ന്യൂഡല്‍ഹി

റെജി കുര്യന്‍

April 05, 2020, 9:39 pm

ലോക്ഡൗൺ നീളും; ഇളവുകൾ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ

Janayugom Online

കോവിഡ് പ്രതിരോധ നടപടികൾക്കായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാർ. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവയെ ലോക്ഡൗണിന്റെ പരിധിയില്‍ കൊണ്ടുവന്ന കേന്ദ്രം ഇതില്‍ ഇളവുകള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് സംബന്ധിച്ച വിലയിരുത്തലുകള്‍ സംസ്ഥാനങ്ങള്‍ നടത്തി അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനു നല്‍കുന്ന വിവരങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും അവലോകനത്തിനു ശേഷമാകും ലോക്ഡൗണ്‍ സംബന്ധിച്ച കാര്യത്തില്‍ കേന്ദ്രം അന്തിമ തീരുമാനമെടുക്കുക. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത് വിളവെടുപ്പു കാലമാണ്. ഇത് കണക്കിലെടുത്ത് കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോക്ഡൗണില്‍നിന്നും ഇളവ് അനുവദിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. വിളവെടുപ്പ് സുഗമമായി നടത്താന്‍ എല്ലാ പിന്തുണയും നല്‍കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് രംഗത്ത് എത്തിയിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിതന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. കാര്‍ഷിക മേഖലയ്ക്ക് ഇളവും പിന്തുണയും നല്‍കുമ്പോള്‍ ട്രാക്ടറും ട്രക്കും അവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വര്‍ക്‌ഷോപ്പുകളും അനുബന്ധ സംഗതികള്‍ക്കും ലോക്ഡൗണില്‍ നിന്നും ഇളവു നല്‍കേണ്ടതുണ്ട്.
കോവിഡ് ഹോട്ട് സ്‌പോട്ടുകളല്ലത്ത മേഖലകളില്‍ വ്യവസായ‑വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനൊപ്പം കോവിഡ് ബാധിത മേഖലകളെ പൂര്‍ണ്ണമായും ക്വാറന്റൈനിലാക്കാനും അതിനു വേണ്ട പിന്തുണയും സഹായവും സംസ്ഥാനങ്ങളില്‍നിന്നും നേടാനുമുള്ള നടപടികളാണ് കേന്ദ്രം സ്വീകരിച്ചു വരുന്നത്. രാജ്യത്ത് ഇതുവരെ കോവിഡ് വ്യാപനം നഗര കേന്ദ്രീകൃതമായിരുന്നെങ്കില്‍ നിസാമുദ്ദീന്‍ മര്‍ക്കസ് പരിപാടിയുടെ ബാക്കിയായി അത് ഗ്രാമീണ‑ചേരി പ്രദേശങ്ങളിലേക്കു കൂടി വ്യപിച്ചത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ പനിയാല ഗ്രാമത്തിലും മഹാരാഷ്ട്രയിലെ ചേരി പ്രദേശമായ ധാരാവിയിലും ഡല്‍ഹിയിലെ ചേരികളിലും കോവിഡ് പിടിമുറുകിയത് മര്‍ക്കസ് പരിപാടിക്കു ശേഷമായിരുന്നു.

you may also like this video;

നഗര മേഖലയെ ക്വാറന്റൈന്‍ സംവിധാനത്തില്‍ പൂട്ടികെട്ടാന്‍ കഴിയുമ്പോള്‍ ഗ്രാമീണ മേഖലയില്‍ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ്. ഇടുങ്ങിയ മുറികളും ഗലികളും ക്വാറന്റൈന് വെല്ലുവിളിയാണെന്നത് സര്‍ക്കാരിനെ കുഴയ്ക്കുന്ന സംഗതിയാണ്.
മാര്‍ച്ച് 24നാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ നഗരം വിട്ട് ഗ്രാമങ്ങളിലേക്ക് കൂട്ടത്തോടെ പാലായനം ചെയ്തു. സ്വന്തം ഗ്രാമങ്ങളിലേക്കു പോയ ഈ തൊഴിലാളികള്‍ക്കൊപ്പം കോവിഡ് രോഗവും രാജ്യത്തെ ഗ്രാമീണ മേഖലയിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനം രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ സംഖ്യയില്‍ വന്‍ വര്‍ധനവാണ് വരുത്തിയത്.

മര്‍ക്കസ് ഒഴിപ്പിക്കലില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ ഇതിനിടെ നിരീക്ഷണത്തിലാക്കി. രാജ്യത്തെ കോവിഡ് ബാധിതരുടെ സംഖ്യയില്‍ പൊടുന്നനെയുണ്ടായ വര്‍ദ്ധനയില്‍ 30 ശതമാനം കേസുകളും നിസാമുദ്ദീന്‍ പരിപാടിയില്‍ പങ്കെടുത്തവരാണ്. പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്നും കൂടുതല്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ 17 സംസ്ഥാന സര്‍ക്കാരുകളാണ് കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നത്. സാഹചര്യം വിലയിരുത്താൻ നീതി ആയോഗ് ഇന്നലെ യോഗം ചേര്‍ന്നു. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി, പ്രതിഭാ പാട്ടീല്‍ മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച് ഡി ദേവഗൗഡ, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവരുമായി പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ച നടത്തി.

വിളവെടുപ്പ് പ്രതിസന്ധിയിൽ

കാര്‍ഷികമേഖലയിൽ വിളവെടുപ്പ്, സംഭരണം, വിപണനം എല്ലാം ലോക്ഡൗണ്‍ പരിധിയില്‍നിന്നും നീക്കിയില്ലെങ്കില്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കും കര്‍ഷകരുടെ ആത്മഹത്യക്കുമാകും അത് വഴിവെയ്ക്കുക. ഇത് കണക്കിലെടുത്താണ് പുതിയ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം മുന്നോട്ടു വന്നിരിക്കുന്നത്.കേരളത്തില്‍ തൊടുപുഴയിലെ കന്നാരവും മൂന്നാറിലെ സ്‌ട്രോബറിയും വടക്കേ ഇന്ത്യയിലെ ഗോതമ്പും ബാര്‍ലിയും കടുകും തണ്ണിമത്തനും എല്ലാം ഇത്തരത്തില്‍ വിളവെടുപ്പിനായി തയ്യാറായി നില്‍ക്കുന്ന കാര്‍ഷിക വിളകളാണ്.
അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും മുന്‍ഗണനാ ക്രമം സംസ്ഥാനങ്ങള്‍ നിശ്ചയിക്കുക എന്നതാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നിലപാട്. ഒരേ സമയം കോവിഡ് പ്രതിരോധവും ഒപ്പം ജനജീവിതവും മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികളാണ് കേന്ദ്രം തേടുന്നത്.

സമ്പദ്ഘടനയെ തളർത്തും

ലോക്ഡൗണ്‍ അധികകാലം നീണ്ടാല്‍ രാജ്യത്തിന്റെ മോശമായ സമ്പദ്ഘടനയെ വീണ്ടും തളര്‍ത്തും എന്ന വിലയിരുത്തലാണ് കേന്ദ്രസർക്കാരിന്റേത്. ഇതിനു പുറമെ രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടവും വര്‍ധിക്കും എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി തന്നെ പൊതു മേഖലാ ബാങ്കുകളിലേക്ക് മൂലധന നിക്ഷേപം നടത്തേണ്ടതുമുണ്ട്. അത്തരത്തില്‍ കേന്ദ്ര സഹായം പൊതു മേഖലാ ബാങ്കുകള്‍ക്ക് ലഭിച്ചില്ലെങ്കില്‍ രാജ്യത്തെ ബാങ്കിങ് മേഖലയുടെ തകര്‍ച്ചയ്ക്കാവും അത് വഴിവെയ്ക്കുക. കേന്ദ്രം പൊതു മേഖലാ ബാങ്കുകളെ സഹായിക്കാന്‍ പുതിയ മൂലധന നിക്ഷേപം നടത്തുമെന്ന സൂചനകള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

you may also like this video;