Thursday
12 Dec 2019

ഭരണകക്ഷിയുടെ ചട്ടുകമായി മാറുന്ന ഭരണഘടനാസ്ഥാപനങ്ങള്‍

By: Web Desk | Wednesday 3 July 2019 10:06 PM IST


സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ നിഴല്‍പോലും ഏല്‍ക്കാത്തവരാണ് സംഘപരിവാരമെന്നുള്ളതിനാല്‍, ആ മഹത്പ്രസ്ഥാനം പകര്‍ന്നു നല്‍കിയ പാരമ്പര്യത്തേയും അതുയര്‍ത്തിയ മൂല്യവ്യവസ്ഥകളേയും തിരസ്‌കരിക്കാന്‍ അവര്‍ക്ക് ഒട്ടും സന്ദേഹത്തിന്റെ പ്രശ്‌നമില്ല. സ്വാതന്ത്ര്യസമരപ്രസ്ഥാനം നമുക്ക് നല്‍കിയ ഉപോല്‍പന്നങ്ങളില്‍ ഒന്നാണ് നമ്മുടെ മഹത്തായ ഭരണഘടന. മറ്റൊന്ന് ഭരണഘടന – സ്വയംഭരണ സ്ഥാപനങ്ങളാണ്. അവയില്‍ പ്രധാനപ്പെട്ടവയാണ് ഇലക്ഷന്‍ കമ്മിഷനും റിസര്‍വ് ബാങ്കും. ഭരിക്കുന്നവര്‍ക്ക് ഇത്തരം സ്ഥാപനങ്ങളുടെ പരമാധികാരത്തില്‍ കൈ കടത്താതിരിക്കാന്‍ ചില അതിര്‍വരമ്പുകള്‍ നമ്മുടെ ഭരണഘടനാ ശില്‍പികള്‍ നിശ്ചയിച്ചിരുന്നു. അവയുടെ സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും നിലനിര്‍ത്തുന്നതിനായിരുന്നു അത്. എന്നാല്‍ ആ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഭരണകക്ഷിയുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കുത്തിച്ചെലുത്തുന്ന കാഴ്ചയാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും ഇന്ത്യ കണ്ടത്. നമ്മുടെ പരമോന്നത കോടതിപോലും അതില്‍നിന്നും മുക്തമായിരുന്നില്ല എന്നുള്ളത് ജനാധിപത്യവ്യവസ്ഥയുടെ അപചയമാണ് കാണിക്കുന്നത്.

ഇക്കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ ബിജെപി ഒഴികെ രാജ്യത്തെ എല്ലാ കക്ഷികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഇലക്ഷന്‍ കമ്മിഷന്‍ മുമ്പെങ്ങുമില്ലാത്ത വിധം പഴി കേള്‍ക്കേണ്ടിവന്നു. ജൂലൈ അഞ്ചിന് ഗുജറാത്തില്‍നിന്നും രാജ്യസഭയിലേക്കുള്ള ഒഴിവുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കമ്മിഷന്‍ സ്വീകരിച്ചത്. ഗുജറാത്തില്‍നിന്നും അമിത് ഷായുടെയും സ്മൃതി ഇറാനിയുടെയും ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വെവ്വേറെ നടത്തുന്നതിനെതിരെ ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷനേതാവ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കമ്മിഷന്റെ അധികാരത്തില്‍ കൈകടത്താന്‍ കോടതി തയ്യാറായില്ല. ആര്‍ട്ടിക്കിള്‍ 80(4) പറയുന്ന ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് വെവ്വേറെ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരുമിച്ച് നടത്തിയാല്‍ ബിജെപിക്ക് ഒരെണ്ണം നഷ്ടപ്പെടുമെന്നുള്ളതിനാല്‍ കമ്മിഷന്‍ വെവ്വേറെ വിജ്ഞാപനം നടത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് നിയമജ്ഞര്‍ മാത്രമല്ല മുന്‍ കമ്മിഷണര്‍മാരും രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇലക്ഷന്‍ കമ്മിഷനില്‍ ഉണ്ടായ ഭിന്നത വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യേകശ്രദ്ധ നേടിയിരുന്നു. കമ്മിഷനിലെ ഒരംഗമായ അശോക് ലവാസ കമ്മിഷന്‍ യോഗങ്ങളില്‍നിന്നും തുടര്‍ച്ചയായി വിട്ടുനിന്നു. തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയ മോഡിക്കും അമിത്ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ എടുത്ത തീരുമാനത്തിനെതിരെയാണ് ലവാസ എതിര്‍പ്പുയര്‍ത്തിയത്. മുഖ്യകമ്മിഷണര്‍ സുനില്‍ അറോറയും സുശില്‍ചന്ദ്രയും പക്ഷപാതപരമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് പരക്കെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ഇക്കാര്യത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി രംഗത്ത് വരികയുണ്ടായി.

മോഡിയും അമിത്ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളെ നഗ്നമായി ലംഘിച്ചുകൊണ്ട്, തുടര്‍ച്ചയായി മതവിദ്വേഷം പ്രചരിപ്പിക്കുന്ന പരാമര്‍ശം നടത്തുകയും, രാജ്യത്തെ സൈന്യത്തിന്റെ നേട്ടങ്ങളെ ബിജെപിയുടേയും മോഡിയുടേയും നേട്ടങ്ങളായി ഉയര്‍ത്തികാണിക്കുകയും ചെയ്യുന്ന പ്രസംഗങ്ങളാണ് തെരഞ്ഞെടുപ്പില്‍ നടത്തിയിരുന്നത്. ഏപ്രില്‍ ഒന്നിന് വാര്‍ധയിലും ഏപ്രില്‍ ഒന്‍പതിന് ലാത്തൂരിലും ഏപ്രില്‍ 12ന് ബാര്‍മതിയിലും 25ന് വാരണാസിയിലും നടത്തിയ പ്രചരണങ്ങളെ പറ്റി പ്രതിപക്ഷനേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. രാഹുല്‍ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതിന് കോണ്‍ഗ്രസ് തീരുമാനിച്ച് പ്രഖ്യാപനം നടത്തിയതിനു പിന്നാലെ മോഡി വാര്‍ധയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് ഹിന്ദുക്കളെ ഭയന്ന് രാഹുല്‍ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ വയനാട്ടിലേക്ക് ഒളിച്ചോടിയെന്നാണ്. ഹിന്ദുത്വഭീകരത എന്ന് കോണ്‍ഗ്രസ് പ്രസ്താവിച്ചതിനാല്‍ ഹിന്ദുക്കള്‍ കോണ്‍ഗ്രസിന് എതിരായെന്നും, ഹിന്ദുക്കള്‍ ഭീകരപ്രവര്‍ത്തനം നടത്താറില്ലെന്നും എന്നാല്‍ അത് മറ്റു ചില ന്യൂനപക്ഷവിഭാഗങ്ങളാണ് നടത്താറുള്ളതെന്ന വ്യംഗ്യാര്‍ത്ഥത്തിലാണ്. പ്രധാനമന്ത്രി പ്രസംഗിച്ചത്.

ബിജെപിയുടെ ദേശീയ പ്രസിഡന്റ് അമിത് ഷാ ഏപ്രില്‍ 23 ന് ബിഹാറിലെ സിതാര്‍മഹിയില്‍ നടന്ന പൊതുയോഗത്തില്‍ നമ്മുടെ രാജ്യത്തിന്റെ സൈന്യത്തെ ‘മോഡി കാ സേന’ എന്നാണ് വിശേഷിപ്പിച്ചത്. അതേ ദിവസം തന്നെ മോഡി ഗുജറാത്തില്‍ വോട്ട് ചെയ്തതിനുശേഷം റോഡ് ഷോ നടത്തി എല്ലാ തെരഞ്ഞെടുപ്പ് ചട്ടങ്ങളെയും നഗ്നമായി കാറ്റില്‍ പറത്തി. ഇതിനെതിരെ ഒട്ടനവധി പരാതികള്‍ ഇലക്ഷന്‍ കമ്മിഷനില്‍ നല്‍കിയിട്ടും അതിനെ അവര്‍ ഗൗനിച്ചില്ല. എന്നാല്‍ പ്രതിപക്ഷത്തെ പല നേതാക്കള്‍ക്കും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 2018 ല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന അചല്‍കുമാര്‍ ജ്യോതി ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് മോഡിക്ക് ചില വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനുള്ള അവസരമുണ്ടാക്കിയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇദ്ദേഹം ഗുജറാത്ത് ചീഫ് സെക്രട്ടറിയായിരുന്നു. എന്തായാലും ഭരണ കക്ഷിയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍പില്‍ ഇലക്ഷന്‍ കമ്മിഷന്‍ തങ്ങളില്‍ നിക്ഷിപ്തമായ സ്വയംഭരണാധികാരം അടിയറവയ്ക്കുന്ന കാഴ്ചയാണ് 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനുശേഷവും കണ്ടുവരുന്നത്.

ലോകത്തെ കേന്ദ്ര ബാങ്കുകളില്‍ ഏറ്റവും ശക്തമെന്ന് കരുതുന്ന ഒന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2008ല്‍ ഉണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്നരാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ ആടിയുലഞ്ഞപ്പോള്‍ അചഞ്ചലമായി നിലകൊണ്ട റിസര്‍വ് ബാങ്കിന്റെ ഇന്നത്തെ സ്ഥിതി ആശാവഹമല്ലെന്നാണ് അവിടെ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ കാണിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം രാജിവച്ചുകൊണ്ട് വിരല്‍ ആചാര്യ എന്ന ഉന്നതനായ ഉദ്യോഗസ്ഥന്‍ അതിന്റെ പടിയിറങ്ങിയത് ഈയിടെയാണ്. കേന്ദ്രഗവണ്‍മെന്റുമായി ചില വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന അഭിപ്രായ വ്യത്യാസമാണ് രാജിയിലേക്ക് നയിച്ചത്. കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസം ശേഷിക്കെ, രണ്ടാം മോഡി ഗവണ്‍മെന്റ് അധികാരത്തിലേറി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് രാജി.

മുന്‍ ഗവര്‍ണര്‍മാരായിരുന്ന രഘുറാംരാജനും ഊര്‍ജിത്പട്ടേലും സര്‍ക്കാരുമായി കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു. ഊര്‍ജിത്പട്ടേല്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാജിവച്ചു. രഘുറാംരാജന് രണ്ടാമത് ഒരവസരം നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറായില്ല. രഘുറാംരാജന്‍ പിന്നീട് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തുവരികയുണ്ടായി. എന്നാല്‍ ഊര്‍ജിത്പട്ടേല്‍ പൊതുവെ മാന്യനായ ബ്യൂറോക്രാറ്റ് എന്നറിയപ്പെടുന്ന ആളാണ്. അദ്ദേഹം പരസ്യമായ ഏറ്റുമുട്ടലിന് തയ്യാറായില്ല. എന്തുതന്നെയായാലും ഉന്നതരായ ഈ ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്കിന്റെ സ്വയംനിര്‍ണയാധികാരം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട് അതില്‍ ഖിന്നരായി രാജിവച്ചുപോയവരാണ്. അത്രമാത്രം മോഡി ഗവണ്‍മെന്റ് ഈ സ്വയംഭരണ സ്ഥാപനത്തിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഒന്നാം മോഡി സര്‍ക്കാരിന്റെ അവസാന സമയത്ത് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരം സര്‍ക്കാരിന് കൈമാറുന്നതിന് ധനകാര്യ വകുപ്പ് ശക്തമായ സമ്മര്‍ദം ചെലുത്തുകയുണ്ടായി. ഗുരുതരമായ ധനകമ്മി പരിഹരിക്കപ്പെടുകയെന്നതായിരുന്നു ഇതിലൂടെ ധനകാര്യവകുപ്പ് ലക്ഷ്യം വച്ചത്. ഊര്‍ജിത്പട്ടേലും വിരല്‍ ആചാര്യയും ഇതിനെതിരെ ശക്തമായി നിലകൊണ്ടിരുന്നു. ഏകദേശം 10 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ മൂലധനശേഖരം. രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും വിദേശവ്യാപാര കമ്മി ഉള്‍പ്പെടെ ധനകാര്യ മേഖലയില്‍ അനുഭവപ്പെടുന്ന പ്രതിസന്ധികളെ നേരിടാന്‍ ഈ കരുതല്‍ ധനശേഖരം റിസര്‍വ്വ് ബാങ്കിന്റെ കൈവശമിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് ധനകാര്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതില്‍നിന്നാണ് മൂന്നുലക്ഷം കോടി രൂപ കൈമാറണമെന്ന് സര്‍ക്കാര്‍ ശഠിക്കുന്നത്. എന്നാലിപ്പോള്‍ ഇത് പരിഗണിക്കുന്നതിനുവേണ്ടി ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്. പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പണം ഘട്ടം ഘട്ടമായി കൈമാറണമെന്ന വ്യവസ്ഥയില്‍, ധനകാര്യ വകുപ്പ് തല്‍ക്കാലം പിന്‍വാങ്ങിയിരിക്കുകയാണ്.

സംഘപരിവാരത്തിന്റെ സാമ്പത്തിക നയങ്ങള്‍ റിസര്‍വ് ബാങ്കിനു മുകളില്‍ അടിച്ചേല്‍പിക്കുന്നതിനുവേണ്ടി അതിന്റെ ഭരണസമിതിയില്‍ തികഞ്ഞ ആര്‍എസ്എസുകാരായ ചിലരെ നിയമിച്ചിട്ടുണ്ട്. എസ് ഗുരുമൂര്‍ത്തി അതിലൊരാളാണ്. ആര്‍എസ്എസിന്റെ ബുദ്ധിജീവിയായ ഇദ്ദേഹത്തെപ്പോലുള്ളവരുടെ കുറിപ്പടികളാണ് റിസര്‍വ് ബാങ്കിനെ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്.

നമ്മുടെ രാജ്യത്തിന്റെ യശസുയര്‍ത്തിപ്പിടിക്കേണ്ട അഭിമാനസ്തംഭങ്ങളായ റിസര്‍വ് ബാങ്കിനെപ്പോലുള്ള സ്ഥാപനങ്ങളെപ്പോലും പ്രതിസന്ധിയിലാക്കുന്ന ‘തുഗ്ലക്ക്’ പരിഷ്‌കാരങ്ങള്‍ക്കാണ് സംഘപരിവാരം നിര്‍ബന്ധം പിടിക്കുന്നത്. ആചാര്യയും ഊര്‍ജിത്പട്ടേലും രഘുറാം രാജനും തങ്ങളുടെ പഴയ ലാവണങ്ങളായ വിദേശ സര്‍വ്വകലാശാലകളിലെ അധ്യാപകവൃത്തിയിലേക്ക് മടങ്ങിയിരിക്കുന്നു. ”ഹാര്‍വാര്‍ഡല്ല ഹാര്‍ഡ് വര്‍ക്കാണ് ഇന്ത്യയ്ക്കാവശ്യം” എന്ന് നേരത്തേ അമര്‍ത്യസെന്നിനെ പരിഹസിക്കുന്നതിനുവേണ്ടി നരേന്ദ്രമോഡി പ്രസ്താവിച്ചിരുന്നു. നവലിബറല്‍ നയങ്ങളുടെ വക്താക്കളാണെങ്കില്‍പ്പോലും ഇത്തരം ‘മാന്യരായ’ ബ്യൂറോക്രാറ്റുകള്‍ക്കുപോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത തരത്തില്‍ അസഹിഷ്ണുത ഉല്‍പ്പാദിപ്പിക്കുന്നവരാണ് സംഘപരിവാരമെന്നുള്ളതിന്റെ നിദര്‍ശനമാണ് ഈ ഉന്നത ഉദ്യോഗസ്ഥരുടെ പിന്‍വാങ്ങല്‍.