കൊട്ടിക്കലാശം കഴിയുമ്പോഴും കോഴിക്കോട് കുതിപ്പ് ഇടതിന്

Web Desk
Posted on April 21, 2019, 10:19 pm

കെ കെ ജയേഷ്

കോഴിക്കോട്: കൊട്ടിക്കലാശം കഴിഞ്ഞ് നിശബ്ദ പ്രചാരണത്തിലേക്ക് തെരഞ്ഞെടുപ്പ് രംഗം എത്തുമ്പോഴും തികഞ്ഞ വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍. പ്രചരണത്തിന്റെ തുടക്കം നേടാന്‍ കഴിഞ്ഞ മേല്‍ക്കൈ പ്രചരണത്തിന്റെ അവസാനഘട്ടത്തിലും നിലനിര്‍ത്താന്‍ സാധിച്ചു. നല്ല ഭൂരിപക്ഷത്തോടെ ഇടത് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മണ്ഡലം ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി പങ്കജാക്ഷന്‍, സെക്രട്ടറി അഡ്വ. പി എ മുഹമ്മദ് റിയാസ് എന്നിവര്‍ വിലയിരുത്തി.

മണ്ഡലത്തിലെ എല്ലാ കേന്ദ്രങ്ങളിലും ഇടത് മുന്നേറ്റമാണ്. ദേശീയ രാഷ്ട്രീയ സാഹചര്യവും ബിജെപി വിരുദ്ധ വികാരവും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന ജനങ്ങളുടെ ബോധ്യവും ഇടതുപക്ഷത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും അടുപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ എംഎല്‍എ എന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും അനുകൂല ഘടകമാണ്. സ്റ്റിംഗ് ഓപ്പറേഷനിലൂടെ ടിവി 9 എന്ന ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ ഉള്‍പ്പെട്ടത് കോഴിക്കോടിന് തന്നെ മാനക്കേടുണ്ടാക്കിയ സംഭവമാണ്. വ്യാജ വീഡിയോയാണെന്നു പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ രാഘവന്‍ ശ്രമിച്ചിരുന്നു. പക്ഷെ പൊലീസ് അന്വേഷണത്തില്‍ രാഘവന്റെ വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമായി. രാഘവന്റെ പേരില്‍ കേസെടുക്കാം എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഇത്തരമൊരു ഘട്ടത്തില്‍ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയാണ് രാഘവന്‍ ചെയ്യേണ്ടത്. എന്നാല്‍ പച്ചനുണകള്‍ പ്രചരിപ്പിച്ച് അദ്ദേഹം പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ്. കോഴ ആരോപണം ഉയര്‍ന്നതോടെ രാഘവന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം പ്രചാരണ രംഗത്തുനിന്നും പിന്മാറിക്കഴിഞ്ഞു. നേതാക്കളെല്ലാം മറ്റ് മണ്ഡലങ്ങളിലെ പ്രചാരണത്തിലാണ്.

പരാജയം മുന്നില്‍ കണ്ട രാഘവന്‍ ബിജെപിയുമായി വോട്ട് മറിക്കാനും ധാരണയുണ്ടാക്കി. ഇക്കാര്യത്തെച്ചൊല്ലിയാണിപ്പോള്‍ ബിജെപിയില്‍ കലാപം. പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രചാരണരംഗത്തിറങ്ങിയ മണ്ഡലത്തില്‍ വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചുനല്‍കാനാവില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയതും ബിജെപിയിലെ പൊട്ടിത്തെറിക്ക് കാരണമായി. ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപിയുടെ വോട്ട് എം കെ രാഘവന് ലഭിക്കില്ലെന്ന് വ്യക്തമാണ്. ബിജെപിയുടെ വോട്ട് നേടാനുള്ള ശ്രമം പാഴായതോടെ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകളെ സ്വാധീനിക്കാനുള്ള നീക്കമാണ് രാഘവന്‍ നടത്തുന്നത്.
ബിജെപിക്ക് കോണ്‍ഗ്രസ് ബദലല്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നത് വലിയൊരു കാര്യമാണ്. രാഹുല്‍ ഗാന്ധിയുടെ വരവ് യാതൊരു ചലനവും കോഴിക്കോട്ടുണ്ടാക്കിയിട്ടില്ല. മതന്യൂനപക്ഷങ്ങളെ അവഹേളിച്ചുകൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയോട് യാതൊരു പ്രതികരണവും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിട്ടില്ല. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അഴിമതിയെയും വര്‍ഗ്ഗീയതയെയും ജനങ്ങള്‍ പരാജയപ്പെടുത്തും. വികസന നായകന്‍ എ പ്രദീപ് കുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കെ ജി പങ്കജാക്ഷനും അഡ്വ. പി എ മുഹമ്മദ് റിയാസും വ്യക്തമാക്കി.