മോഡി മന്ത്രിസഭ അധികാരമേറ്റു

Web Desk
Posted on May 30, 2019, 10:29 pm

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാരമന്ത്രിയടക്കം 58 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ മോഡി മന്ത്രിസഭയില്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്‌നാഥ് സിങ്ങാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് മോഡിക്ക് ചൊല്ലിക്കൊടുത്തു.

നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ, നിര്‍മല സീതാരാമന്‍, രാംവിലാസ് പാസ്വാന്‍, നരേന്ദ്രസിങ് തോമര്‍ എന്നിവര്‍ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു. രവിശങ്കര്‍ പ്രസാദ്, ഡോ. ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവദേക്കര്‍. സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.
തവര്‍ചന്ദ് ഗെഹ്‌ലോട്ട് ആണ് പതിനൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. ഒന്നാം മോഡി സര്‍ക്കാരില്‍ സാമൂഹ്യ നിതി മന്ത്രി ആയിരുന്നു. മുന്‍ വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കര്‍ ആണ് പന്ത്രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്ന രമേശ് പോഖ്‌റിയാല്‍ നിഷാങ്ക് , ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ആയിരുന്ന അര്‍ജുന്‍ മുണ്ട എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളായ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂര്‍നോബെ, മ്യാന്‍മാര്‍ പ്രസിഡന്റ് വിന്‍മിന്ദ്, മൗറീഷ്യസ് പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി, നേപ്പാള്‍ പ്രധാനമന്ത്രി ലോതെ ഷെറിങ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഗ്രിസാദ ബന്റോക് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, വിദേശരാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍മാര്‍, ഹൈക്കമ്മിഷണര്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, സംസ്ഥാന മുഖ്യമന്ത്രിമാരായ എച്ച് ഡി കുമാരസ്വാമി, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. വ്യവസായ പ്രമുഖര്‍,സിനിമാ താരങ്ങള്‍ തുടങ്ങിവരും പങ്കെടുത്തു.

ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ചായ സല്‍ക്കാരവും രാഷ്ട്രപതിഭവനില്‍ ഏര്‍പ്പെടുത്തിയിരുന്നു. എണ്ണായിരത്തോളം പേരാണ് വന്‍ ആഘോഷങ്ങളോടെ നടന്ന സത്യപ്രതിജഞാ ചടങ്ങില്‍ പങ്കെടുത്തത്

ഘടക കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം; ജെഡിയു ഇടഞ്ഞു

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരില്‍ ഘടക കക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനം മാത്രം. ഒരു കാബിനറ്റ് പദവി മാത്രം നല്‍കിയതില്‍ രൂക്ഷമായ അതൃപ്തിയാണ് ജെഡിയു പ്രകടിപ്പിക്കുന്നത്. ജെഡിയു പ്രതിനിധി മന്ത്രിസഭയില്‍ ഉണ്ടാവില്ല. ഒരു മന്ത്രിസ്ഥാനം മാത്രമായി വേണ്ടെന്ന് ജെഡിയു എന്‍ഡിഎയെ അറിയിച്ചു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ആദ്യ മോഡി സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ല. 2017ല്‍ ആണ് എന്‍ഡിഎയുടെ ഭാഗമായത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ മത്സരിച്ച് 16 സീറ്റുകളില്‍ വിജയിച്ചിട്ടും ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കി എന്നതാണ് ജെഡിയുവിന്റെ അതൃപ്തിക്ക് കാരണം.
മോഡിയുടെ രണ്ടാം മന്ത്രിസഭയിലേക്കില്ലെങ്കിലും എന്‍ഡിഎയുടെ ഭാഗമായി തുടരാനാണ് ജെഡിയു തീരുമാനം.

മേനക ഗാന്ധി പ്രോടേം സ്പീക്കറാകും

ന്യൂഡല്‍ഹി: ബിജെപി നേതാവ് മേനക ഗാന്ധി പതിനേഴാം ലോക്‌സഭയുടെ പ്രോടേം സ്പീക്കര്‍ ആകും. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍നിന്നുള്ള എംപിയാണ് മേനക ഗാന്ധി. എട്ടാം തവണയാണ് ലോക്‌സഭയില്‍ എത്തുന്നത്.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പടെയുള്ള നടപടികള്‍ മേനക നിയന്ത്രിക്കും. സാധാരണയായി മുതിര്‍ന്ന അംഗത്തെയാണ് പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കുന്നത്. സഭ ചേര്‍ന്നു പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതോടെ പ്രോടേം സ്പീക്കറുടെ കാലാവധി അവസാനിക്കും. കഴിഞ്ഞ മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വകുപ്പ് സഹമന്ത്രിയായിരുന്നു അവര്‍. അതിനിടെ മേനകാ ഗാന്ധി തന്നെ ലോക്‌സഭാ സ്പീക്കറാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഉചിതമായ സമയത്ത് ഉചിതമായ സ്ഥാനം നല്‍കുമെന്നായിരുന്നു മേനകാ ഗാന്ധിയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്.