19 April 2024, Friday

ലോകാ സമസ്താ സുഖിനോ ഭവന്തു!

ദേവിക
വാതിൽപ്പഴുതിലൂടെ
May 16, 2022 7:00 am

ഈ ശീര്‍ഷകത്തിന് ഒരു അര്‍ത്ഥകല്പനയേയുള്ളൂവെന്നാണ് ഇതുവരെ നാമൊക്കെ ധരിച്ചിരുന്നത്. ലോകത്തുള്ള സര്‍വചരാചരങ്ങളും സസുഖം വാഴട്ടെ എന്ന് അര്‍ത്ഥം. എന്നാല്‍ നമ്മുടെ സമസ്തയുടെ നേതാവ് എം ടി അബ്ദുള്ളാ മുസലിയാര്‍ പറയുന്നത് ലോകത്തുള്ളവര്‍ സമസ്ത പറയുന്നത് കേട്ട് ജീവിച്ചാല്‍ കൊള്ളാം എന്നാണ് ഈ ‘സംസ്കൃതവാചകത്തിന്റെ അറബി അര്‍ത്ഥമെന്നാണ് വാചകത്തിനിടെ കുടുങ്ങിക്കിടക്കുന്ന സമസ്ത ഞമ്മന്റെ സമസ്തയാണത്രേ! സമസ്ത സംഘടിപ്പിച്ച ഒരു ചടങ്ങിലേക്ക് വിളിച്ചുവരുത്തി പതിനാറുകാരിയായ ഒരു പെണ്‍കുട്ടിയെ അപമാനിച്ച അബ്ദുള്ള മുസലിയാരെ ന്യായീകരിക്കാന്‍ ആരെല്ലാമാണ് പടയ്ക്കിറങ്ങിയിരിക്കുന്നത്. സമസ്തയുടെ കമാന്‍ഡര്‍ ജിഫ്രിമുത്തുക്കോയ തങ്ങള്‍ മുതല്‍ മുസ്‌ലിംലീഗ് ഗുണാണ്ടര്‍ പി കെ കുഞ്ഞാലിക്കുട്ടിവരെ. എന്നാല്‍ നബിതിരുമേനിയുടെ പ്രബോധനം ലംഘിച്ച് സ്ത്രീപുരുഷസമത്വത്തിന് പുതിയൊരു വ്യാഖ്യാനം നല്കിയിരിക്കുന്ന മുസലിയാരെ പിന്തുണയ്ക്കാന്‍ ചില മുസ്‌ലിം യുവജനസംഘടനകളുടെ യുവനേതാക്കള്‍ കൂടി രംഗത്തിറങ്ങിയതാണ് വേദനാജനകം. പെണ്‍കുട്ടി ലജ്ജാവതിയായിരുന്നതിനാലാണ് അവളെ വേദനിപ്പിക്കേണ്ട എന്നു കരുതി വേദിയില്‍ കയറുന്നതിനെ അബ്ദുള്ളാ മുസലിയാര്‍ വിലക്കിയതെന്നാണ് ജിഫ്രിമുത്തുക്കോയ തങ്ങളുടെ വിശദീകരണം. അതായത് ലജ്ജ എന്ന വികാരം ഇസ്‌ലാമില്‍ ഒരു കുറ്റമാണുപോലും. ലജ്ജാവതിയായ പെണ്‍കുട്ടിക്കു പകരം പുരുഷരക്ഷിതാവ് വരണമെന്നാണ് മുസലിയാരുടെ വാശി. അങ്ങനെയാണെങ്കില്‍ മുസലിയാര്‍ക്കും ജിഫ്രിതങ്ങള്‍ക്കും മാത്രമല്ല ഒരൊറ്റ മുസ്‌ലിം ചെറുപ്പക്കാരനുപോലും പെണ്ണുകെട്ടാനാവില്ലല്ലോ! വിവാഹനിശ്ചയത്തിനോ പെണ്ണുകാണല്‍ ചടങ്ങിനോ മണവാട്ടി പുരുഷന്മാരുടെ മുന്നിലേക്ക് വരുന്നത് സ്വാഭാവികമായും ലജ്ജാവതിയായിട്ടായിരിക്കും. ‘ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍’ എന്നു മനസില്‍ പാടിയിട്ടാവും പെണ്ണുകാണല്‍ ചടങ്ങ്. മുസലിയാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ലജ്ജാലുവായ പെണ്ണുമായി നിക്കാഹ് അരുത്. ലജ്ജാവതിയെ വിഷമിപ്പിക്കരുതല്ലോ. പെണ്ണുകാണാന്‍ നിന്റെ വാപ്പയെയോ ഉമ്മയെയോ പറഞ്ഞയച്ച് മണവാട്ടി പെണ്ണിനെ നിക്കാഹിന് മാത്രം അയയ്ക്കുക എന്നു പറയുന്നത് എന്തൊരു യുക്തിരാഹിത്യം. പെണ്‍കുട്ടിയെ വേദിയില്‍ വിളിച്ചുകയറ്റി അപമാനിച്ച അബ്ദുള്ളാ മുസലിയാര്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍സുനാമിയാണ്. ഇതിലൊരു പോസ്റ്റ് കൗതുകമായി തോന്നി. ആ വേദിയിലുണ്ടായിരുന്നു ഇതുപോലൊരു പുരോഹിതന്‍. വേദിയില്‍ അപമാനിക്കപ്പെട്ട കുട്ടി പഠിച്ചു ഡോക്ടറാവുന്നു. മുസലിയാര്‍ രോഗാതുരനായി ഈ ഡോക്ടര്‍ പെണ്‍കുട്ടി ജോലി ചെയ്യുന്ന ആശുപത്രിയില്‍ അഡ്മിറ്റാകുന്നു. പെണ്‍കുട്ടി മുസലിയാരുടെ കിടക്കയ്ക്കരികിലേക്ക് വരുന്നു. പണ്ട് തന്നെ വേദിയില്‍ വിളിച്ചു വരുത്തിയ മതപണ്ഡിതന്‍ മുസലിയാര്‍. ഡോക്ടര്‍ മുസലിയാരോടു പറയുന്നു; ‘ഞാനെന്റെ വാപ്പയെ പറഞ്ഞയയ്ക്കാം!’ എങ്ങനെയുണ്ട്? ഈയിടെ ഒരു മുസ്‌ലിം രാജ്യത്ത് ഒരു വിവാഹം നടന്നു. മണവാളന്‍ പടുവൃദ്ധന്‍. മണവാട്ടി മധുരപ്പതിനേഴു കടന്ന മൊഞ്ചത്തി.


ഇതുകൂടി വായിക്കാം; യാഥാസ്ഥിതിക ചിന്തകളെ തളയ്ക്കണം


മൂപ്പിലാന്റെ മുപ്പത്തി ഏഴാം വിവാഹം. ഒന്‍പത് ഭാര്യമാര്‍ മരിച്ചു മണ്ണടിഞ്ഞു. തിരുശേഷിപ്പുകളായ 28 ഭാര്യമാരെയും 35 മക്കളെയും 126 കൊച്ചുമക്കളെയും സാക്ഷിയാക്കിയായിരുന്നു മുപ്പത്തിഏഴാം നിക്കാഹ്. വിറയാര്‍ന്ന കൈകളോടെ വൃദ്ധന്‍ സുന്ദരിപ്പെണ്ണിനു താലിചാര്‍ത്തിയപ്പോള്‍ ഭാര്യമാരും മക്കളും ചെറുമക്കളും ചേര്‍ന്നു കയ്യടിച്ചു. നിക്കാഹ് ശുഭം. ഈ നിക്കാഹില്‍ പെണ്ണ് ലജ്ജാവതിയായിരുന്നു. മുതുചെക്കന്‍ ലജ്ജാലുവായിരുന്നു. അതിനാല്‍ ഈ നിക്കാഹ് ഓക്കെ. ഇതിനെയാണ് വ്യാഖ്യാന വൈഭവമെന്നു പറയുന്നത്. ഇതിഹാസ തുല്യമായ ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠതന്നെ ഉദാഹരണം. ശിവപ്രതിഷ്ഠയുടെ നൂറാം വാര്‍ഷികത്തില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തില്‍ മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീര്‍ പ്രസംഗിച്ചതോര്‍മ്മ വരുന്നു. ‘പ്രതിഷ്ഠയെക്കുറിച്ച് സവര്‍ണര്‍ ചോദിച്ചപ്പോള്‍ ഗുരുദേവന്‍ പറഞ്ഞ മറുപടി ഇതായിരുന്നു. പോണം മിസ്റ്റര്‍ നമ്മള്‍ നമ്മുടെ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്’. ഗുരുദേവന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്നായിരുന്നു പ്രേംനസീര്‍ പോലും ധരിച്ചുവച്ചിരുന്നത്. എന്നാല്‍ സത്യമെന്തായിരുന്നു. ശിവരാത്രി നാളില്‍ അരുവിപ്പുറത്ത് നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍ മുങ്ങിത്തപ്പിയെടുത്ത കല്ല് കരയില്‍ നിന്നു കൊച്ചപ്പിപ്പിള്ള എന്ന നായര്‍ പ്രമാണിയുടെ കയ്യില്‍ കൊടുക്കുന്നു. കരയിലെത്തി അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുന്നു, ശിലയെ പൂജിച്ച് ശിവരൂപമാക്കിയ മുഹൂര്‍ത്തം, ഇതുകണ്ട നായര്‍ പ്രമാണികള്‍ ആരാഞ്ഞു. ഇതെന്തു പ്രതിഷ്ഠ? ഗുരുദേവന്‍ പറഞ്ഞു, നാം നമ്മുടെ ശിവനെ പ്രതിഷ്ഠിച്ചു. ഇതുകേട്ട നായര്‍ പ്രമാണികള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു; അയാള്‍ അയാളുടെ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്. യാഥാര്‍ത്ഥ്യമെന്താണ്. ഗുരുദേവനെപ്പോലുള്ള സന്യാസിമാര്‍ക്കു ഞാനെന്ന ഭാവമില്ല. അവര്‍ നാം എന്നും നമ്മള്‍ എന്നുമേ പറയാറുള്ളു. നമ്മുടെ ശിവന്‍ എന്നു കേട്ട സവര്‍ണ പ്രമാണിമാര്‍ക്ക് നമ്മുടെയെന്നാല്‍ ഈഴവന്റെ എന്നായി. അരുവിപ്പുറത്തെ ശിവന്‍ ഈഴവ ശിവനുമായി! ഇതാണ് ജിഫ്രിമുത്തുക്കോയ തങ്ങളുടെയും നായര്‍ പ്രമാണിമാരുടെയും വ്യാഖ്യാനദോഷം. യുകെയിലെ ഒരു കോടതിയുടെ ഒരു വിധിവന്നു. പുരുഷനെ കഷണ്ടി എന്നു വിളിച്ചാല്‍ അത് ലൈംഗികാധിക്ഷേപമാവുമെന്ന്, യോര്‍ക്ക് ഷെയറിലെ ഒരു കമ്പനിയില്‍ കാല്‍നൂറ്റാണ്ടോളമായി ജോലി ചെയ്യുന്ന ടോണിഫിന്‍ എന്ന കഷണ്ടി രാജാവാണ് പരാതിക്കാരന്‍. തന്റെ മേധാവി തന്നെ നിരന്തരം മണ്ടനെന്നും കഷണ്ടിയെന്നും വിളിച്ചുവെന്നായിരുന്നു പരാതി. ഇതു ലൈംഗികച്ചുവയുള്ള വിശേഷണമെന്ന് കോടതി. ഈ നിയമം ഇന്ത്യയിലും നടപ്പായാല്‍ എങ്ങനെയിരിക്കും. കേസുകളുടെ ആറാട്ട്. ജയിലുകള്‍ കഷണ്ടി വിളി കുറ്റവാളികളെക്കൊണ്ട് നിറഞ്ഞുകവിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.