‘ബിജെപിയില്‍ നിന്ന് മുമ്പ് തന്നെ അച്ഛൻ രാജിവെക്കണമായിരുന്നു’; സോനാക്ഷി സിൻഹ

Web Desk
Posted on March 30, 2019, 10:35 am

ഡൽഹി: ബിജെപി മുന്‍ എം പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പിന്തുണച്ച് മകളും ബോളിവുഡ് താരവുമായ സൊനാക്ഷി സിന്‍ഹ.

കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം അച്ഛന്റേതാണെന്ന് പറഞ്ഞ സൊനാക്ഷി ബി.ജെ.പിയില്‍ നിന്ന് കുറച്ച് മുമ്പ് തന്നെ അദ്ദേഹം രാജിവെക്കണമായിരുന്നുവെന്നും വൈകിയാണ് ചെയ്തതെന്നും പറഞ്ഞു.
നിങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളില്‍ സംതൃപ്തി ഇല്ലെങ്കില്‍ അവിടെനിന്ന് മാറിനില്‍ക്കുന്നതില്‍ ലജ്ജ തോന്നേണ്ട കാര്യമില്ലെന്ന് സോനാക്ഷി സിന്‍ഹ പറഞ്ഞു. അതാണ് തന്റെ പിതാവ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

ജയപ്രകാശ് നാരായണ്‍, അടല്‍ ബിഹാരി വാജ്‌പേയി, എല്‍കെ അദ്വാനി എന്നിവരുടെ കാലത്ത് പാര്‍ട്ടി അംഗമെന്ന നിലയില്‍ തന്റെ പിതാവിന് വളരെയധികം ബഹുമാനം ലഭിച്ചിരുന്നു. എന്നാല്‍ അവരുടെ കൂട്ടത്തിലുള്ള ആര്‍ക്കുംതന്നെ ഇപ്പോള്‍ അര്‍ഹിക്കുന്ന ആദരവ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്നില്ല എന്നാണ് താന്‍ കരുതുന്നതെന്നും സൊനാക്ഷി സിന്‍ഹ പറഞ്ഞു.

കഴിഞ്ഞ വ്യാഴ്ചയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ദീര്‍ഘനാളത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.