പി എസ് രശ്‌മി

തിരുവനന്തപുരം

February 16, 2020, 10:20 pm

കുരുന്നുകൾക്ക് വേണം കരുതൽ, സ്വകാര്യ പ്ലേ സ്കൂളുകൾക്ക് കടിഞ്ഞാൺ വീഴും

Janayugom Online

കുരുന്നുകളുടെ മാനസിക വളർച്ചയെ പോലും ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഡേ കെയർ സെന്ററുകൾക്കും പ്ലേ സ്കൂളുകൾക്കും ഉടൻ നിയന്ത്രണം വരും. ഇതിനായി മാർഗനിർദ്ദേശങ്ങൾ അടങ്ങിയ അന്തിമ റിപ്പോർട്ട് അടുത്തയാഴ്ചയോടെ സർക്കാരിന് സമർപ്പിക്കും. വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് മാർഗ രേഖ തയ്യാറാക്കിയത്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കൂണുപോലെ മുളയ്ക്കുന്ന പ്ലേ സ്ക്കൂളുകൾക്ക് കടിഞ്ഞാണിടുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗരേഖയോ, നിയമമോ സിലബസോ, മോണിറ്ററിംഗ് സംവിധാനമോ ലൈസന്‍സിംഗ് സംവിധാനമോ നിലവിലില്ല. കൂട്ടുകുടുംബങ്ങൾ മാറി അണുകുടുംബങ്ങൾ വർധിച്ചത് ഇത്തരം സ്ഥാപനങ്ങള്‍ കൂടുന്നതിന് പ്രധാന കാരണമാവുകയും ചെയ്യുന്നു. ആർക്കും എവിടെയും തുടങ്ങാവുന്ന രീതിയിലാണ് ഇപ്പോഴത്തെ പ്ലേ സ്ക്കൂളുകളുടെ അവസ്ഥ. ഇവയെക്കുറിച്ച് വ്യക്തമായ കണക്കുകളുമില്ല. പലയിടത്തും കുഞ്ഞുങ്ങളുടെ മാനസികവികസന ആവശ്യങ്ങൾ പോലും പരിഗണിക്കുന്നില്ല.

ശിശുസൗഹൃദമല്ലാതെ വെറും കച്ചവട ചിന്താഗതിയോടെ മാത്രം പ്ലേ സ്കൂളുകളെ കാണുന്നവർക്ക് താക്കീതായാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുക. ഇത്തരം ഇടങ്ങളിൽ കുട്ടികളുടെ പ്രവേശനത്തിനും പലയിടത്തും നിയന്ത്രണങ്ങളുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിലുൾപ്പെടെ ഈ വിവേചനം ഉണ്ടാകുന്നുവെന്ന് പരാതിയുണ്ട്. ഒരു കുട്ടിയുടെ ഭാവി നിർണയിക്കുന്ന ഏറ്റവും പ്രധാന പ്രായം ആറ് വയസുവരെയാണ്. ഈ സമയത്ത് അവരുടെ മാനസിക വളർച്ചയ്ക്ക് ആവശ്യമായ രീതിയിലല്ല ഇത്തരം സ്ഥാപനങ്ങളിൽ പലതും പ്രവർത്തിക്കുന്നതെന്നും അടിസ്ഥാനപരമായി വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് മാർഗ രേഖ തയ്യാറാക്കിയിരിക്കുന്നതെന്നും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി വി അനുപമ ജനയുഗത്തോട് പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. ശിൽപ്പശാലയിലെ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ ക്രാഡീകരിച്ച് വീണ്ടും സബ്കമ്മിറ്റി ചർച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിക്കുക.

ഈ ആഴ്ച അവസാനത്തോടെ അവസാനവട്ട അവതരണത്തിന് ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുക. സർക്കാർ അംഗീകരിച്ച ശേഷം വരുത്തേണ്ട മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിക്കൊണ്ടാകും മാർഗരേഖ നടപ്പാക്കുക. സ്വകാര്യ പ്ലേ സ്ക്കൂളുകൾക്ക് നിയന്ത്രണം വരുത്തുന്നതിനൊപ്പം തന്നെ സർക്കാർ അങ്കണവാടികൾക്കൊപ്പം ക്രഷുകളും പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റാനും സർക്കാർ നടപടിയാരംഭിച്ചു കഴിഞ്ഞു. പൈലറ്റടിസ്ഥാനത്തിൽ 15 അങ്കണവാടി കം ക്രഷുകൾക്കാണ് അനുമതി നൽകിയത്. ആറ് മാസം മുതൽ ആറ് വയസ് വരെയുള്ള കുട്ടികളുള്ള പല വീടുകളിലേയും അമ്മമാർ ജോലിക്ക് പോകുന്ന സാഹചര്യത്തിൽ ചെറിയ കുട്ടികളെ പല വീട്ടുകാർക്കും നന്നായി നോക്കാൻ സാധിക്കാതെ വരുന്നുണ്ട്. ഇതിനൊരു പരിഹാരമായാണ് അങ്കണവാടി കം ക്രഷ് തുടങ്ങുന്നത്. ആറ് മാസം മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ മാനസിക വളർച്ച ഉറപ്പാക്കുകയാണ് ഈ പദ്ധതികളിലൂടെയെല്ലാം സർക്കാർ ലക്ഷ്യമിടുന്നത്.

you may also like this video;