ലോകത്തിലെ ഏറ്റവും ക്രൂരജീവി

Web Desk
Posted on May 26, 2019, 7:37 am

സന്തോഷ് പ്രിയന്‍

പണ്ട് കര്‍ണാടകത്തിലെ അര്‍കല്‍ഗുഡില്‍ ദത്തലാല്‍ എന്നൊരു യുവാവ് ജീവിച്ചിരുന്നു. മൃഗശാലകളില്‍ സന്ദര്‍ശനം നടത്തുക എന്നതായിരുന്നു ദത്തലാലിന് പ്രിയപ്പെട്ട വിനോദം. മൃഗശാലയില്‍ പുതിയൊരു മൃഗത്തെ കൊണ്ടുവന്നിട്ടുണ്ടെന്നറിഞ്ഞാല്‍ മതി അയാള്‍ അവിടെ കുതിച്ചെത്തും.
അങ്ങനെയിരിക്കെ ഒരുദിവസം നഗരത്തിലെ മൃഗശാലയില്‍ ഏറ്റവും ക്രൂരമായ ഒരു ജീവിയെ എത്തിച്ചുവെന്ന് അയാളറിഞ്ഞു. ‑ങേ, ലോകത്തിലെ ഏറ്റവും ക്രൂരനായ ജീവയോ- അതിനെ കണ്ടിട്ടുതന്നെ ബാക്കി കാര്യം. പിന്നെ താമസിച്ചില്ല. ദത്തലാല്‍ മൃഗശാലയിലേക്ക് പാഞ്ഞു.
പുതിയ മൃഗത്തെ കാണാന്‍ അവിടെ ധാരാളം പേര്‍ എത്തിക്കൊണ്ടിരുന്നു. അയാള്‍ ഓരോ മൃഗത്തേയും സൂക്ഷിച്ചിരുന്ന കൂടുകളില്‍ നോക്കി നടന്നു. ‑എവിടെ ക്രൂരനായ മൃഗം. ഒടുവില്‍ ലോകത്തിലെ ഏറ്റവും ക്രൂരജീവി ഇവിടെ എന്ന ബോര്‍ഡ് ദത്തലാല്‍ കണ്ടു. വായൂവേഗത്തില്‍ അയാള്‍ അവിടേക്കു പാഞ്ഞു. അവിടെ കണ്ട കാഴ്ച ദത്തലാലിനെ ശരിക്കും ഇളിഭ്യനാക്കി. ദത്തലാല്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കി ‑ങേ കൂട്ടിനുള്ളില്‍ എന്റെ രൂപമോ- ഇതെന്തു കഥ. കൂട്ടില്‍ എന്റെ പ്രതിച്ഛായ ആണല്ലോ. താനാണോ ലോകത്തിലെ എറ്റവും ക്രൂരനായ ജീവി.- പിന്നാലെ വന്നവര്‍ക്കും ദത്തലാലിന്റെ അനുഭവം തന്നെയായിരുന്നു. സ്വന്തം പ്രതിച്ഛായ നോക്കി ഇളിഭ്യരായി നിന്നു. സ്വന്തം രൂപം വലുതായി കാണുന്ന പ്രത്യേകതരം കണ്ണാടിയായിരുന്നു മൃഗശാലക്കാര്‍ അവിടെ സ്ഥാപിച്ചിരുന്നത്.
‑ശരിയാണല്ലോ സംശയിക്കേണ്ട, ലോകത്തിലെ ഏറ്റവും ക്രൂരന്‍ മനുഷ്യനാണല്ലോ. ക്രൂരതകളില്‍ മൃഗത്തെപോലും അവന്‍ തോല്‍പ്പിച്ചിരിക്കുന്നു. ദത്തലാല്‍ പിന്നെയവിടെ നിന്നില്ല, നേരെ അര്‍ഗല്‍ഗുഡിലേക്ക് ഓടിപ്പോയി.