പരസ്യ പ്രചാരണം അവസാനിച്ചു ; ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടിംഗ് നാളെ

Web Desk
Posted on April 10, 2019, 8:57 am

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടിംഗ് നാളെ നടക്കും. പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലത്തിലെ വോട്ടര്‍മാരാണ് വ്യാഴ്ഴ്ച വിധിയെഴുതുന്നത്. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 8 ഇടത്താണ് ആദ്യഘട്ട വോട്ടെടുപ്പ്. ഉത്തരാഖണ്ഡിലെ അഞ്ച് മണ്ഡലങ്ങളും ഒന്നാം ഘട്ടത്തില്‍ വിധിയെഴുതും.ദക്ഷിണേന്ത്യയില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലേയും ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലേയും വോട്ടെടുപ്പ് ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാകും.  ലക്ഷദ്വീപിലെ ഏകമണ്ഡലത്തിലും  നാളെയാണ്  വിധിയെഴുത്ത്.

ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. ഗുജറാത്തിലും ഗോവയിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും.

നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.