ദേശീയപാതയുടെയും ജില്ലാ റോഡുകളുടെയും വികസനത്തിന്

Web Desk
Posted on March 21, 2019, 10:52 pm

കേരളത്തിലെ സംസ്ഥാനപാതകള്‍, പ്രധാന ജില്ലാറോഡുകള്‍ തുടങ്ങിയവ പരിപാലിക്കുന്നത് പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) വിഭാഗമാണ്. റോഡ് ശൃംഖലയുടെ 15 ശതമാനം ഉള്‍ക്കൊള്ളുന്ന പൊതുമരാമത്ത് വകുപ്പ് റോഡുകളിലൂടെയാണ് വാഹനഗതാഗതത്തിന്റെ 80 ശതമാനവും നടക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) 2017–18 ല്‍ പരിപാലിച്ച ആകെ റോഡ് ദൈര്‍ഘ്യം 31,812.106 കിലോമീറ്ററായിരുന്നു. ഇതില്‍ 4,341,651 (13.65 ശതമാനം) കിലോമീറ്റര്‍ റോഡുകള്‍ സംസ്ഥാന പാതകളും 27,470.455 (86.35 ശതമാനം) കിലോമീറ്റര്‍ റോഡുകള്‍ ജില്ലാറോഡുകളുമാണ്. സംസ്ഥാനപാതകളുടെ 4,341,651 കിലോമീറ്റര്‍ ആകെ ദൈര്‍ഘ്യത്തില്‍, 1,640 കിലോമീറ്റര്‍ റോഡുകള്‍ ഇരട്ടവരിപ്പാതകളും 2404 കിലോമീറ്റര്‍ ഒറ്റ വരിപ്പാതകളോ അതിലും താഴെയുള്ളതോ ആണ്. 27,470,455 കിലോ മീറ്റര്‍ വരുന്ന പ്രധാന ജില്ലാറോഡുകളില്‍, 1,310 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് രണ്ടുവരിപ്പാതകളും 26,60 കിലോമീറ്റര്‍, അതായത് 9.27 ശതമാനം റോഡുകള്‍ മാത്രമേ രണ്ടു വരിപ്പാതകളായുള്ളൂ. പൊതുമരാമത്ത് വകുപ്പ് പരിപാലിക്കുന്ന 31812.106 കിലോമീറ്റര്‍ ആകെ റോഡ് ദൈര്‍ഘ്യത്തില്‍ ഏറ്റവും കൂടുതല്‍ 3,456.214 കിലോമീറ്റര്‍ (10.86 ശതമാനം) ദൈര്‍ഘ്യം കോട്ടയം ജില്ലയിലും കുറവ് 1,029.314 കിലോമീറ്റര്‍ (3.24 ശതമാനം) വയനാട് ജില്ലയിലുമാണ്.

പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ 2017 മാര്‍ച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് 5,529 പാലങ്ങളും 21,400 കലുങ്കകളുമുണ്ട്. അതില്‍, 162 പാലങ്ങളും, 1,557 കലുങ്കുകളും സുരക്ഷിതാവസ്ഥയില്‍ അല്ലാത്തുതിനാല്‍ പുനര്‍നിര്‍മ്മാണ‑നവീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായിട്ടുള്ളവയാണ്.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ)ക്കുവേണ്ടി സംസ്ഥാന പാതകള്‍, പ്രധാന ജില്ലാറോഡുകള്‍, ദേശീയപാതകള്‍ എന്നിവയുടെ നിര്‍മ്മാണ, പരിപാലന നയരൂപീകരണം, ആസൂത്രണം, മാതൃകകള്‍ തയ്യാറാക്കല്‍ എന്നിവ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കുന്നു. പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. അതിനാല്‍, കാലാനുസൃത ആവശ്യങ്ങള്‍ നേരിടുന്നതിന് സ്വകാര്യ പങ്കാളിത്തം, ബഹുരാഷ്ട്ര ഫണ്ടിങ് ഏജന്‍സികളായ ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ബാങ്ക് (ജെബിഐസി), ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപമെന്റ് ബാങ്ക് (എഡിബി) എന്നിവിടങ്ങളില്‍ നിന്നും സാമ്പത്തികസഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

പൊതുമരാമത്ത് വകുപ്പ് റോഡുകളും പാലങ്ങളും വിഭാഗം 2017–18 ല്‍ 1893.63 കിലോമീറ്റര്‍ സംസ്ഥാനപാതകളുടേയും മറ്റ് ജില്ലാ റോഡുകളുടേയും വികസനവും മെച്ചപ്പെടുത്തലും പൂര്‍ത്തീകരിച്ചു. ഇതില്‍ 893.73 കിലോമീറ്റര്‍ ബിറ്റമിന്‍ മെക്കാഡ ആന്റ് ബിറ്റമിന്‍ കോണ്‍ക്രീറ്റ് (ബിഎംആന്റ് ബിസി)ഉപയോഗിച്ച് ഉപരിതലം മെച്ചപ്പെടുത്തലും 999.9 കിലോമീറ്റര്‍ സാധാരണ രീതിയില്‍ ഉപരിതല മെച്ചപ്പെടുത്തലും നടത്തി. റോഡുകളും പാലങ്ങളും വിഭാഗം 5 പാലങ്ങളുടെ പണികള്‍ പൂര്‍ത്തീകരിച്ചു. 105.69 കിലോമീറ്റര്‍ ഉള്‍പ്പെടെയുള്ള 112.93 കിലോമീറ്റര്‍ വരുന്ന ഗ്രാമീണ റോഡുകള്‍ നബാര്‍ഡ് സഹായത്തോടെ സിഎംആന്റ് ബിസി റോഡുകളായി വികസിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചു.

കേന്ദ്ര ഗവണ്‍മെന്റ് അനുവദിക്കുന്ന തുക ഉപയോഗിച്ച് സംസ്ഥാനത്തെ ദേശീയ പാതകളുടെ വികസനം നടത്തുന്നത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ എന്‍എച്ച് വിഭാഗമാണ്. സംസ്ഥാനത്ത് 11 ദേശീയപാതകളുടെ ആകെ ദൈര്‍ഘ്യം 1781,50 കി.മീറ്ററാണ്. ഇതില്‍, 1,339 കി.മീറ്റര്‍ (76.6 ശതമാനം) ദൂരം ദേശീയപാത അതോറിറ്റി ഓഫ് ഇന്‍ഡ്യ (എന്‍എച്ച്എെഎ) ഏറ്റെടുത്ത് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ച് വരുന്നു. ബാക്കിയുള്ള 408 കി.മീറ്റര്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ്.

11 ദേശീയ പാതകളില്‍ വല്ലാര്‍പാടം-കളമശ്ശേരി എന്‍എച്ച് 47 സി(പുതിയ എന്‍എച്ച് 966 എ) യുടെ വികസന പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ)യുടെ ചുമതലയിലാണ് നടക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പരിപാലിക്കുന്ന 203 കി.മീറ്റര്‍ റോഡ് ദൈര്‍ഘ്യത്തിനു പുറമെ വരുന്ന റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള തുക ചെലവഴിക്കുന്നത് ഭാരത സര്‍ക്കാരിന്റെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് (മോര്‍ത്ത്). ദേശീയ പാതകളിലെ ദൈനംദിന അറ്റകുറ്റപ്പണികള്‍, ട്രാഫിക് സുരക്ഷാ ജോലികള്‍, ജങ്ഷനുകള്‍ മെച്ചപ്പെടുത്തല്‍, നഗരത്തിലെ ബൈപാസ് ലിങ്ക് റോഡുകളുടെ നവീകരണം എന്നിവ സംസ്ഥാന ബജറ്റ് സഹായത്തോടെ നടപ്പിലാക്കിവരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സെന്‍ട്രല്‍ റോഡ് ഫണ്ടിനത്തില്‍ നിന്ന് ലഭിക്കുന്ന തുക സംസ്ഥാന പാതകള്‍, മറ്റ് ജില്ലാ റോഡുകള്‍ തുടങ്ങിയവയുടെ വികസനത്തിനായി ഉപോയഗിക്കുന്നു. ഈ കാലയളവില്‍ 31 തുടര്‍ പദ്ധതികള്‍ക്കും 16 പുതിയ പദ്ധതികള്‍ക്കും തുടക്കം കുറിക്കുകയുണ്ടായി. ദേശീയപാതയുടെയും ജില്ലാ റോഡുകളുടെയും വികസനത്തിന് നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റാണ്‍ ആയിരം ദിനം പിന്നിട്ടത്.