17 April 2024, Wednesday

ദേശീയ പതാക നീണാൾ വാഴട്ടെ

Janayugom Webdesk
August 7, 2022 5:00 am

ബിജെപിയുടെ അസാധാരണമായ എടുത്തുചാട്ടങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാജ്യം സാക്ഷിയാകുകയാണ്. സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളോടും ദേശീയ പതാകയോടുമുള്ള കൂറും വിശ്വസ്തതയും പ്രകടിപ്പിക്കാൻ ബിജെപിയും സംഘ്പരിവാറും ഇപ്പോൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. എന്നാൽ, രാജ്യചരിത്രത്തിൽ നാമമാത്ര ധാരണയുള്ളവർക്കുപോലും അറിയാം ബിജെപിക്കോ ആർഎസ്എസ് നയിക്കുന്ന പരിവാർസംഘടനകൾക്കോ സ്വാതന്ത്ര്യസമരപോരാട്ടങ്ങളിൽ യാതൊരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല എന്ന യാഥാർത്ഥ്യം. ആർഎസ്എസ് സിദ്ധാന്തമായ സാംസ്കാരിക ദേശീയതയോട് പ്രതിബദ്ധത പുലർത്തിയവർ പൂർണമായും സ്വാതന്ത്ര്യസമരപോരാട്ടങ്ങളിൽ നിന്ന് മാറിനിന്നിരുന്നു. സ്വാതന്ത്ര്യസമരവും തീഷ്ണമായ പോരാട്ടങ്ങളും രാഷ്ട്രീയ അഭ്യാസമെന്ന് ഇവർ പരിഹസിച്ചു. ദേശീയ പതാകയിൽ സ്പർശിക്കുന്നതിനു പോലും മടിച്ചു.
രാജ്യം സ്വതന്ത്രമായി പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങളെ അവർ പിന്തുണച്ചു. തങ്ങളുടെ സാമ്രാജ്യത്വ ദാസ്യ സമീപനത്തിൽ മാറ്റം ചിന്തിച്ചതേയില്ല, വിഷമിച്ചതുമില്ല. ജനങ്ങൾ സ്വാതന്ത്ര്യദിനവും ത്രിവർണ പതാകയും ആഘോഷിച്ചപ്പോൾ അവർ അന്ധതനടിച്ചു. സ്വാതന്ത്ര്യലബ്ദിക്കു ശേഷം 52 വർഷങ്ങളോളം ആർഎസ്എസ്-ബിജെപി കൂട്ടം തങ്ങളുടെ ഓഫീസുകൾക്ക് സമീപമോ ശാഖകളിലോ ദേശീയ പതാക ഉയർത്തുന്നതിനെക്കുറിച്ച് ആലോചിച്ചില്ല. അവർക്ക് അവരുടെതായ വിചിത്ര വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നു.


ഇതുകൂടി വായിക്കൂടി: ഗാന്ധിസ്മരണയില്‍ നടന്ന ചവിട്ടുനാടകങ്ങള്‍


ഇപ്പോൾ വെളിപാടുപോലെ ആർഎസ്എസും ബിജെപിയും ദേശീയ പതാകയെ ആദരിക്കാൻ അത്യുത്സാഹം കാണിക്കുന്നു. ഈ മാസം 13ന് തന്നെ സ്വാതന്ത്ര്യ ദിനാഘോഷം ആരംഭിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ത്രിവർണ പതാക ദേശീയ പതാകയായി അംഗീകരിക്കപ്പെട്ടത് 1947ൽ ഓഗസ്റ്റ് 13നായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. രാജ്യത്ത് ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദേശീയ പതാകയുടെ ആഘോഷത്തിന് ഉത്സവപ്പെരുക്കങ്ങളുമായാണ് കേന്ദ്രഭരണകൂടം നിൽക്കുന്നത്. ത്രിവർണ പതാകകളുടെ നിർമ്മിതി വർധിപ്പിക്കുന്നതിന് ദേശീയ പതാക കോഡ് ഭേദഗതി ചെയ്തു. പതാകനിർമ്മിതിക്കായി ചൈനയിൽ നിന്ന് വൻതോതിൽ പോളിസ്റ്റർ തുണി ഇറക്കുമതി ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയാകട്ടെ സ്വാതന്ത്ര്യസമരപോരാട്ടങ്ങൾക്ക് പുതുചരിത്രം നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. വസ്തുതകൾ മാറ്റിമറിച്ച് ബിജെപിയുടെ ഇച്ഛാനുസൃതമുള്ള ചരിത്ര നിർമ്മിതിയാണ് ലക്ഷ്യം. 1931ൽ ദേശബോധത്തിന്റെ പ്രതീകമായി ഉയർത്തിയ ത്രിവർണ പതാക ജനഹൃദയങ്ങളിൽ ഇടം നേടി. എന്നാൽ ത്രിവർണ പതാകയോടുള്ള ആർഎസ്എസിന്റെ എതിർപ്പ് ആദ്യം മുതൽ പ്രകടമായിരുന്നു. ഹെഡ്ഗേവാറും ഗോൾവാൾക്കറും ത്രിവർണ പതാകയ്ക്കെതിരായ ആർഎസ്എസ് പ്രചാരണങ്ങളുടെ കുന്തമുനയായി. ‘ഓം’ പതിച്ച കാവി പതാകയ്ക്ക് വേണ്ടിയായിരുന്നു അവർ വാദിച്ചത്. കാവി പതാക രാജ്യത്തിന്റെ സാംസ്കാരിക ധാർമ്മികതയെ പ്രതിനിധീകരിക്കുന്നുവെന്ന് അവർ നിലപാടെടുത്തു. മഹാഭാരത കാലം മുതൽ രാജ്യത്തെ ക്ഷേത്രങ്ങളിൽ കാവി പതാക പാറിപ്പറന്നിരുന്നുവെന്ന് അവർ പ്രചരിപ്പിച്ചു. 1931 ജനുവരിയിൽ ത്രിവർണ പതാക ഉയർത്താൻ കോൺഗ്രസ് ആഹ്വാനം ചെയ്തപ്പോൾ ആർഎസ്എസ് അതിനെ ചെറുത്തുകൊണ്ട് പരസ്യമായി രംഗത്തെത്തി. പ്രഥമ സർ സംഘ് ചാലക് ഹെഡ്ഗേവാർ ത്രിവർണ പതാകയ്ക്ക് പകരം ഭഗവാധ്വജ് (കുങ്കുമ പതാക) ഉയർത്താൻ എല്ലാ ശാഖകൾക്കും നിർദ്ദേശം നൽകി. ആർഎസ്എസ് അതിന്റെ ചരിത്രത്തിലുടനീളം ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് വിപരീത വീക്ഷണം ഉയർത്തിപ്പിടിച്ചിരുന്നു. വ്യത്യസ്തമായ ദേശീയ പതാക അവർക്ക് അനിവാര്യവുമായിരുന്നു.


ഇതുകൂടി വായിക്കൂടി: ഗാന്ധിഘാതകര്‍ രാജ്യദ്രോഹികള്‍


1946 ജൂലൈ 14ന് നാഗ്പൂരിൽ സ്വയം സേവകരുടെ ഒരു സമ്മേളനത്തിൽ ഗോൾവാള്‍ക്കർ നിലപാട് ആവർത്തിച്ചു: ‘ഭാരത സംസ്കാരത്തെ ആകെ പ്രതിനിധീകരിക്കുന്നത് കാവി പതാകയാണ്. അത് ദൈവത്തിന്റെ ഭാവമാണ്. ഒടുവിൽ രാഷ്ട്രം മുഴുവൻ കാവിധ്വജത്തെ വണങ്ങുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ‘ദ എറ്റേണൽ ബേസിസ്’ എന്ന ലേഖനത്തിൽ ഗോൾവാൾക്കർ എഴുതി, ‘നമ്മുടെ രാജ്യത്തിനായി എന്തിന് ഒരു പുതിയ പതാക സ്ഥാപിച്ചു. വ്യതിയാനവും അനുകരണവും മാത്രമാണത്… ഈ പതാക എങ്ങനെ ഉണ്ടായി. ഫ്രഞ്ച് വിപ്ലവകാലത്ത്, ‘സമത്വം’, ‘സാഹോദര്യം’, ‘സ്വാതന്ത്ര്യം’ എന്നീ മൂന്ന് ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനായി ഫ്രഞ്ചുകാർ അവരുടെ പതാകയിൽ മൂന്ന് ദീർഘഖണ്ഡങ്ങൾ തീർത്തു. അത് കോൺഗ്രസ് ഏറ്റെടുത്തു. ഹിന്ദുക്കൾക്ക് കാവിയും മുസ്‌ലിങ്ങൾക്ക് പച്ചയും മറ്റെല്ലാ സമുദായങ്ങൾക്കും വെള്ളയും — വിവിധ സമുദായങ്ങളുടെ ഐക്യമായി അത് ചിത്രീകരിക്കപ്പെട്ടു. ഹിന്ദു ഇതര സമുദായങ്ങളിൽ നിന്ന് മുസ്‌ലിം എന്ന പദം പ്രത്യേകമായി വേർതിരിച്ച് വിളിക്കപ്പെട്ടു, കാരണം പല നേതാക്കളുടെയും മനസിൽ മുസ്‌ലിം ആധിപത്യം നിലനിന്നിരുന്നു. ഇക്കാര്യങ്ങളെ അഭിമുഖീകരിക്കാതെ ദേശീയത പൂർണമാകുമെന്ന് അവർ ചിന്തിച്ചിരുന്നുമില്ല!’ ഇത്തരത്തിൽ സാമുദായിക വിരുദ്ധ ദുർവ്യാഖ്യാനങ്ങൾ തീർത്ത്, ത്രിവർണ പതാകയോടുള്ള എതിർപ്പ് ആർഎസ്എസ് വ്യക്തമാക്കിക്കൊണ്ടേയിരുന്നു. ത്രിവർണ പതാക സ്വാംശീകരിക്കുന്ന യഥാർത്ഥവും ദേശസ്നേഹപരവുമായ ആശയങ്ങളിൽ നിന്ന് അവർ ബോധപൂർവം അകലെ നിന്നു. വിദ്വേഷത്തിന്റെ തത്വദർശനത്തിലൂന്നി പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സംഘവും പരിവാരങ്ങളും ദേശീയ പതാകയോടുള്ള വിയോജിപ്പ് നിരന്തരം സൂക്ഷിച്ചു. ദേശീയ പതാകയുടെ നിറങ്ങൾ രാജ്യത്തിന്റെ ഏകത്വത്തെയും വൈവിധ്യത്തെയും സൂചിപ്പിക്കുന്നു എന്ന ആശയം അവർക്ക് ഉൾക്കൊള്ളാനായില്ല. ഒരു മഹത്തായ രാഷ്ട്രത്തിലെ ജനസമൂഹം ഉൾക്കൊള്ളുന്ന മൂല്യങ്ങളുടെ സാംസ്കാരികവും പ്രകൃതിദത്തവും ദാർശനികവുമായ സൗന്ദര്യം ദേശീയ പതാകയിൽ അന്തർലീനമാണ്.
ദേശീയ പതാക പ്രതിനിധീകരിക്കുന്ന ഇത്തരം ധാർമ്മികതയുമായി ആർഎസ്എസ്-ബിജെപി സംഘം എക്കാലവും വൈകാരികവും രാഷ്ട്രീയവുമായ അകലം പാലിച്ചു. 2002ൽ എ ബി വാജ്പേയി ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ മാത്രമാണ് നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് അവർ ത്രിവർണ പതാക ഉയർത്തിയത്. ദേശീയ പതാകയോടുള്ള അനാദരവ് ബിജെപി നേതാക്കളിലും പ്രവർത്തകരിലും പതിവായിരുന്നു. യുപി മുൻ മുഖ്യമന്ത്രിയും രാജസ്ഥാൻ ഗവർണറുമായിരുന്ന കല്യാൺ സിങ്ങിന്റെ അന്ത്യകർമ്മങ്ങൾക്കിടെ ദേശീയപതാക ബിജെപി പതാകകളുടെ അടിയിൽ പാതിമൂടി കിടന്നു. പ്രധാനമന്ത്രി ഉൾപ്പെടെ ആർഎസ്എസ് ബിജെപി കൂട്ടരിൽ ആർക്കും തന്നെ നഗ്നമായ ഈ അനാദരവിൽ ഖേദമുണ്ടായില്ല. ഇക്കൂട്ടരാണ് ഇപ്പോൾ രാപ്പകൽ ത്രിവർണ പതാകയെ സ്തുതിക്കുന്നത്. അവർക്ക് എല്ലാം പ്രചാരണമാണ്. രാഷ്ട്രം, ദേശീയ ധാർമ്മികത, ദേശീയ പതാക എന്നിവയെല്ലാം ഒരേ ലക്ഷ്യത്തോടെ ഉയർത്തിക്കാട്ടുന്നു — കാവിവല്ക്കരണത്തിന്, രാഷ്ട്രീയക്കളികളുടെ തുടർച്ചയായി, അധികാരത്തിൽ കടിച്ചുതൂങ്ങി തുടരുന്നതിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.