തോട്ടപ്പള്ളിയിലെ ലോറി അപകടം; ലോറി ഡ്രൈവറുടെ ശിക്ഷ റദ്ദാക്കി

Web Desk
Posted on December 05, 2019, 6:42 pm

ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിൽ രണ്ടു പേരുടെ മരണത്തിനും ആറ് പേരുടെ ഗുരുതര പരിക്കിനും ഇടയാക്കിയ വാഹനാപകടത്തിൽ കേസിൽ ടോറസ് ഡ്രൈവറുടെ ശിക്ഷ ആലപ്പുഴ സെഷൻസ് കോടതി റദ്ദാക്കി. കരുവാറ്റ പുത്തൻപറമ്പിൽ സുരേഷ് (55)നെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ ഇജാസ് വെറുതെ വിട്ടത്.

2009 മാർച്ച് 13 നാണ് സംഭവം.സിമന്റ് കയറ്റിയ ടോറസ് ലോറി നിയന്ത്രണം വിട്ട് രണ്ടു കാറുകളെ ഇടിച്ച് തകർത്തുവെന്നാണ് കേസ്. ആദ്യം ഇടിച്ച കാറിലെ രണ്ടു പേരാണ് മരിച്ചത്. ആലപ്പുഴ അസി. സെഷൻസ് കോടതി സുരേഷിനെ ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴ് വർഷവും നരഹത്യാശ്രമത്തിന് മൂന്ന് വർഷവുമാണ് തടവ്.

ഈ വിധിയാണ് സെഷൻസ് കോടതി റദ്ദാക്കിയത്. അപകടത്തിൽ പെട്ട വാഹനം ഓടിച്ചത് സുരേഷാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ല. ഓടിച്ചയാളെ തിരിച്ചറിയാൻ വാഹനത്തിന്റെ ഉടമസ്ഥരായ കമ്പനിയിൽ നിന്നുള്ള രേഖ സ്വീകരിച്ചിട്ടും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഈ വാദം അംഗീകരിച്ചാണ് പ്രതിയെ വെറുതെ വിട്ടത്.