ആലപ്പുഴയില്‍ സിപിഐ ഓഫീസിനു നേരെ ബിജെപി ആക്രമണം

Web Desk
Posted on April 21, 2019, 10:58 pm

ആലപ്പുഴ: കൊട്ടിക്കലാശത്തില്‍ വ്യാപകമായി ബിജെപി ആക്രമണം. സിപിഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ഓഫീസായ എം കെ സ്മാരകം ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഇവരുടെ ആക്രമണത്തില്‍ 26 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഐ (എം) ഏരിയാ കമ്മിറ്റി അംഗം ലിജിന്‍ കുമാറിന്റെയും സിപിഐ ഇല്ലിച്ചിറ ബ്രാഞ്ച് സെക്രട്ടറി ജയകുമാറിന്റെയും പരിക്ക് ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കച്ചേരി ജംഗ്ഷനില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ രണ്ട് ഭാഗങ്ങളിലായി നിന്ന് കൊട്ടിക്കലാശം നടത്തുമ്പോഴാണ് ടിപ്പര്‍ ലോറിയില്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തി ആക്രമണം അഴിച്ചുവിട്ടത്. ബിജെപി ആക്രമണത്തെ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അപലപിച്ചു.
കരുനാഗപ്പള്ളിയിലും ബിജെപി, ആര്‍എസ്എസ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ക്കും എസിപിക്കും സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആര്‍ വസന്തനും പരിക്കുപറ്റി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് നടന്ന എല്‍ഡിഎഫ് പ്രകടനത്തിനു നേരെയാണ് ബിജെപി, ആര്‍എസ്എസ് സംഘം ആക്രമണം നടത്തിയത്.