Monday
27 May 2019

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം ‘ശബരിമല’യില്‍ ഒതുക്കാന്‍ തീരുമാനം

By: Web Desk | Tuesday 12 February 2019 9:52 PM IST


കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ശബരിമല വിഷയം മാത്രം ഉയര്‍ത്തിക്കൊണ്ടുള്ള പ്രചരണ പരിപാടികള്‍ ശക്തമാക്കാന്‍ ബി ജെ പി തീരുമാനം. ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെക്കൂടി ഒപ്പം കൂട്ടിക്കൊണ്ടുള്ള പ്രചരണപരിപാടികള്‍ക്കാണ് സംസ്ഥാന ഘടകം രൂപം നല്‍കിയിട്ടുള്ളത്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനുള്ള വീട്ടിലെ കുടുംബാംഗങ്ങളും ഇക്കുറി ബിജെപിക്കുതന്നെ വോട്ടുചെയ്യണമെന്നും ഇത് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നുമുള്ള നിര്‍ദ്ദേശമാണ് പാര്‍ട്ടി ഘടകം നല്‍കുന്നത്. ഇതുവഴി സ്ത്രീകളുടെതുള്‍പ്പെടെയുള്ള വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. അതോടൊപ്പം വിശ്വസികളായ, സ്ഥിരമായി ശബരിമലയില്‍ പോകുന്ന വരുടെ വിവരങ്ങള്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നുമുണ്ട്. ഇവരുടെ വീടുകളില്‍ കയറി ശബരിമല വിഷയം ഉയര്‍ത്തി സഹകരണം ഉറപ്പാക്കുക എന്നലക്ഷ്യവും ബിജെപിക്കുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ശബരിമല സമരത്തില്‍ പങ്കെടുത്ത ആള്‍ക്കൂട്ടത്തെ കണ്ട് അവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതരുത് എന്ന മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തുമായ പി പി മുകുന്ദന്റെ പ്രസ്താവനയും പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അണികളും മാത്രം വിചാരിച്ചാല്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ കേരളത്തില്‍ നിന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസ് നേതൃത്വം ഇതിനകം കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞു. അതിനാല്‍ തന്നെ നിഷ്പക്ഷ വോട്ടുകള്‍ കൂടി കീശയിലാക്കാനാണ് വീടുകള്‍ കയറിയുള്ള പ്രചരണം നടക്കുന്നത്. നിലവില്‍ ശബരിമല വിവാദം ഉയര്‍ത്തി കേരളത്തില്‍ പൂര്‍ണമായും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത് ബിജെപി മാത്രമാണ്. എന്നാല്‍ ഇത് ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയവിഭാഗം നേതാക്കളും അണികളും വ്യക്തമാക്കുന്നത്.

ശബരിമലയില്‍ മാത്രം കടിച്ചുതൂങ്ങാതെ റഫാല്‍ അഴിമതിയും കര്‍ഷകരുടെ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശവും ഇതാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുഗോദയില്‍ ശബരിമലവിഷയം ബിജെപിമാത്രമായിരിക്കും സജീവമായി ഉയര്‍ത്തുകയെന്നും അതുവഴി വിശ്വാസി സമൂഹത്തിന്റെ വോട്ടുകള്‍ നേടാനാകുമെന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് ഇതിനകം ചര്‍ച്ച നടത്തിക്കഴിഞ്ഞു. നിഷ്പക്ഷവോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ഇത്തവണ ബിജെപിക്ക് കേരളത്തില്‍ എന്തെങ്കിലും സാധ്യതനിലനില്‍ക്കുന്നുള്ളുവെന്ന് ഇതിനകം സംസ്ഥാന നേതൃത്വത്തിന് മനസിലായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ എന്റെ കുടുംബം ബിജെപി കുടുംബം എന്നപേരില്‍ വ്യാപകമായി പ്രവര്‍ത്തകരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കാനും ഇതോടൊപ്പം വീടുകളില്‍ കൊടി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്നലെ കോഴിക്കോട് ദേശീയ നിര്‍വാഹകസമിതി അംഗം സി കെ പദ്മനാഭന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ വസതിയില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. പ്രളയകാലത്ത് എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ പോലും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിനെ എവിടെയും കണ്ടില്ലെന്ന് പിള്ള കുറ്റപ്പെടുത്തി. ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കെപിസിസി വീമ്പ് പറഞ്ഞെങ്കിലും ഒരു വീട് പോലും നിര്‍മ്മിച്ച് നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. പ്രളയകാലത്ത് പത്രസമ്മേളനത്തില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related News