Web Desk

December 22, 2019, 10:40 pm

ലോകം ചിക്കാഗോയ്ക്ക് മടങ്ങേണ്ടിവരുമോ?

Janayugom Online
lokajalakam

മെയ് ദിനത്തെപ്പറ്റി കേള്‍ക്കാത്തവര്‍ ഈ ഭൂമുഖത്ത് വിരളമായിരിക്കും. കാരണം ലോകത്തെങ്ങുമുള്ള പണിയെടുക്കുന്ന തൊഴിലാളി-കര്‍ഷക ജനസമൂഹത്തിന്റെ വിമോചന ദിനമാണത്. ആ ദിനം വര്‍ഷംതോറും ആഘോഷിക്കാത്ത ഒരു രാജ്യവും ഉണ്ടാവില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ഔദ്യോഗികമായിത്തന്നെ അത് ഒരു ഉത്സവദിനം പോലെയാണ്. സോവിയറ്റ് യൂണിയനിലും മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളിലും കേരളത്തിന്റെ തിരുവോണം പോലെയായിരുന്നു ആ ഉത്സവം. മുതലാളിത്തത്തിന്റെ കേന്ദ്ര തലസ്ഥാനമായി മാറിയിരുന്ന അമേരിക്കയില്‍പോലും ആ ദിനം അനുസ്മരിക്കപ്പെടുന്നുണ്ട്.

ചിക്കാഗൊ ആ നാട്ടിലുമാണല്ലൊ. തൊഴിലാളികളുടെ പ്രവൃത്തിസമയം ചുരുക്കിക്കിട്ടാന്‍ ചിക്കാഗൊയിലെ തൊഴിലാളികള്‍ നടത്തിയ പോരാട്ടം വിജയിച്ചതിന്റെ അനുസ്മരണാര്‍ഥമാണ് ഫ്രെഡറിക്ക് ഏംഗല്‍സ് കൂടി പങ്കെടുത്ത മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഈ ദിനം ലോകമെങ്ങും സമുചിതമായി ആഘോഷിക്കണമെന്ന തീരുമാനം കെെക്കൊണ്ടത്. ചിക്കാഗൊയിലെ തൊഴിലാളികള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് വീരോചിതമായി നടത്തിയ ആ സമരം ലോക തൊഴിലാളിവര്‍ഗം ഏറ്റെടുത്തപ്പോള്‍ മാത്രമാണ് ലോക മുതലാളിത്തം മനസില്ലാമനസോടെയാണെങ്കിലും എട്ട് മണിക്കൂര്‍ ജോലിസമയം നടപ്പാക്കാന്‍ നിര്‍ബന്ധിതമായത്. അതിനുമുന്‍പ് വ്യാവസായിക വിപ്ലവത്തിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ തൊഴിലാളികള്‍ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ എത്രയെന്ന് ഇന്നുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല.

കാള്‍ മാര്‍ക്സ് “മൂലധനം” എന്ന അടിസ്ഥാന ഗ്രന്ഥത്തിന്റെ ഒന്നാം വാള്യത്തില്‍ ഇതെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ വ്യാവസായിക വിപ്ലവത്തിന്റെ ആരംഭകാലത്ത് കാലിത്തൊഴുത്തുകള്‍ക്ക് സമാനമായ ഷെഡ്ഡുകളിലാണ് തുഛമായ കൂലിക്ക് തൊഴിലാളികള്‍ പണിയെടുക്കേണ്ടിവന്നിരുന്നത്. തൊഴിലാളികളും അവരുടെ കുടുംബങ്ങളും അവരുടെ പണിസ്ഥലത്തിന് ചുറ്റുമുള്ള ഓലപ്പുരകള്‍ പോലുള്ള കുടിലുകളിലാണ് അന്തിയുറങ്ങിയിരുന്നത്. ഉറങ്ങാന്‍ അനുവദിച്ചുകിട്ടിയിരുന്നത് മണിക്കൂറുകള്‍ മാത്രവുമായിരുന്നു. തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളും കൊച്ചു കുട്ടികളും പോലും മുതലാളിക്കായി എല്ലുനുറുകെ പണിയെടുക്കേണ്ടിയും വന്നിരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ കൂലി മാത്രമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. അവശ്യ ഭക്ഷ്യസാധനങ്ങള്‍ കമ്പനിയുടെ കടയില്‍ നിന്ന് വാങ്ങണമെന്ന് ശഠിച്ച് അതില്‍ നിന്നും ഒരുഭാഗം മുതലാളി തട്ടിയെടുത്തിരുന്നു.

പ്രാകൃത മുതലാളിത്തത്തിന്റെ കാലത്തെ ഈ ദുസ്ഥിതി 19-ാം നൂറ്റാണ്ടായപ്പോഴേക്ക് വളരെയേറെ മാറിയിരുന്നത് യൂറോപ്പിലും അമേരിക്കയിലും തൊഴിലാളികള്‍ നടത്തിയ ധീരമായ പോരാട്ടങ്ങളിലൂടെയാണ് എട്ടു മണിക്കൂര്‍ ജോലി സമയം ക്ലിപ്തപ്പെടുത്തിക്കിട്ടുന്നതില്‍ അവര്‍ വിജയിച്ചത്. അധ്വാനിക്കുന്നവന്റെ ഒരു അടിസ്ഥാന ആവശ്യം സാധിക്കുന്നതിന് ചിക്കാഗൊ തൊഴിലാളികളുടെ ആത്മത്യാഗമാണ് ഇന്ന് ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഇന്നത്തെ നേട്ടങ്ങള്‍ക്കെല്ലാം അടിത്തറ പാകിയതെന്ന് സര്‍വരും അംഗീകരിക്കുന്നതിന്റെ തെളിവാണ് മെയ് ദിനാഘോഷങ്ങളിലൂടെ ലോകം മുഴുവന്‍ അംഗീകരിക്കുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ എട്ട് മണിക്കൂര്‍ ജോലിയുടെ ദെെര്‍ഘ്യം കുറച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസമായും പലയിടങ്ങളിലും അത് ചുരുക്കിയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഹിന്ദുത്വത്തിന്റെ പേരില്‍ ജനങ്ങളെ ഇളക്കിവിട്ട് പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം നേടിയ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും വ്യത്യസ്ഥമായ ധാരണയാണുള്ളതെന്നാണ് സ്പഷ്ടമാക്കപ്പെട്ടിരിക്കുന്നത്.

പ്രവൃത്തിസമയം ഒന്‍പത് മണിക്കൂറാക്കി ഉയര്‍ത്താനാണ് അവര്‍ പദ്ധതി തയാറാക്കുന്നതെന്ന് അവരുടെ ചില പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നു. ഹിന്ദുവിന്റെ പേരില്‍ നാഴികയ്ക്ക് നാല്‍പത് വട്ടം ആണയിടുന്ന ബിജെപിയുടെയും ആ പാര്‍ട്ടിയുടെ തലതൊട്ടപ്പനായ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെയും (ആര്‍എസ്എസ്) സാമ്പത്തികനയങ്ങള്‍ കറകളഞ്ഞ മുതലാളിത്തത്തിന്റെ പാതയിലൂടെയാണ് രാജ്യത്തെ നയിക്കാന്‍ നോക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെയും രാജീവ് ഗാന്ധിയുടെ കാലംവരെയുമുള്ള രാജ്യഭരണം നടത്തിയിരുന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ഇന്ത്യയെ സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരു സമ്മിശ്ര സമ്പദ് വ്യവസ്ഥയ്ക്കാണ് അടിത്തറ പാകിയത്. ഒന്നര നൂറ്റാണ്ടിലധികം കാലത്തെ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ മൊട്ടുസൂചിപോലും ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.

ദേശീയ വ്യവസായങ്ങള്‍ അതുകൊണ്ടുതന്നെ ഒന്നുപോലും ഇവിടെ വളര്‍ന്നുവന്നില്ല. ഇരുമ്പ്-ഉരുക്ക് ഉല്‍പ്പാദനം പോലുള്ള ഘനി വ്യവസായ മേഖലയില്‍ പ്രത്യേകിച്ചും. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇന്ത്യയിലെ വന്‍കിട വ്യവസായികളായി അറിയപ്പെട്ടിരുന്ന ടാറ്റാ ബിര്‍ലമാരുടെ ആസ്തി രണ്ടക്കങ്ങളില്‍ ഒതുങ്ങിയിരുന്നു. ബ്രിട്ടീഷ് വിലക്കുകളെ അതിജീവിച്ച് ജംഷഡ്പൂരില്‍ ടാറ്റയുടെ കുടുംബം മാത്രമാണ് ചെറിയൊരു ഉരുക്കുമില്ല് സ്ഥാപിക്കാനുള്ള സാഹസം കാണിച്ചത്. 1955ല്‍ ഇന്ത്യ സന്ദര്‍ശിച്ച നികിതാ ക്രുഷ്ച്ചോവാണ് ഭിലായി എന്ന മധ്യപ്രദേശിലെ കുഗ്രാമത്തില്‍ പത്ത് ലക്ഷം ടണ്‍ ഉല്‍പ്പാദനശേഷിയുള്ള ഒരു ഉരുക്കുമില്ല് സ്ഥാപിക്കാനുള്ള കരാര്‍ ഒപ്പുവച്ചത്. പിന്നീട് ബൊക്കാറൊയില്‍ നാല് ദശലക്ഷം ടണ്‍ ഉല്‍പ്പാദനശേഷിയുള്ള കൂറ്റന്‍ ഉരുക്കുമില്ലും സോവിയറ്റ് സഹായത്തോടെ തന്നെ ഉയര്‍ന്നുവന്നു. പില്‍ക്കാലത്ത് വിശാഖപട്ടണത്തിലും സേലത്തും ആ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ തന്നെ കെെഅയച്ചുള്ള സഹായത്തോടെതന്നെ ഉയര്‍ന്നുവന്ന ഉരുക്കുമില്ലുകളും ചേര്‍ന്നാണ് ഇന്ത്യയുടെ ഘനി വ്യവസായ മേഖലയ്ക്ക് കരുത്തുപകര്‍ന്നത്.

ഇതെല്ലാം കാരണം ഇന്ത്യ സോവിയറ്റ് സ്വാധീനത്തിലാകുമോ എന്ന ഭയം കാരണം ദുര്‍ഗാപൂരിലും റൂര്‍ക്കീലയിലും ബ്രിട്ടന്റെയും ജര്‍മനിയുടെയും സഹായത്തോടെ ഉയര്‍ന്നുവന്ന രണ്ട് മില്ലുകളുടെ കാര്യവും ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. പില്‍ക്കാലത്ത് അംബാനിമാരെപ്പോലുള്ള ശതകോടീശ്വരന്‍മാരുടെ ഉയര്‍ച്ചയ്ക്കുള്ള അടിത്തറ ഉണ്ടായത് അങ്ങനെയാണ്. പൊതുമേഖലയുടെ വളര്‍ച്ചയാണ് ഇന്ത്യയില്‍ ഇപ്രകാരം ശക്തമായ വളര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്ന വസ്തുത പാടെ വിസ്മരിച്ചുകൊണ്ടാണ് പില്‍ക്കാല കോണ്‍ഗ്രസ് പ്രധാന മന്ത്രിമാരും സംഘപരിവാറും ആ പൊതുമേഖലയെ വിറ്റുതുലയ്ക്കാന്‍ ഉത്സാഹം കാട്ടുന്നത്. സംഘപരിവാറിന്റെ നരേന്ദ്രമോഡി തന്നെയാണ് പൊതുമേഖലയില്‍ വമ്പിച്ച നേട്ടമുണ്ടാക്കിയ ഈ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മുതലാളിമാര്‍ക്ക് കെെമാറിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കള്‍ സംഘപരിവാര്‍ പക്ഷത്തുള്ള അംബാനിമാരും അഡാനിമാരുമാണെന്ന് പറയേണ്ടതില്ലല്ലൊ.

ഇപ്രകാരം ഹിന്ദുത്വത്തിന്റെ പേരിലാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളുടെ വോട്ട് നേടുന്നതെങ്കിലും ഹിന്ദുക്കളിലും ബഹുഭൂരിപക്ഷം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെങ്കിലും ആ ദരിദ്രനാരായണന്‍മാര്‍ക്ക് വേണ്ടി ഇക്കൂട്ടര്‍ ഒരു ചെറുവിരല്‍പോലും അനക്കിയതായി കാണാന്‍ കഴിയുന്നില്ല. മുതലാളിത്ത പാതയിലാണെങ്കിലും പ്രാകൃത മുതലാളിത്തമാണ് സംഘപരിവാറിന് പ്രിയമെന്ന് കാണാന്‍ പ്രയാസമില്ല. കഠിനാധ്വാനം ചെയ്തിട്ടും തനിക്കും കുടുംബത്തിനും വിശപ്പടക്കാന്‍ പാടുപെടുന്ന അധഃസ്ഥിതര്‍ സംഘപരിവാറിന്റെ കണ്ണില്‍പ്പെടുന്നില്ല. കീറത്തുണി ധരിച്ചും പാതിവയറുകളുമായി കഴിയുന്ന ദരിദ്രന്‍മാര്‍ വോട്ടിനു മാത്രം അവര്‍ക്ക് വേണ്ടുന്ന ഹിന്ദുക്കളാണെന്ന് പറയേണ്ടിവരും. ജോലിസമയം ഒന്‍പതു മണിക്കൂര്‍ ആക്കാമെന്നു പറയുന്ന പ്രധാനമന്ത്രി മോഡിയെപ്പോലുള്ളവര്‍ക്ക് ലക്ഷപ്രഭുക്കളും കോടീശ്വരന്‍മാരുമാകാന്‍ വട്ടംകൂട്ടുന്ന ഹിന്ദുക്കളുടെ താല്‍പര്യത്തിലാണ് ശ്രദ്ധ.

ബാങ്കുകളെയും സര്‍ക്കാരിനെയും കബളിപ്പിച്ച് വിദേശങ്ങളില്‍ ചേക്കേറിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ തയാറാകാത്ത അവര്‍ ചിദംബരത്തെപ്പോലെ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള ഒരു മുന്‍ ധനകാര്യ മന്ത്രിയെ ഒരു പണമിടപാട് കേസിന്റെ പേരില്‍ നൂറ് ദിവസത്തോളം ജാമ്യം അനുവദിക്കാതെ തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കാനാണ് ഉത്സാഹിച്ചത്. അങ്ങനെയുള്ളവര്‍ക്ക് മാത്രമെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രതിദിനമുള്ള തൊഴില്‍സമയം ഒന്‍പത് മണിക്കൂര്‍ ആക്കി ഉയര്‍ത്തണമെന്ന് പറയാന്‍ ധെെര്യമുണ്ടാകു. പ്രാകൃത മുതലാളിത്തമായിരിക്കും അവര്‍ വിഭാവനം ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ചിക്കാഗൊയില്‍ നടന്ന മെയ്ദിന പണിമുടക്കിന്റെ സ്ഥിതിയിലേക്കു ഇന്ത്യയെ പുറകോട്ടടിക്കാമെന്ന അവരുടെ മോഹം നടക്കുമെന്നു തോന്നുന്നില്ല. 1905 കാലത്ത് ബോംബെയിലെ തുണിമില്‍ തൊഴിലാളികളുടെ പണിമുടക്ക് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ നടത്തിയാണ് ഇന്ത്യയിലും എട്ടു മണിക്കൂര്‍ അധ്വാനമെന്ന ആവശ്യം നേടിയെടുത്തതെന്ന് മോഡിക്കും കൂട്ടര്‍ക്കും ഓര്‍മയുണ്ടാകണം. രണ്ടേകാല്‍ നൂറ്റാണ്ട് മുന്‍പുള്ള ചിക്കാഗോയിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ മടക്കി അയയ്ക്കാന്‍ മോഡിയും കൂട്ടരും ശ്രമിക്കാതിരിക്കുന്നതാണ് അവര്‍ക്കും നാടിനും നല്ലത്.