Monday
25 Mar 2019

അമേരിക്ക: ലോകപൊലീസ് തന്നെയെന്ന് പ്രസിഡന്‍റ് ട്രംപും

By: Web Desk | Saturday 5 January 2019 10:29 PM IST


lokajalakam

ണ്ടാം ലോകമഹായുദ്ധം അവസാനിച്ചത് 1945 മെയ് ഒന്‍പതിന് ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ജര്‍മനിയും ഓഗസ്റ്റില്‍ ഹിരോഷിമ-നാഗസാക്കി ആണവ ബോംബ് വര്‍ഷത്തിനുശേഷം ജപ്പാനും കീഴടങ്ങിയതോടെയാണ്. അന്നു മുതല്‍ക്കാണ് ലോകത്തിന്റെ ഏക ചക്രവര്‍ത്തിയായി അമേരിക്ക സ്വയം സ്ഥാനാരോഹണം നടത്തുന്നത്. അതുവരെ ലോകത്തെ അടക്കിവാണിരുന്ന ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള കൊളോണിയല്‍ സാമ്രാജ്യത്വ ശക്തികളെല്ലാം തങ്ങളുടെ അധീശത്വം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായതുകൊണ്ട് അമേരിക്കയുടെ സ്ഥാനാരോഹണത്തെ വെല്ലുവിളിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. ഹിറ്റ്‌ലറെ മുട്ടുകുത്തിക്കുന്നതിനുള്ള പോരാട്ടത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച സോവിയറ്റ് റഷ്യയാകട്ടെ സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായിരുന്നതുകൊണ്ട് ആ സോഷ്യലിസ്റ്റ് രാഷ്ട്രത്തിനും അന്ന് അങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ കെല്‍പുണ്ടായിരുന്നുമില്ല. സര്‍വസംഹാരിയായ ആറ്റം ബോംബ് അന്ന് കൈവശമുണ്ടായിരുന്നത് അമേരിക്കയ്ക്ക് മാത്രവുമായിരുന്നല്ലൊ.

ആ ബോംബിന്റെ ബലത്തിലാണ് അമേരിക്ക പശ്ചിമ യൂറോപ്പ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റിതര ലോകത്തെയാകെത്തന്നെ സ്വന്തം ചൊല്‍പടിയിലാക്കിയിരുന്നത്. മാത്രമല്ല, യുദ്ധത്തില്‍ തകര്‍ന്നിരുന്ന പശ്ചിമ യൂറോപ്പിനെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്താനുള്ള ‘ഔദാര്യ’വും ‘സന്മനോഭാവ’വും കലവറ കൂടാതെ തന്നെ അമേരിക്ക നടപ്പിലാക്കുകയും ചെയ്തിരുന്നു. മൂന്നു കോടിയിലധികം ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുകയും വ്യവസായങ്ങള്‍ ആകെത്തന്നെ തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തിരുന്ന സോവിയറ്റ് യൂണിയന്‍ പെട്ടെന്നുതന്നെ ആ നഷ്ടം നികത്തുമെന്നും ഒരു വന്‍കിട രാഷ്ട്രമായി വളരുമെന്നും കണ്ടിരുന്നതിന്റെ അടിസ്ഥാനത്തിലാവണം കമ്യൂണിസ്റ്റ് ഉമ്മാക്കി കാണിച്ച് അമേരിക്ക ലോകരക്ഷകന്റെ വേഷം കെട്ടി ആടിയത്.

അവരുടെ കണക്കുകൂട്ടല്‍ തെറ്റിയതുമില്ല. യുദ്ധം അവസാനിച്ച് നാലു കൊല്ലത്തിനുള്ളില്‍ തന്നെ സോവിയറ്റ് യൂണിയന്‍ സാമ്പത്തിക പുനര്‍നിര്‍മാണം ത്വരിതപ്പെടുത്തുകയും ആദ്യത്തെ ആറ്റം ബോംബ് വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. താമസിയാതെതന്നെ ഹൈഡ്രജന്‍ ബോംബും അവര്‍ സ്വന്തമാക്കി. 1955 ആയപ്പോഴേക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പ്രായോഗിക സഹകരണത്തിന് അവര്‍ തുടക്കമിട്ടു. ഭിലായിയില്‍ ദശലക്ഷം ടണ്‍ ഉല്‍പാദനശേഷിയുള്ള ഒരു ഉരുക്ക് മില്ല് സ്ഥാപിക്കാന്‍ ആളും അര്‍ഥവും നല്‍കിക്കൊണ്ടായിരുന്നു ഇതിന്റെ തുടക്കം. ഈജിപ്റ്റിലെ അസ്വാന്‍ അണക്കെട്ടും ഈ സഹകരണത്തിന്റെ ഫലമായി രൂപംകൊണ്ടതാണ്. അങ്ങനെ സോവിയറ്റ് യൂണിയന്‍ നവസ്വതന്ത്ര ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വിശ്വസ്തമായ ഒരു അത്താണിയായി മാറുന്നത് കൈയും കെട്ടി നോക്കിയിരിക്കാന്‍ അമേരിക്ക തയാറായിരുന്നില്ല. 1971 ല്‍ ബംഗ്ലാദേശിന്റെ വിമോചനപ്പോരാട്ടക്കാലത്ത് അമേരിക്കയുടെ ഏഴാം നാവികപ്പട ബംഗാള്‍ ഉള്‍ക്കടലിലേക്ക് പാഞ്ഞുവരാന്‍ തുടങ്ങിയപ്പോള്‍ സോവിയറ്റ് നാവികസേനയും തൊട്ടു പിന്നില്‍ എത്തിയപ്പോഴാണ് അമേരിക്ക ബംഗ്ലാദേശില്‍ ഇടപെടുകയെന്ന സാഹസത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

അതിന് കാല്‍ നൂറ്റാണ്ട് മുന്‍പ്തന്നെ സോവിയറ്റ് യൂണിയനെ വലയം ചെയ്യാന്‍ വിവിധ മേഖലകളില്‍ സൈനിക സഖ്യങ്ങളുടെ ഒരു വ്യൂഹം തന്നെ അവര്‍ സൃഷ്ടിച്ചിരുന്നു. ‘നാറ്റൊ’ എന്ന ഉത്തര അറ്റ്‌ലാന്റിക് സഖ്യമായിരുന്നു ഇതില്‍ മുഖ്യമായിട്ടുള്ളത്. സ്വന്തമായ സൈന്യവും അതിനൊരു കമാന്‍ഡറും ഉള്‍പ്പെട്ട ഒരു നെടുങ്കോട്ടയെന്ന നിലയ്ക്ക് സോവിയറ്റ് റഷ്യയെ ചെറുക്കുകയെന്നതായിരുന്നു ഇതിന്റെ മുഖ്യ ലക്ഷ്യം. ടര്‍ക്കിയും ഈ മുന്നണിയുടെ ഭാഗമാണ് ഇപ്പോള്‍.

ഇതേ ദൗത്യമാണ് ‘സിയാറ്റൊ’ എന്ന തെക്ക് കിഴക്കന്‍ ഏഷ്യയിലെ സഖ്യത്തിനും ഏല്‍പിച്ചുകൊടുത്തിരുന്നത്. പാകിസ്ഥാനും ഇതില്‍ ഒരു പ്രധാന പങ്കാണ് നിശ്ചയിച്ചിരുന്നത്. ഈ മേഖലയില്‍ അമേരിക്കയുടെ ഏറ്റവും കൂടുതല്‍ ധനസഹായം ലഭിച്ചിരുന്നതും പാകിസ്ഥാനാണ്. അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ കമ്യൂണിസ്റ്റ് ഭരണത്തെ മറിച്ചിടാന്‍ പാകിസ്ഥാനില്‍ രൂപീകരിച്ച താലിബാന്‍ എന്ന സൈനിക ദളത്തിന് അമേരിക്കയുടെ എല്ലാവിധ ധനസഹായവും ഉണ്ടായിരുന്നു. ഒരുതരം കുട്ടിപ്പട്ടാളമായി താലിബാനെ വാര്‍ത്തെടുക്കുന്നതില്‍ അമേരിക്കന്‍ സൈനികമേധാവികള്‍ വഹിച്ച പങ്ക് ഒട്ടും അപ്രധാനമായിരുന്നില്ല. ഇതിന് പുറമെ, ഹെക്ക്മത്യാറെപ്പോലുള്ള വിമതരെയും അമേരിക്ക അവിടെ തീറ്റിപ്പോറ്റിയിരുന്നു. മലമേടുകളില്‍ നിന്നായിരുന്നു ഇക്കൂട്ടരുടെ ഒളിപ്പോര്. സൗദി അറേബ്യയില്‍ നിന്ന് ഒസാമ ബിന്‍ലാദനെ അഫ്ഗാനിസ്ഥാനില്‍ എത്തിച്ച് തീറ്റിപ്പോറ്റിയതും അമേരിക്ക തന്നെയാണ്. ഇയാളുടെ അല്‍ക്വയ്ദ തന്നെയാണ് പിന്നീട് ന്യൂയോര്‍ക്കിലെ ലോക വാണിജ്യ കേന്ദ്രം തവിടുപൊടിയാക്കിയത്. അതിനുള്ള പകതീര്‍ക്കാനാണ് അവര്‍ പാകിസ്ഥാനില്‍ ഒളിച്ചു താമസിച്ചിരുന്ന ബിന്‍ലാദന്റെ കഥ കഴിച്ചത്.

‘സെന്റോ’ എന്ന മധ്യമേഖലാ സഖ്യമാണ് അമേരിക്ക സൃഷ്ടിച്ച മൂന്നാമതൊരു പട്ടാള സഖ്യം. ഇവയില്‍ ഇപ്പോള്‍ നാറ്റൊ മാത്രമാണ് സജീവമായി രംഗത്തുള്ളത്. അമേരിക്കയുടെ ലോകാധിപത്യം അരക്കിട്ടുറപ്പിക്കാനുള്ള ചോറ്റു പട്ടാളത്തിന്റെ പങ്കാണ് ഈ സഖ്യങ്ങള്‍ക്കെല്ലാമുണ്ടായിരുന്നത്.

ഇപ്രകാരം പട്ടാളക്കരുത്തിന്റെ അടിത്തറ ഉറപ്പിച്ചുകൊണ്ടാണ് അവര്‍ മറ്റു രാഷ്ട്രങ്ങള്‍ക്ക് ഇന്നത് ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള ഉത്തരവുകള്‍ നല്‍കിയത്. അത് ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ അവര്‍ക്ക് ഐക്യരാഷ്ട്രസഭയിലെ ആശ്രിത രാഷ്ട്രങ്ങളുടെ പിന്‍ബലവുമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമായ ജനകീയ ചൈനയെ 1971 വരെ ഒറ്റപ്പെടുത്തി നിര്‍ത്തിയതും ഏറ്റവും ചെറിയ രാഷ്ട്രങ്ങളില്‍ ഒന്നായ കമ്യൂണിസ്റ്റ് ക്യൂബയെ 1959 ല്‍ ജന്മംകൊണ്ട നാള്‍ മുതല്‍ ശ്വാസം മുട്ടിച്ച് കൊണ്ടിരിക്കുന്നതും. സോവിയറ്റ് യൂണിയന്റെ മിസൈല്‍ ശക്തിയുടെ പിന്‍ബലമുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് അമേരിക്കയുടെ മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന ക്യൂബന്‍ ദ്വീപിനെ സൈനികമായി ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്ക് കഴിയാതെ പോയത്.

ജനാധിപത്യത്തെ വാതോരാതെ വാഴ്ത്തുമ്പോഴും ലാറ്റിന്‍ അമേരിക്കയിലെ ഏകാധിപത്യ ഭരണങ്ങളെയെല്ലാം താങ്ങിനിര്‍ത്താന്‍ അമേരിക്കയ്ക്ക് യാതൊരു വിമ്മിഷ്ടവും ഉണ്ടായില്ല. നിക്കരാഗ്വയിലെ സമോസ കുടുംബവാഴ്ചയെ അര നൂറ്റാണ്ടാണ് അവര്‍ താങ്ങിനിര്‍ത്തിയത്. 1984 ലെ തെരഞ്ഞെടുപ്പില്‍ സാന്‍ഡിനിസ്റ്റ നേതാവ് ഡാനിയല്‍ ഒര്‍ട്ടേഗ ആ ഏകാധിപത്യ വാഴ്ചയ്ക്ക് അന്ത്യം കുറിച്ചിട്ടും അമേരിക്ക അടങ്ങിയിരുന്നില്ല. 1990 ലെ തെരഞ്ഞെടുപ്പില്‍ ഒര്‍ട്ടേഗയെ വീഴ്ത്തിയതിന് ശേഷമാണ് യുഎസ്എയുടെ ഇടങ്കോലിടല്‍ തല്‍ക്കാലത്തേക്കെങ്കിലും അവസാനിച്ചത്. ബൊളീവിയയും വെനിസ്വലയും ചിലിയും അമേരിക്കയുടെ കത്രികപ്പൂട്ടിനെ മറികടന്നെങ്കിലും അവരുടെയെല്ലാം സ്വതന്ത്രമായ പ്രവര്‍ത്തനത്തെ വിഘ്‌നപ്പെടുത്താനാണ് അമേരിക്കന്‍ ആധിപത്യ മോഹികള്‍ പതിനെട്ടടവും പയറ്റുന്നത്.

അമേരിക്കന്‍ ആധിപത്യത്തിന്റെ ചരിത്രം വിവരിക്കാന്‍ പേജുകള്‍ വേണ്ടിവരുമെന്നതുകൊണ്ട് അതിലേക്ക് കടക്കുന്നില്ലെങ്കിലും 1979 ല്‍ ഇറാനിലെ അവരുടെ പാവയായിരുന്ന ഷാ ചക്രവര്‍ത്തിയുടെ ഭരണം അവസാനിപ്പിച്ച് മതമൗലികവാദികളായ ഖൊമൈനിമാര്‍ അധികാരത്തിലെത്തിയ സംഭവം അവഗണിക്കാനാവില്ല. പുരോഗമനവാദികള്‍ക്ക് ആ ഭരണമാറ്റത്തില്‍ ആഹ്ലാദിക്കാന്‍ വകയൊന്നുമില്ലെങ്കിലും നാലുപതിറ്റാണ്ടുകളായി അമേരിക്ക അവിടെ അനുവര്‍ത്തിക്കുന്ന വൈരനിര്യാതന ബുദ്ധിയോടെയുള്ള പ്രതികാര നടപടികള്‍ കണ്ടില്ലെന്ന് വയ്ക്കാന്‍ ആര്‍ക്കും കഴിയില്ല.

അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് ഭരണം മറിച്ചിട്ടതിനുശേഷം അവിടെ അവര്‍ ഭരണത്തിലേറ്റിയ താലിബാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആ രാജ്യത്തെ കുട്ടിച്ചോറാക്കിയിരിക്കുകയാണ്. അതില്‍ പിന്നീട് ശാന്തിയും സമാധാനവും എന്തെന്ന് അന്നാട്ടുകാര്‍ അറിഞ്ഞിട്ടില്ല. അവിടെ അവരുടെ ചട്ടുകമായിരുന്ന ബിന്‍ലാദന്റെ അല്‍ക്വയിദ അമേരിക്കയുടെ ഹൃദയഭാഗത്ത് തന്നെ ആഞ്ഞടിക്കുകമാത്രമല്ല, ഇസ്‌ലാമിക മൗലികവാദം മറ്റിടങ്ങളിലും വളര്‍ത്താന്‍ വഴിമരുന്നിടുകയും ചെയ്തു. ഇറാഖിലും സിറിയയിലും 2014 ല്‍ കൂട്ടക്കൊല സംഘടിപ്പിച്ച ‘ഇസ്‌ലാമിക സ്റ്റേറ്റ്’ പ്രസ്ഥാനത്തിന് ബിന്‍ലാദന്‍ ഊര്‍ജം പകരുകയും ചെയ്തു. ബിന്‍ലാദനോടുള്ള വൈരം തീര്‍ക്കാന്‍ ഇറാഖിലും ലിബിയയിലും അവര്‍ നടത്തിയ ഇടപെടല്‍

ആത്മഹത്യാപരമായിരുന്നു. ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ (2001) കള്ളക്കഥകള്‍ കെട്ടിച്ചമച്ച് ഇറാഖിലെ സദ്ദാം ഹുസൈനെയും ലിബിയയിലെ ഗദ്ദാഫിയെയും അപമാനിച്ച് കൊല നടത്തിയവരാണ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ രക്ഷാധികാരികളായി ഞെളിഞ്ഞു നടക്കുന്നത്.
അമേരിക്ക ഇടപെടാത്തതോ പട്ടാളത്തെ അയയ്ക്കാത്തതോ ആയ ഏതെങ്കിലും വികസ്വര രാജ്യമുണ്ടോയെന്നത് സംശയമാണ്. ആരും ക്ഷണിച്ചിട്ടല്ല അമേരിക്കന്‍ പട്ടാളം അവിടങ്ങളിലേക്ക് പോയത്. പട്ടാളത്തെ അയയ്ക്കാന്‍ പറ്റാത്ത റഷ്യയെയും ചൈനയെയും പോലുള്ള വന്‍കിട രാഷ്ട്രങ്ങളെപ്പോലും വിലക്കുകള്‍ വഴി അവര്‍ ഇപ്പോഴും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിലക്കുകള്‍ നേരിടുന്ന രാജ്യം ഇറാനാണ്. ഇറാന്റെ പ്രധാന ഉല്‍പന്നമായ പെട്രോളിയം വാങ്ങാന്‍ അവര്‍ ആരെയും അനുവദിക്കുന്നില്ലെന്നത് ധിക്കാരത്തിന്റെ പാരമ്യമല്ലെ? ഇറാനില്‍ നിന്നുള്ള പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യപോലും അത്തരം വിലക്കുകളുടെ ഭീഷണിയിലാണ്.
ഈ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനിലും സിറിയയിലും നിന്ന് തങ്ങളുടെ പാട്ടാളത്തെ പിന്‍വലിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് പറയുന്നത്. അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്കന്‍ പട്ടാളത്തെ അയച്ചത് അവിടത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡന്റ് ഹബീബുള്ളയെ വലിച്ചു താഴെയിടുന്നതിനായിരുന്നെന്ന് തുടക്കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലൊ. സിറിയയിലേക്ക് ബോംബര്‍ വിമാനങ്ങളോടൊപ്പം കരസേനയും പോയത് ”ഇസ്‌ലാമിക് സ്റ്റേറ്റ്” (ഐ എസ്) ഭീകരരെ അമര്‍ച്ചചെയ്യാനായിരുന്നുവെന്നതും ഒരു കെട്ടുകഥയാണ്. ഐ എസിനോടുള്ള എതിര്‍പ്പ് മുസ്‌ലിം ഭീകരവാദത്തെ തകര്‍ക്കാന്‍ മാത്രമായിരുന്നില്ല. ഉദ്ദേശം അതായിരുന്നെങ്കില്‍ ആ ഭീകരവാദത്തെ ഏറ്റവും കൂടുതല്‍ പാലൂട്ടി വളര്‍ത്തുന്ന പാകിസ്ഥാനെ ആയിരുന്നല്ലൊ ആദ്യം ശരവ്യമാക്കേണ്ടിയിരുന്നത്. ബിന്‍ലാദനെ സംരക്ഷിച്ചു നിര്‍ത്തിയിട്ടുപോലും പാകിസ്ഥാനെ അമേരിക്ക ഒരിക്കലും ലക്ഷ്യം വച്ചിട്ടില്ലാ. ആരുമറിയാതെ അമേരിക്കന്‍ വ്യോമസേന അവിടെ കടന്നുചെന്ന് ഒസാമ ബിന്‍ലാദനെ തട്ടിയെടുത്ത് കൊലപ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്തത്. പാകിസ്ഥാനുള്ള ധനസഹായത്തില്‍ ചില്ലറ കുറവ് വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതും.

ന്യൂയോര്‍ക്കിലെ ഇരട്ട വാണിജ്യഗോപുരം വിമാനം ഉപയോഗിച്ച് ഇടിച്ചുനിരത്തിയ ബിന്‍ലാദനോടുള്ള പ്രതികാര ബുദ്ധിയുടെ തുടര്‍ച്ച മാത്രമാണ് സിറിയയില്‍ ഇസ്‌ലാമിക സ്റ്റേറ്റിനോടുമുള്ളത്. സിറിയയില്‍ അമേരിക്കയുടെ ലക്ഷ്യം ഐ എസ് മാത്രമായിരുന്നില്ല. അവിടത്തെ പ്രസിഡന്റ് ബഷീര്‍ അല്‍ അസദ് ആണ്. അസദിനെ തുടച്ചുനീക്കാനുള്ള വിമത സൈന്യത്തിന് പിന്തുണ നല്‍കിയെന്നത് ഐ എസിനെ പ്രതിരോധിക്കുന്നതിനെക്കാള്‍ പ്രധാനമായിരുന്നു. അമേരിക്ക അസദിനെ താങ്ങിനിര്‍ത്തുന്നത് റഷ്യന്‍ സൈനിക പിന്തുണയാണെന്നതാണ് അമേരിക്കയെ കൂടുതല്‍ ചൊടിപ്പിച്ചത്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്ന് കണ്ടുകൊണ്ടാണ് അവിടെ നിന്ന് പിന്മാറിക്കളയാമെന്ന് പ്രസിഡന്റ് ട്രംപ് നിശ്ചയിച്ചിരിക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയില്‍ ട്രംപ് നടത്തിയ ചില വാഗ്ദാനങ്ങളും ഈ പിന്മാറ്റ തീരുമാനത്തിന്റെ പിന്നിലുണ്ടാകും. നാറ്റൊ സൈന്യത്തെ പോറ്റുന്നതിന്റെ ചെലവ് നാറ്റോ അംഗരാഷ്ട്രങ്ങള്‍ വഹിക്കണമെന്നതും മെക്‌സിക്കോയില്‍ നിന്ന് വമ്പിച്ച കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ ആയിരമായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു വന്‍മതില്‍ നിര്‍മ്മിക്കണമെന്നതും ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിന്റെ നിര്‍മാണത്തിന് പണം അനുവദിക്കാന്‍ പാര്‍ലമെന്റ് വിസമ്മതിച്ചിരിക്കുന്നതിനാല്‍ ആ നിര്‍മ്മാണം ഉപേക്ഷിക്കേണ്ടിവന്നേക്കുമെന്ന സ്ഥിതിയാണുള്ളത്.

സൈന്യത്തെ പിന്‍വലിക്കുന്നതിന് അമേരിക്കയില്‍ പൊതു സമ്മതമില്ലാത്തിനാല്‍ ആ ശ്രമവും വിഫലമായേക്കാം. എന്നാല്‍ അന്യരാജ്യങ്ങളിലുള്ള പട്ടാളത്തെ പിന്‍വലിച്ച് ചെലവ് ചുരുക്കല്‍ നടത്താമെന്ന് ട്രംപിന് തോന്നുന്നുണ്ടാകാം.

സൈന്യത്തെ പിന്‍വലിക്കുന്ന തീരുമാനത്തെപ്പറ്റി സംസാരിക്കുമ്പോള്‍ ഓര്‍ക്കാതെയാണെങ്കിലും ട്രംപ് ഒരു സത്യം തുറന്നു പറഞ്ഞുപോയിട്ടുണ്ട്. അന്യരാജ്യങ്ങളില്‍ പട്ടാളത്തെ നിലനിര്‍ത്തിക്കൊണ്ട് അമേരിക്ക ഒരു ലോക പൊലീസിന്റെ പണിയാണ് ചെയ്യുന്നതെന്ന സത്യമാണ് അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വീണുപോയിട്ടുള്ളത്. ക്രിസ്തുമസ് ആഘോഷിക്കാന്‍ ഇറാഖിലുള്ള യു എസ് സൈന്യങ്ങള്‍ക്കിടയില്‍ എത്തിയപ്പോഴാണ് അസൗകര്യപ്രദമായ ഈ സത്യം അദ്ദേഹം വെളിപ്പെടുത്തിയത്.

”അമേരിക്കയ്ക്ക് ഇനിയും ഒരു ലോക പൊലീസായി തുടരാനാവില്ല” എന്ന് അദ്ദേഹം തെളിച്ചുതന്നെ പറഞ്ഞു. ”നമ്മുടെ സൈനികര്‍ ലോകത്തെല്ലായിടങ്ങളിലുമായി വ്യാപിച്ചുകിടക്കുകയാണ്. നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് പേര് നിശ്ചയമില്ലാത്ത രാജ്യത്തില്‍പ്പോലും നമ്മുടെ സൈനികരുണ്ട്. സത്യം പറഞ്ഞാല്‍ ഇത് ശുദ്ധ അനാവശ്യമാണ്.
സ്വാതന്ത്ര്യ പ്രേമികള്‍ മുമ്പ് ഇതേ സത്യം വിളിച്ചുപറയുമ്പോള്‍ അവരെ കമ്മ്യൂണിസ്റ്റെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു പതിവ്. രാജ്യത്തിന്റെ പ്രിസിഡന്റ് പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ട ആവശ്യം ആര്‍ക്കുമില്ല.

പക്ഷെ, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് പണം നല്‍കാന്‍ വിസമ്മതിച്ച യു എസ് പാര്‍ലമെന്റ് ഈ സൈനിക പിന്മാറ്റവും അനുവദിക്കുമെന്ന് തോന്നുന്നില്ല. സ്വന്തം രാജ്യത്തിന്റെ ലോകാധിപത്യം നിഷേധിക്കാന്‍ ആരാണ് സമ്മതിക്കുക? ട്രംപിന്റെ പല ”കിറുക്കുകളില്‍” ഒന്നായേ അവര്‍ ഇതിനെയും കാണൂ. ട്രംപ് സ്വയംതന്നെ ഈ തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാന്‍ തുടങ്ങിയിട്ടുള്ളത് ഇതിന്റെ സൂചനയാണ്.