Thursday
22 Aug 2019

ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;ലോകത്തെ മികച്ച കായികതാരം ദ്യോകോവിച്

By: Web Desk | Tuesday 19 February 2019 10:38 PM IST


Dyokovich

മൊണാക്കോ: ലോകകായിക രംഗത്തെ ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നെവാക് ദ്യോക്കോവിച്ചിന്. കായിക രംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്‌കാരമാണിത്. ഫുട്‌ബോള്‍ താരങ്ങളായ ലൂക്കാ മോഡ്രിച്ചിനേയും കിലിയന്‍ എംബാപ്പെയെയും മറികടന്നാണ് നേട്ടം. അമേരിക്കയില്‍ നിന്നുള്ള ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ് മികച്ച വനിത താരമായി. അതേസമയം മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് പുരസ്‌കാരം സ്ത്രീ ശാക്തീകരണത്തിനായി ജാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘യുവ’ എന്ന എന്‍ജിഒയ്ക്കാണ്.

കഴിഞ്ഞ വര്‍ഷം മികച്ച ഫോമിലായിരുന്ന ദ്യോക്കോവിച്ച് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നേടിയിരുന്നു. കഴിഞ്ഞവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ പ്രകടനമാണ് സിമോണെയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇത് നാലാംതവണയാണ് ദ്യോക്കോവിച്ച് ലോറസ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്, സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ എന്നിവര്‍ നേരത്തെ നാലുതവണ പുരസ്‌കാരം നേടിയിട്ടുണ്ട്. അവസാന പട്ടികയില്‍ ഇടംപിടിച്ചിട്ടും പലകുറി വഴുതിപ്പോയ ലോറസ് പുരസ്‌കാരം ഇത്തവണ സിമോണ്‍ ബൈല്‍സിന്റെ കയ്യില്‍ ഭദ്രമായെത്തി. മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിനാണ്. പരിക്ക് കാരണം ദീര്‍ഘനാള്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. പിന്നാലെ ഒട്ടേറെ വിവാദങ്ങളിലും അകപ്പെട്ടു. എന്നാല്‍, ഒടുവില്‍ കരിയറിലെ 80-ാത് പിജിഎ ടൂര്‍ണമെന്റില്‍ ചാമ്പ്യനായി സ്വപ്‌നതുല്യ തിരിച്ചുവരവ് നടത്തിയ ടൈഗര്‍ വുഡ്‌സിന് അര്‍ഹിക്കുന്ന പുരസ്‌കാരം.

പോയ വര്‍ഷത്തെ ഫിഫ ലോകകപ്പ് നേടിയ ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിനാണ് ലോറിയസ് ലോക ടീമിനുള്ള പുരസ്‌കാരം. ബ്രേക്ക്ത്രൂ പുരസ്‌കാരം ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക സ്വന്തമാക്കി. ലൈഫ് ടൈം അവാര്‍ഡ് ലഭിച്ചത് മുന്‍ ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍ക്കാണ്. ജാര്‍ഖണ്ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘യുവ’യാണ് മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറന്‍സ് പുരസ്‌കാരം നേടിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ പാക് ക്രിക്കറ്റ് ടീമുകള്‍ ഈ പുരസ്‌കാരം പങ്കിട്ടിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തെരെഞ്ഞെടുത്തത്‌

Related News