Janayugom Online
lorry accident

കോഴിക്കോടിന്റെ വളവുകളില്‍ ലോറി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഭീതിയും

Web Desk
Posted on September 21, 2018, 9:53 pm

കെ കെ ജയേഷ്

കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് ടാങ്കര്‍ ലോറി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വാഹനാപകടങ്ങള്‍ സ്വാഭാവികമാണെങ്കിലും ഇത് സംബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നും നടപ്പാക്കാത്തതാണ് ജനങ്ങളില്‍ പ്രതിഷേധം ശക്തമാക്കുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് മലപ്പുറത്തെ പാണമ്പ്ര വളവില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞത്. സ്ഥിരമായി അപകടങ്ങള്‍ സംഭവിക്കുന്ന മേഖലയാണിത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് സംശയം. അപകടം ഉണ്ടായതോടെ സമീപത്തെ വീടുകളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ ജാഗ്രത കൊണ്ടു മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും മലപ്പുറത്ത് ടാങ്കര്‍ അപകടത്തില്‍ പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാത്രി ഒരു ഡ്രൈവര്‍ മാത്രമായി സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ തടയുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുകവരെ ചെയ്തിരുന്നു. എന്നാല്‍ പലപ്പോഴും ടാങ്കര്‍ ലോറികളില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടാകാറുള്ളതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.
ദിവസങ്ങളോളം ദീര്‍ഘദൂരം ഓടിയെത്തുന്ന ടാങ്കര്‍ ലോറികളില്‍ വിദഗ്ധരായ രണ്ടു ഡ്രൈവര്‍മാരും ഒരു സഹായിയും ഉണ്ടാകണമെന്നതാണ് വ്യവസ്ഥ. ദീര്‍ഘദൂര യാത്രക്കിടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നതാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. എന്നാല്‍ രണ്ടു ഡ്രൈവര്‍മാര്‍ പോയിട്ട് സഹായിപോലുമില്ലാതെയാണ് പല വണ്ടികളും ദീര്‍ഘദൂരം ഓടിയെത്തുന്നത്. അതിമാരകമായ കെമിക്കലും മറ്റുമായി വിലക്കുള്ള പകല്‍ സമയത്ത് പോലും ഇത്തരം വാഹനങ്ങള്‍ അതിവേഗം കടന്നുപോകുന്ന സ്ഥിതിയാണുള്ളത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പലപ്പോഴും ടാങ്കറുകളുടെ സഞ്ചാരം.

പാചക വാതകം, കെമിക്കലുകള്‍, ആസിഡുകള്‍ എന്നിവയെല്ലാം കൊണ്ടുവരുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ പരിശീലനം നടത്തി സര്‍ട്ടിഫിക്കറ്റ് നേടണം. ഈ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് ഹസാട്‌സ് ലൈസന്‍സ് ലഭിക്കുന്നത്. ഹസാട്‌സ് ലൈസന്‍സ് ഉള്ളവര്‍ക്കാണ് ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കപ്പെടാറില്ല. ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ പരിശീലനമോ ബോധവത്ക്കരണ ക്ലാസുകളോ പോലും ലഭിക്കുന്ന സ്ഥിതിയും ഉണ്ടാവുന്നില്ല. അപകടം ഉണ്ടാകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുമെങ്കിലും പിന്നീട് എല്ലാം വഴിപാട് മാത്രമായി മാറിപ്പോകുകയും ചെയ്യും.

ന്യൂമാറ്റിക് ഓപ്പറേറ്റിംഗ് വാല്‍വുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പലപ്പോഴും ടാങ്കറുകലില്‍ ഇരുമ്പ് വാല്‍വുകള്‍ തന്നെ ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്. വാതകങ്ങളുടെ ബാഷ്പീകരണം തടയാനായി ബോട്ടം ലോഡിംഗ് സൗകര്യവും വേപ്പര്‍ റിക്കവറി സിസ്റ്റവും ഓവര്‍ ഫില്‍ പ്രൊട്ടക്ഷനും ആവശ്യമാണ്. അപകടം ഉണ്ടായാല്‍ വാല്‍വുകള്‍ പെട്ടന്ന് അടയ്ക്കുവാനുള്ള എമര്‍ജന്‍സി പുഷ് ബട്ടണ്‍ ഷട്ട് ഡൗണ്‍ സൗകര്യവും ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ ചെലവ് വര്‍ദ്ധിക്കുമെന്നുള്ളതുകൊണ്ട് ഇത്തരം സംവിധാനങ്ങള്‍ പലരും ഒരുക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഡ്രൈവര്‍ ക്യാമറ, ഡിജിസ്റ്റല്‍ സ്പീഡോമീറ്റര്‍, എല്‍ സി ഡി പാനല്‍ തുടങ്ങിയ പല സംവിധാനങ്ങളും ഒരുക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് മാത്രം. അപകടം ഉണ്ടായ ശേഷമാണ് വാതക ചോര്‍ച്ചയും മറ്റും നടയാനായി അധികൃതര്‍ പെടാപ്പാട് പെടുന്നത്. എന്നാല്‍ ഇതിന് മുമ്പ് തന്നെ കഴിയാവുന്ന കാര്യങ്ങള്‍ ചെയ്താല്‍ കുറേയൊക്കെ പ്രശ്‌നത്തില്‍ നിന്ന് പരിഹാരം നേടാന്‍ കഴിയുമെന്നതാണ് യാഥാര്‍ഥ്യം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ചാലയില്‍ പാചക വാതകവുമായി പോയ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞ് നിരവധി പേരാണ് മരണപ്പെട്ടത്.

നാല്‍പത് വീടുകളും 32 ഓളം സ്ഥാപനങ്ങളും അഗ്നിക്കിരയായി. കരുനാഗപ്പള്ളി പുത്തന്‍ തെരുവ് ഗ്യാസ് ടാങ്കര്‍ ദുരന്തത്തിലും രക്ഷാപ്രവര്‍ത്തകരടക്കം പന്ത്രണ്ടോളം പേരാണ് മരണപ്പെട്ടത്. കാറുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി മറിയുകയായിരുന്നു. മലപ്പുറം വളാഞ്ചേരിവട്ടപ്പാറയില്‍ ഈ മാസം തന്നെ മറ്റൊരു ടാങ്കര്‍ അപകടവും ഉണ്ടായിരുന്നു. വാഹനത്തിന്റെ അമിതവേഗതയായിരുന്നു അപകട കാരണം. വാഹനത്തില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍ പള്ളിക്കുന്നിലും അടുത്തിടെ ടാങ്കര്‍ അപകടം ഉണ്ടായി. കോഴിക്കോട് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചിട്ടും അധികം നാള്‍ ആയിട്ടില്ല. ഇക്കാര്യത്തില്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ജനങ്ങള്‍ക്കുള്ളത്.