നീരവ് മോഡിക്ക് അറസ്റ്റ് വാറണ്ട്

Web Desk
Posted on March 18, 2019, 10:27 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ രാജ്യംവിട്ട വിവാദ വ്യവസായി നീരവ് മോഡിക്ക് അറസ്റ്റ് വാറണ്ട്. ലണ്ടന്‍ കോടതിയാണ് നീരവ് മോഡിയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 25ന് നീരവ് മോഡിയെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
നീരവ് മോഡിയെ കൈമാറണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി. അടുത്ത ദിവസംതന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ നിലവിലുള്ള കേസില്‍ വിചാരണ പൂര്‍ത്തിയായാല്‍ നീരവ് മോഡിയെ കൈമാറുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കും.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടിയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോഡി ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. നീരവ് മോഡിയും ബന്ധുക്കളും ചേര്‍ന്ന് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്‌ഐആറുകളാണ് നീരവ് മോഡിക്കും ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സിബിഐക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോഡിയും കുടുംബാംഗങ്ങളും ബന്ധുവായ മെഹുല്‍ ചോക്‌സിയും രാജ്യംവിട്ടിരുന്നു.

Photo Courtesy: Business Standard