പ്രചരണത്തില്‍ എല്‍ഡിഎഫ് ഒന്നാമത്; മുന്നേറാനാവാതെ യുഡിഎഫ്

Web Desk
Posted on March 19, 2019, 7:56 pm

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി ഒന്നാമത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒമ്പതാം ദിവസമാണ് പ്രധാനപ്രതിയോഗിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാക്കിയത്. പരാജയ ഭീതിയില്‍ സിറ്റിങ് എംപി പോലും പിന്‍വാങ്ങിയ വടകര സീറ്റില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരനാണ് നിയോഗം. വയനാട് ടി സിദ്ദിഖും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കും. അതേസമയം സ്ഥാനാര്‍ഥികള്‍ ആരെന്നറിയാതെ ബിജെപിഅണികള്‍ ഇന്നും ആശങ്കയിലാണ്.

ജയസാധ്യതയുള്ള സീറ്റ് തേടി അലച്ചിലിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. 16 ഇടങ്ങളിലും സ്ഥാനാര്‍ഥികളായെങ്കിലും പ്രധാനികളാരും തന്നെ പട്ടികയിലില്ല. വടകരയില്‍ കെ മുരളീധരനെ തീരുമാനിച്ചതൊഴിച്ചാല്‍ ശ്രദ്ധേയരാരും തെരഞ്ഞെടുപ്പ് പോരിനില്ല. മുല്ലപ്പള്ളി ഒഴിഞ്ഞിടത്ത് പകരം ആളെ കണ്ടെത്താനുള്ള ദൗത്യം അദ്ദേഹത്തിനുതന്നെ നല്‍കി ഹൈക്കമാന്‍ഡ് കൈകഴുകി. ഒടുവിലാണ് മുരളീധരന്റെ പേര് പരിഗണനയ്‌ക്കെടുത്ത് നിലപാടാരാഞ്ഞത്. പാര്‍ട്ടി തീരുമാനം അംഗീകരിക്കണമെന്നും അല്ലെങ്കില്‍ മറ്റെല്ലായിടത്തും പ്രവര്‍ത്തകര്‍ തളരുമെന്നായിരുന്നു മുരളീധരനോടുള്ള മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശം. മുല്ലപ്പള്ളിയുടെ ആവശ്യപ്രകാരം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുരളീധരനെ വിളിച്ച് മത്സരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. സമ്മതം മൂളിയതായി മുരളി തന്നെയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തുടരുന്ന പോരിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സിദ്ദിഖിന് വയനാടും നല്‍കി. കോഴിക്കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വടകരയില്‍ മത്സരിക്കാന്‍ ഡിസിസി പ്രസിഡന്റായ സിദ്ദീഖ് താല്‍പര്യം കാണിക്കാതിരുന്നത് പാര്‍ട്ടിയില്‍ ചര്‍ച്ചയാണ്. വയനാട് പാര്‍ലമെന്റ് സീറ്റില്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലം മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. സ്ഥിതി പ്രതികൂലമായി നില്‍ക്കുമ്പോഴും ഗ്രൂപ്പിനും സീറ്റിനും പിടിവാശി കാണിക്കുന്നത് നേതൃഗുണമല്ലെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.
അതേസമയം, ടി സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമ ജമാലുദിന്‍ ഫേസ്ബുക്കില്‍ എഴുതിയ ലഘു കുറിപ്പ് വയനാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകിയിട്ടുണ്ട്. ‘വ്യക്തിജീവിതം പൊതുജീവിതത്തിന്റെ കണ്ണാടി പകര്‍പ്പാണ്. സ്വജീവിതത്തിലെ വിശുദ്ധി പൊതുജീവിതത്തില്‍ പ്രതിഫലിക്കും. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും വിശുദ്ധി കാത്തുസൂക്ഷിച്ചു പരിപാലിക്കുന്നവര്‍ ആകട്ടെ നമ്മുടെ സ്ഥാനാര്‍ഥികള്‍’ ഇങ്ങനെയായിരുന്നു നസീമയുടെ കുറിപ്പ്. ലീഗിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ വഴി കുറിപ്പ് നവമാധ്യമലോകത്ത് വൈറലായിട്ടുമുണ്ട്.

മറ്റു പലയിടത്തും നിശ്ചയിക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യപ്രതിരോധം തീര്‍ക്കുകയാണ്. കാസര്‍കോടാണ് ഇക്കാര്യത്തില്‍ ഒന്നാമത്. ബിജെപിയുമായി അടുത്ത ബന്ധമുള്ള രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയോഗിച്ച കോണ്‍ഗ്രസ് നേതൃതീരുമാനത്തിനെതിരെ കാസര്‍കോട് വ്യാപക പ്രതിഷേധമാണ്. ഉണ്ണിത്താനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രമേശ് ചെന്നിത്തലയ്ക്ക് പരസ്യമായി ശ്വാസിക്കേണ്ടിവന്നു. ഉണ്ണിത്താന് ബിജെപിയോടുള്ള കൂറ് രമേശ് ചെന്നിത്തലയ്ക്കും ഉണ്ടെന്നാണ് ഇതേക്കുറിച്ചുള്ള പ്രതിഷേധക്കാരുടെ അടക്കംപറച്ചില്‍.

ഉണ്ണിത്താന്റെ കാസര്‍കോട് ദൗത്യം മഞ്ചേശ്വരത്തെ കച്ചവടമാണെന്ന തിരിച്ചറിവ് മുസ്‌ലീംലീഗിനുണ്ട്. ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വത്തോടുള്ള വിയോജിപ്പ് കോണ്‍ഗ്രസ് നേതൃത്വത്തെ ലീഗ് അറിയിക്കുകയും ചെയ്തു. ഉണ്ണിത്താന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടും വര്‍ഗീയ പ്രീണനവും ലീഗ് പ്രവര്‍ത്തകരെ മാത്രമല്ല ചൊടിപ്പിച്ചിട്ടുള്ളത്.
തൊട്ടടുത്ത കണ്ണൂരില്‍ മണിപവറിനൊപ്പം മസില്‍പവറും ഉപയോഗപ്പെടുത്താനുള്ള കെ സുധാകരന്റെ നീക്കവും പ്രതിഷേധത്തിരയിലാണ്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടി തുടങ്ങി നിരവധി നേതാക്കള്‍ പരോക്ഷമായി സുധാകരനെതിരെ തന്നെ. കോണ്‍ഗ്രസില്‍ പൊതുവെ പ്രതിസന്ധിയുണ്ടാക്കും വിധം വി എം സുധീരനെതിരെ പ്രത്യക്ഷപ്പെട്ട അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റും കണ്ണൂരിനെ ചൂടുപിടിപ്പിച്ചിട്ടുണ്ട്.

മലപ്പുറത്തും പൊന്നാനിയിലും പരാജയഭീതിപൂണ്ട ലീഗ് നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതാക്കളുമായി വോട്ടുകച്ചവടം ഉറപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രവര്‍ത്തകരെ കൊന്നൊടുക്കിയവരുമായുള്ള നേതാക്കളുടെ ബാന്ധവത്തിനെതിരെ ലീഗ് അണികള്‍ രണ്ട് മണ്ഡലങ്ങളിലും പരസ്യമായി തന്നെ രംഗത്തുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും സ്ഥാനാര്‍ഥികളായ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ്ബഷീറും ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ചര്‍ച്ചയല്ല നടന്നതെങ്കില്‍ തങ്ങളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ലീഗ് നേതൃത്വം ആര്‍ജ്ജവം കാട്ടണമെന്ന് വെല്ലുവിളിച്ചരിക്കുകയാണ് എസ്ഡിപിഐ നേതാക്കള്‍.
തൃശൂരില്‍ ടി എന്‍ പ്രതാപനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വ്യാപക പ്രതിഷേധങ്ങളാണുയരുന്നത്. ഡിസിസി പ്രസിഡന്റായി സ്ഥാനമേറ്റ് നാളിതുവരെയും സംഘടനയുടെ പുരോഗതിക്കായി യാതൊന്നും ചെയ്തില്ലെന്നും ലോക്‌സഭാ സീറ്റുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നുവെന്നാണ് ആരോപണം.

വാഗ്ദാനങ്ങള്‍ക്കൊണ്ട് മൂടിയിട്ടും എറണാകുളത്ത് കെ വി തോമസിന്റെ മനസലിഞ്ഞിട്ടില്ല. ഹൈബി ഈഡന്റെ പ്രചരണത്തിന് താനുണ്ടാവില്ലെന്നുതന്നെയാണ് ഇപ്പോഴും കെ വി തോമസ് ആവര്‍ത്തിക്കുന്നത്. ഇടുക്കിയിലും യുഡിഎഫിന് പ്രതിസന്ധിയാണ്. കോട്ടയം സീറ്റില്‍ യുഡിഎഫിന് കരകയറാനാവില്ലെന്നുതന്നെയാണ് അവസ്ഥ. പി ജെ ജോസഫിനെ മെരുക്കിയിട്ടും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് അറുതിയായിട്ടില്ല. മാവേലിക്കര, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലും സ്ഥിതി മറിച്ചല്ല. കൊടിക്കുന്നില്‍ സുരേഷ് മാറിനില്‍ക്കണമെന്ന ആവശ്യം തള്ളിയതോടെ കോണ്‍ഗ്രസിനുള്ളില്‍ മുറുമുറുപ്പ് നാള്‍ക്കുനാള്‍ കൂടുകയാണ്.

ഒട്ടുമിക്കയിടത്തും പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തുവരുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇതിനിടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ രണ്ടാംഘട്ട പ്രചരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. എല്ലായിടത്തും മണ്ഡലം, മേഖലാ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. ബൂത്ത് കണ്‍വന്‍ഷനുകള്‍ അവസാനഘട്ടത്തിലാണ്. മണ്ഡലത്തിലെ പ്രധാന സെന്ററുകളിലും വ്യവസായ‑വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിച്ചെത്തി. തൊട്ടടുത്ത ദിവസങ്ങളില്‍ പൊതുപര്യടന പരിപാടികള്‍ ആരംഭിക്കും. ഇതോടൊപ്പം കുടുംബയോഗങ്ങളിലേക്കും കടക്കും. വലിയ സ്വീകാര്യതയാണ് ഇടതുസ്ഥാനാര്‍ഥികള്‍ക്കാകെ സംസ്ഥാനത്തുടനീളമുള്ളത്. മുഴുവന്‍ സീറ്റുകളിലും വിജയം ഉറപ്പാക്കിയുള്ള മുന്നേറ്റമാണ് നടക്കുന്നത്.