വിരട്ടാന്‍ സിബിഐ, പിരിക്കാന്‍ ബിജെപി

Web Desk
Posted on December 04, 2018, 10:52 pm
  • പ്രവാസി നിക്ഷേപകരെ സാമ്പത്തിക കുറ്റവാളികളായി മുദ്രകുത്തി ബിജെപി ഖജനാവിലേക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ടുപിരിവ്
  • ദുബായില്‍ മാത്രം 5,800 പേര്‍ പിരിവുപട്ടികയില്‍

കെ രംഗനാഥ്

ദുബായ്: ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഖജനാവു നിറയ്ക്കാന്‍ ഗള്‍ഫ് നാടുകളടക്കം ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസി നിക്ഷേപകരെ വിരട്ടാന്‍ മോഡി സര്‍ക്കാര്‍ സിബിഐയേയും കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിനെയും കളത്തിലിറക്കി കളി തുടങ്ങി.
ലോകത്തെ 181 രാജ്യങ്ങളിലായി 1,29,000 ഇന്ത്യന്‍ പ്രവാസി നിക്ഷേപകരുണ്ടെന്നാണ് കണക്ക്. ഇവരില്‍ കള്ളപ്പണ നിക്ഷേപകരുമുണ്ടെങ്കിലും മാന്യമായി ബിസിനസ് നടത്തി വിദേശത്ത് കഴിയുന്നവരേയും സാമ്പത്തിക കുറ്റവാളികളുടെ മുദ്രചാര്‍ത്തി വിരട്ടാനുള്ള പദ്ധതിയാണ് ബിജെപി തയാറാക്കിയിരിക്കുന്നത്.

ദുബായില്‍ മാത്രം ഇപ്രകാരം സിബിഐയുടെ ചാപ്പകുത്തപ്പെട്ട 5,800 പ്രവാസി നിക്ഷേപകരുടെ പട്ടികയാണ് ഇതിനകം തയാറാക്കി പിരിവിന്റെ പൂരമഹോത്സവം തുടങ്ങിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ‘ജനയുഗ’ത്തോടു വെളിപ്പെടുത്തി. ആറു ഗള്‍ഫ് രാജ്യങ്ങളിലായി കാല്‍ ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസി സംരംഭകരുള്ളപ്പോള്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഫണ്ടു ശേഖരണമാണു നടക്കാന്‍ പോകുന്നതെന്നും ഈ വൃത്തങ്ങള്‍ പറയുന്നു. അറിയപ്പെടുന്നവരും മഹാകോടീശ്വരന്‍മാരുടെ പട്ടികയിലുള്ളവരുമായ ഇന്ത്യന്‍ പ്രവാസി ബിസിനസ് ഭീമന്‍മാരെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ വിരട്ടലിനെ അവര്‍ ഭയക്കുന്നില്ല എന്നതുതന്നെ കാരണം. ഇവരില്‍ നിന്നും സൗഹൃദപൂര്‍വം ശതകോടികളുടെ ഫണ്ട് സ്വരൂപിക്കാവുന്നതേയുള്ളുവെന്നും ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.
ഭരണഘടനാപരമായി പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ പരിരക്ഷയുണ്ടെങ്കിലും വിദേശത്ത് ആര്‍ജിക്കുന്ന സ്വത്തുക്കളുടെ സ്രോതസ് ഹവാലാപണം, കള്ളപ്പണം, സാമ്പത്തിക തിരിമറി നടത്തിയുണ്ടാക്കിയ പണം എന്നിവയാണെന്ന് കള്ളക്കേസുകള്‍ ചമച്ചാണ് വിരട്ടല്‍ നടത്തുന്നത്.

ബിജെപി വിരുദ്ധ ചേരിയിലുള്ളവരുമായി ബന്ധപ്പെട്ടവരെയും കള്ളക്കേസുകളില്‍ കുടുക്കാനുള്ള രാഷ്ട്രീയ മേമ്പൊടി പ്രയോഗവുമുണ്ട്. ഉദാഹരണമായി ദുബായില്‍ വിരട്ടാന്‍ സിബിഐ തയാറാക്കിയ പട്ടികയിലുള്ള ഒരാള്‍ മലയാളിയായ രാമന്‍പിള്ള മഠത്തില്‍ രഘു അടീക്കലത്ത് ആണ്. ഇദ്ദേഹം ദുബായിലെ ടെയില്‍ടവര്‍, ബുര്‍ജ് ദുബായ് എന്നിവിടങ്ങളില്‍ സമ്പാദിച്ച ഭൂമിയും ഫഌറ്റുകളും വില്ലകളും നിയമവിരുദ്ധമായുള്ളവയാണെന്നാണ് സിബിഐയുടെ കണ്ടുപിടിത്തം. മാത്രമല്ല മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ സെക്രട്ടറിയായിരുന്ന ടികെഎ നായരുടെ മകള്‍ മിനി നായരും മരുമകന്‍ ജയകൃഷ്ണന്‍ കുന്നങ്കത്തും ഡയറക്ടര്‍മാരായ ഡല്‍ഹിയിലെ അഗ്രിതോ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലേക്ക് മഠത്തില്‍ രഘു കോടികളുടെ കള്ളപ്പണം ഒഴുക്കിയിട്ടുണ്ടെന്നു കാട്ടിയാണ് സിബിഐയുടെ മറ്റൊരു വിരട്ടല്‍.

ഹവാലാ ഇടപാടുകാര്‍, വാതുവയ്പുകാര്‍, സാമ്പത്തിക തട്ടിപ്പുകാര്‍, എന്നുവേണ്ട ഇന്റര്‍പോള്‍ തിരയുന്ന അന്താരാഷ്ട്ര അധോലോകനായകനായ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളളവര്‍ എന്നിങ്ങനെയും പ്രവാസി സംരംഭകരെ സിബിഐ തരംതിരിച്ചു പട്ടിക തയാറാക്കിയെന്ന ആരോപണവുമുണ്ട്. ബിജെപിയില്‍ നിന്നു കോണ്‍ഗ്രസിലേക്ക് ചേക്കേറിയ മുന്‍ മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്പാലിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന കേസും കെട്ടിച്ചമച്ചിട്ടുണ്ട്. ഭുജ്പാലുമായി ബന്ധമുള്ള യുപിയിലെ മായാവതിയുടെ ബിഎസ്പി എംപി യാസ് അസ്മിയുടെ പുത്രന്‍ അര്‍ഷാദ് അഹമ്മദ് സിദ്ദിഖി ദുബായിലും മുംബൈ മറൈന്‍ ഡ്രൈവിലും ആര്‍ജിച്ച സ്വത്തുക്കള്‍ ദാവൂദ് ഇബ്രാഹിമിന്റെ ബിനാമിപ്പണമാണെന്ന ആരോപണവും സിബിഐ ഉന്നയിച്ചത് കള്ളക്കേസാണെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. മഠത്തില്‍ രഘുവും സിദ്ദിഖും മാത്രമല്ല ദുബായില്‍ സ്വത്തുസമ്പാദിച്ചതിന്റെ പേരില്‍ സിബിഐ വിരട്ടല്‍ പദ്ധതിയുടെ ഭാഗമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രമുഖരായ അനില്‍ ആദിനാഥ് ബസ്താവാദേ, മുകേഷ് കൊച്ചാര്‍, വീണാകൊച്ചാര്‍, ദുബായിലെ ശ്രീഗണേശ് ജൂവലറി ഉടമ കമലേഷ് പരേഖ്, ഗുര്‍ജിത് സിങ് കൊച്ചാര്‍ തുടങ്ങിയ 5800 ല്‍പരം പേര്‍ക്ക് സിബിഐ കള്ളക്കേസുകള്‍ ചാര്‍ത്തി മാസങ്ങള്‍ക്കുമുമ്പ് ഇ‑മെയില്‍ വഴി നോട്ടീസുകള്‍ അയച്ചിട്ടും അവരാരും മറുപടി നല്‍കിയതേയില്ല എന്ന് സിബിഐ തന്നെ വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് പ്രവാസി നിക്ഷേപകര്‍ക്കെതിരായ സാമ്പത്തിക കുറ്റകൃത്യക്കേസുകളില്‍ സിബിഐ അടയിരിപ്പായി.

കേന്ദ്ര നിര്‍ദേശമനുസരിച്ച വിരട്ടല്‍ പദ്ധതി എന്ന ദൗത്യനിര്‍വഹണം സിബിഐ പൂര്‍ത്തിയാക്കിയതിനു പിന്നാലെ ബിജെപിയുടെ ഉന്നതതലത്തിലുള്ള ദൂതന്‍മാര്‍ ഗള്‍ഫ് നാടുകളിലെത്തി പട്ടികയിലുള്ളവരെ ഭീഷണിപെടുത്തി ഫണ്ടുപിരിവ് തകൃതിയായി നടത്തുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.