24 April 2024, Wednesday

ലോറി അപകടം: ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി, അജികുമാറിന് ദേഹാസ്വസ്ഥ്യമുണ്ടായിരുന്നതായി സമീവാസികള്‍

Janayugom Webdesk
കോട്ടയം
March 12, 2022 4:52 pm

മറിയപ്പള്ളിയിൽ ലോറി പാറമടക്കുളത്തിലേക്കു വീണു കാണാതായ ഡ്രൈവറുടെ മൃതദേഹം ലോറിയുടെ ക്യാബിനിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ലോറി കുളത്തിൽനിന്നു പുറത്തെടുത്തപ്പോഴാണ് ഡ്രൈവറുടെ മൃതദേഹം ലഭിച്ചത്. തിരുവനന്തപുരം സ്വദേശി അജികുമാർ (48) ആണ് മരിച്ചത്. പാറമടക്കുളത്തിൽ മുങ്ങിയ ലോറി ക്രെയിൻ ഉപയോഗിച്ചാണ് ഇന്ന് ഉച്ചയ്ക്കുശേഷം കരയ്ക്കുകയറ്റിയത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ മുട്ടം പാറമടക്കുളത്തിലാണു പത്തു ടണ്ണോളം വളം കയറ്റിവന്ന ലോറി വീണത്. പുലർച്ചെ 12.30ന് അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ ലോറി കണ്ടെത്തിയെങ്കിലും ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.
പ്രദേശത്തെ കൊഴുവത്തറ ഏജൻസി എന്ന വളം ഡിപ്പോയിൽനിന്നു യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ കയറ്റി ആലപ്പുഴ ചേപ്പാടിലേക്കു പോവുകയായിരുന്ന ലോറി. വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് 60 അടിയോളം താഴ്ചയുള്ള പാറമടയിൽ വീഴുകയായിരുന്നു. ഡ്രൈവർ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളൂ. ശബ്ദം കേട്ട സമീപവാസികളാണ് ആദ്യം അറിഞ്ഞത്. ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനയും എത്തി. ഇതിനകം ലോറി താഴ്ചയിലേക്കു പോയി. അഗ്നിരക്ഷാ സേന റബർ ഡിങ്കിയുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.

Eng­lish Sum­ma­ry: lor­ry acci­dent; dri­ver Ajiku­mar’s body recovered
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.