്കളിൽനിന്നും ഈടാക്കുന്നത്.

പച്ചക്കറിവില പിടിച്ചുനിർത്തുന്നതിന് ഹോർട്ടി കോർപ്പ് ഉൾപ്പെടെയുള്ള പൊതുവിതരണ സംവിധാനങ്ങളിലൂടെ ന്യായവിലയ്ക്ക് പച്ചക്കറികൾ വില്പന നടത്തുന്നതിനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇത്തരം കേന്ദ്രങ്ങളിലേക്കും ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. പച്ചക്കറി ലോറികൾ അതിർത്തി ചെക്കുപോസ്റ്റുകളിലെ കർശന പരിശോധനയെത്തുടർന്ന് വൈകുകയാണ്. നൂറുകണക്കിന് ലോറികൾ ഇത്തരത്തിൽ അതിർത്തി ചെക്ക്പോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഈ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ നീക്കം ത്വരിതപ്പെടുത്തുന്നതിന് സർക്കാർ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ കർശന ഇടപെടലുകളെത്തുടർന്ന് പലവ്യഞ്ജനങ്ങളുടെ വില പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ പ്രതികൂല സാഹചര്യം മുതലെടുത്ത് വിലകയറ്റിയാൽ അത്തരം കച്ചവടക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. സപ്ലൈകോ കൺസ്യൂമർ ഫെഡ് ഉൾപ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലൂടെയും സഹകരണ സ്റ്റോറുകളിലൂടെയും സബ്സിഡി നിരക്കിൽ പലവ്യഞ്ജനങ്ങൾ വിതരണം ചെയ്തുവരുന്നുണ്ട്. റേഷൻ കടകൾ വഴി എല്ലാ കാർഡ് ഉടമകൾക്കും സൗജന്യനിരക്കിൽ 15 കിലോ അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യുന്നതിനുള്ള നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടി പ്രാവർത്തികമാകുന്നതോടെ അവശ്യസാധനങ്ങളുടെ ദൗർലഭ്യം പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്.