Janayugom Online
കാഞ്ഞിരംകുളത്ത് ഡ്രൈവര്‍ ഇല്ലാതെ മുന്നോട്ട് ഓടിയ കൂറ്റന്‍ ട്രെയിലര്‍ ലോറി

നിര്‍ത്തിയിട്ട ലോറി ഡ്രൈവറില്ലാതെ മുന്നോട്ട് ഓടി; പിന്നാലെ ഡ്രൈവറും

Web Desk
Posted on October 12, 2019, 7:03 pm

വിഴിഞ്ഞം: റോഡരുകില്‍ നിര്‍ത്തിയിട്ട കൂറ്റന്‍ ട്രെയിലര്‍ ലോറി ഡ്രൈവര്‍ ഇല്ലാതെ നൂറ് മീറ്ററോളം മുന്നോട്ട് ഓടി. ഇറക്കമുള്ള ഭാഗത്ത് വേഗത്തില്‍ ഉരുണ്ട ട്രെയിലറിന് പിന്നാലെ ഓടി എത്തിയ ഡ്രൈവര്‍ സാഹസപ്പെട്ട് വലിഞ്ഞ് കയറിയ നിയന്ത്രണം ഏറ്റെടുത്തതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. റോഡിലൂടെ ഉരുണ്ട് വരുന്ന ലോറിയില്‍ ഡ്രൈവര്‍ ഇല്ലെന്നറിയാതെ റോഡിലൂടെ പോയ നിരവധി വാഹനങ്ങളും അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടതും തലനാരിഴക്ക്.

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം കാരോട് ബൈപാസില്‍ കാഞ്ഞിരംകുളം പുത്തന്‍കട പുറുത്തി വിളയിലാണ് വഴിയാത്രക്കാരെയും നാട്ടുകാരെയും മുല്‍മുനയിലാക്കിയ സംഭവം അരങ്ങേറിയത്. ബൈപാസ്‌നിര്‍മ്മാണത്തിനായി ഒരു ലോഡ് കമ്പിയുമായി എത്തിയ കൂറ്റന്‍ ട്രെയിലര്‍ പുറുത്തിവിളയില്‍ റോഡരുകില്‍ അല്പം ഉള്ളിലായി നിര്‍ത്തിയശേഷം ഡ്രൈവര്‍ സെന്തിലും സഹായിയും തൊട്ടടുത്ത തട്ടുകടയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടയിലാണ് വാഹനം ഡ്രൈവറില്ലാതെ മുന്നോട്ട് ഓടിയത്. കോവളം മുതല്‍ കാരോട് വരെയുള്ള രണ്ടാം ഘട്ടത്തില്‍ സിഗ്‌നല്‍ സ്റ്റേഷന്‍ അനുവദിച്ചിട്ടുള്ള സ്ഥലമായതിനാല്‍ റോഡിന് ചെറിയ ചരിവും ഇവിടെയുണ്ട്.

lorry

നിര്‍ത്തിയിട്ട ട്രെയിലര്‍ ഉരുണ്ട് പോകുന്നത് കണ്ട് ഡ്രൈവറും സഹായിയുംപുറകെ പാഞ്ഞു. 100 മീറ്ററോളം മുന്നോട്ട് ഓടി തിരക്കേറിയ  കാഞ്ഞിരംകുളം- നെയ്യാറ്റിന്‍കര റോഡില്‍ പ്രവേശിച്ച ലോറിയിലേക്ക് ഡ്രൈവര്‍ ഏറെ പാടുപെട്ടാണ് ചാടിക്കയറിയത്. ഡോറില്‍ തൂങ്ങിയ സെന്തില്‍ പുറത്തേക്ക് വീഴാന്‍ ആഞ്ഞെങ്കിലും ധൈര്യം വിടാതെ സാഹസപ്പെട്ട് ഉള്ളില്‍ കയറിക്കൂടി റോഡ് മുറിച്ച് താഴെക്ക് നീങ്ങിയ ലോറിയെ നിയന്ത്രണത്തിലാക്കിയതോടെയാണ് നിര്‍ത്തിയതോടെ നാട്ടുകാര്‍ക്ക് ആശ്വാസമായത്. ബൈപാസ് റോഡിലൂടെ ലോറി ഓടിവരുന്നത് വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും കാണുന്നുണ്ടായിരുന്നെങ്കിലും ഡ്രൈവര്‍ ഇല്ലാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല. ഇതിനിടെ തട്ടുകടയില്‍ ചായകുടിച്ചനിന്നയാള്‍ പുറകെ ഓടുന്നതും സാഹസപ്പെട്ട് ലോറിയില്‍

ചാടിക്കയറുന്നതും കണ്ടതോടെയാണ് എതിരെ വന്നവര്‍ ഉള്‍പ്പെടെ പലരും വാഹനം വെട്ടിച്ച് മാറ്റുകയും നടന്നുപോയവര്‍ ഓടി മാറുകയും ചെയ്തത്. ഇതിനിടയില്‍ ഇതൊന്നും അറിയാതെ എത്തിയ മൂന്ന് ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടതും ഭാഗ്യം കൊണ്ടാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.