ലോറി കിണറ്റിലേക്ക് മറിഞ്ഞു; മൃതദേഹങ്ങള്‍ പുറത്തെടുത്തത് മൂന്നാം ദിനം

Web Desk
Posted on December 26, 2018, 8:20 pm

രാജാക്കാട്: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ലോറി പൊട്ട കിണണറ്റിലേയ്ക്ക് മറിഞ്ഞ് രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത് മൂന്ന് ദിവസത്തിന് ശേഷം.

കഴിഞ്ഞ 24ന് രാത്രി 8.30 ഓടെയാണ് നിയന്ത്രണം വിട്ട ലോറി കോയമ്പത്തൂര്‍ ചിങ്ങത്തടാകത്തിന് സമീപം കിണറ്റിലേയ്ക്ക് മറിഞ്ഞത്. തേനി സ്വദേശി സെല്‍വം, ഇടുക്കി സേനാപതി വട്ടപ്പാറ സ്വദേശി ബാലമുരുകന്‍, സേനാപതി വങ്കലപ്പാറ സ്വദേശി മണി എന്നിവര്‍ ലോറിയുമായി കോയമ്പത്തൂരിലേയ്ക്ക് പോകുന്നവഴി ചിങ്ങത്തടാകത്ത് വച്ച് നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന കിണറ്റിലേക്ക് പതിക്കുകയായിരുന്നു.

ഏകദേശം 250 അടിയോളം ആഴമുണ്ടായിരുന്ന കിണറിന് സംരക്ഷണ ഭിത്തി ഉണ്ടായിരുന്നില്ല.  കിണറ്റിലേയ്ക്ക് പതിച്ച ലോറി വീതികുറഞ്ഞ  ഭാഗത്ത് തങ്ങി നില്‍ക്കുകയായിരുന്നു. അപകടസമയത്ത് ഡോര്‍വശത്തിരുന്ന മണി പുറത്തേയ്ക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്ക് അരയ്ക്ക് താഴോട്ട് സാരമായി പിരിക്കേറ്റിട്ടുണ്ട്. മുന്‍ സീറ്റിലുണ്ടായിരുന്ന മറ്റ് രണ്ട് പേരും ലോറിയുടെ ചില്ല് തകര്‍ന്ന് വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു.

അപകടമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും രക്ഷാ പ്രവര്‍ത്തനം നടത്താനാവാതെ നോക്കി നില്‍ക്കേണ്ടി വന്നു. ഇതോടെ  വെള്ളത്തില്‍ വീണവര്‍ക്ക് ദാരുണാന്ത്യമാണുണ്ടായത്. പിന്നീട് 25ന് രാത്രി ഒരുമണിയോടെയാണ് ക്രെയിന്‍ എത്തി ലോറി കരക്കുകയറ്റുന്നത്. എന്നാല്‍  ഇതിന് ശേഷം മൃതദേഹം പുറത്തെടുക്കാന്‍ നില്‍ക്കാതെ ഇവര്‍ മടങ്ങുകയും ചെയ്തു.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ക്രെയിന്‍ ഇല്ലാത്തതിനാല്‍ മടങ്ങുകയാണ് ചെയ്തത്. പിന്നീട് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദ്ദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്
വിട്ടു നല്‍കും. എന്നാല്‍ അപകടം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും മൃതദേഹങ്ങള്‍  പുറത്തെടുക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.