കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട സമീപനം മാതൃകാപരമാണെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. രോഗ പ്രതിരോധത്തിനൊപ്പം പൊതുജനക്ഷേമവും ഉറപ്പാക്കിയ മാതൃകയെ ലോക്സഭ സ്പീക്കര്‍ അഭിനന്ദിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. രാജ്യത്തെ നിയമസഭാ സ്പീക്കര്‍മാരുമായി ലോക്സഭ സ്പീക്കര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. രാജ്യത്തെ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ഇതിനു ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ രീതികളും ചികിത്സാ സംബന്ധമായ കാര്യങ്ങളും വിശദീകരിച്ചതായി സ്പീക്കര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ലോക് ഡൗണില്‍ വീടുകളിലായിപ്പോയ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേരളത്തില്‍ സ്വീകരിച്ച നടപടികള്‍ ലോക്സഭ സ്പീക്കര്‍ പ്രശംസിച്ചു.
സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണ ലഭ്യത ഉറപ്പു വരുത്തിയതും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും കരുതലും ഉറപ്പാക്കിയതും ലോക്സഭ സ്പീക്കര്‍ പ്രത്യേകം അഭിനന്ദിച്ചതായും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. സമര്‍ത്ഥവും കൃത്യവുമായ ഇടപെടലാണ് കേരളത്തിനെ കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയാക്കിയതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ കോവിഡ് പ്രതിരോധത്തിനായി കേരളം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം കലക്ട്രേറ്റിലെ വീഡിയോ കോണ്‍ഫറന്‍സിംഗ് കേന്ദ്രത്തില്‍ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ സ്പീക്കര്‍മാരുമായുള്ള യോഗത്തില്‍ പി ശ്രീരാമകൃഷ്ണന് പങ്കെടുത്തത്. ആദ്യ കോവിഡ് സ്ഥിരീകരണം മുതല്‍ ലോകാരോഗ്യ സംഘടയുടെയുള്‍പ്പടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിവിധ ഘട്ടങ്ങളിലായി സംസ്ഥാനം സ്വീകരിച്ച പ്രതിരോധ നടപടികള്‍ സ്പീക്കര്‍ വിശദീകരിച്ചു. കോവിഡ് ബാധിതരെ കണ്ടെത്തുന്നതോടൊപ്പം രോഗിയുടെ റൂട്ട് മാപ്പ് ഉള്‍പ്പടെ കണ്ടെത്തിയതിനാലാണ് സമൂഹ വ്യാപനം ഇത്ര കാര്യക്ഷമമായി തടയാന്‍ സംസ്ഥാനത്തിനായത്.
വില്ലേജുകളിലും വാര്‍ഡ് തലങ്ങളിലുമുള്ള ദ്രുതകര്‍മ സേനകളുടെ പ്രവര്‍ത്തനവും സ്പീക്കര്‍ എടുത്തു പറഞ്ഞു. ആദ്യ കോവിഡ് സ്ഥിരീകരിച്ചയുടന്‍ സര്‍ക്കാര്‍ വാര്‍റൂമിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും അവലോകന യോഗം ചേരുകയും തുടര്‍ന്ന് വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനായി വാര്‍ത്താസമ്മേളനം നടത്തുന്നതായും സ്പീക്കര്‍ അറിയിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ 20,000 കോടി രൂപയുടെ ബൃഹത്തായ സാമ്പത്തിക പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ പെന്‍ഷന്‍കാര്‍ക്ക് 8,000 രൂപ വീതം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം ആവശ്യപ്പെടുന്നവര്‍ക്ക് മൂന്ന് നേരവും അവരവരുടെ താമസ സ്ഥലങ്ങളില്‍ വളണ്ടിയര്‍മാര്‍ വഴി എത്തിച്ച് നല്‍കുന്നുണ്ട്.
കൂടാതെ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും സൗജന്യ റേഷനും ഫലവ്യഞ്ജനങ്ങളും നല്‍കിയതായും അദ്ദേഹം സ്പീക്കറെ അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തി ജോലി ചെയ്യുന്നവരെ അതിഥി തൊഴിലാളികള്‍ എന്നാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. അവര്‍ക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ഇഷ്ടപ്പെടുന്ന ആഹാരം പാകം ചെയ്യുന്നതിനാവശ്യമായ ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. സ്വന്തമായി പരാതി സെല്ലുകള്‍ രൂപീകരിച്ചും സാമൂഹിക ഭക്ഷണ വിതരണത്തില്‍ പങ്കുകൊണ്ടും കേരള നിയമസഭയും ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. കോവിഡ് 19 പ്രതിരോധത്തിന് കേരളം കൈക്കൊണ്ട നടപടികളെ ലോക്സഭ സ്പീക്കര്‍ അഭിനന്ദിക്കുകയും ചെയ്തു.
ENGLISH SUMMARY: loksabha speaker congratulate kerala’s covid model
YOU MAY ALSO LIKE THIS MODEL
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.