രാമനുപോലും ബലാത്സംഗങ്ങള്‍ തടയാനാകില്ല; ബിജെപി എംഎല്‍എ

ബാലിയ: രാമന് നേരിട്ടുവന്നാല്പോലും ബലാത്സംഗങ്ങള്‍ തടയാനാകില്ലെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. യോഗി ആദിത്യ നാഥ് ഭരിക്കുന്ന യൂപിയിലെ ബരിയയില് നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം. പ്രസ്തവാന വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബലാത്സംഗം തടയേണ്ടത് ഭരണഘടന ഉപയോഗിച്ചല്ലെന്നും സിംഗ് പറഞ്ഞു.
സമീപകാലത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ രാമന് നേരിട്ടുവന്നാലും കഴിയില്ല. സമൂഹത്തിലെ പുഴുക്കുത്തുകളാണ് ഇത്തരം സംഭവങ്ങള്‍. ഭരണഘടനയ്ക്ക് ഇതിനെതിരെ ഒന്നുംചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്ര സിംഗിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം പരാമര്‍ശത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് ബിജെപി വക്താവ് രാകേഷ് ത്രിപതി രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ഉയര്‍ന്ന മൂല്യങ്ങള്‍ വേണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ത്രിപതി വിശദീകരിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം മാതാപിതാക്കളും സ്മാര്‍ട്ട് ഫോണുകളുമാണെന്ന് നേരത്തെ സുരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. ഇതിനെതിരെയും വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു.