പാലക്കാട് നഗരത്തില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ജനങ്ങള്‍ ഭീതിയില്‍

Web Desk
Posted on September 07, 2018, 11:10 am

ബി രാജേന്ദ്രകുമാര്‍

പാലക്കാട്: നഗരത്തിലെ അറവുമാലിന്യ നിക്ഷേപ കേന്ദ്രമായ പുതുപ്പള്ളിത്തെരുവ് വാര്‍ഡില്‍ കാക്കകളും പരുന്തുകളും വ്യാപകമായി ചത്തു വീണതിനെ തുടര്‍ന്ന് അനധികൃത അറവുശാലകള്‍ അടച്ചു പൂട്ടാന്‍ നഗരസഭ ആരോഗ്യവിഭാഗം  ശുപാര്‍ശ ചെയ്തു.
ഇന്നു രാവിലെയാണ് മുനാവര്‍ കോളനിയിലെ വഴിയരുകില്‍ 40 കാക്കകളെയും, ഒരു നായയേയും, ഒരു പരുന്തിനെയും  ചത്ത നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ റോഡരികില്‍ നിക്ഷേപിച്ച അറവു മാലിന്യത്തില്‍ വിഷം കളര്‍ന്നതായി പ്രാഥമിക പരിശോധയില്‍ കണ്ടെത്തിയിരുന്നു.
മുനവര്‍ നഗറിലെ ചില വീടുകളുടെ പിന്നാമ്പുറത്ത് മൃഗങ്ങളെ കൊലപ്പെടുത്തി വില്‍പ്പന നടത്തുന്ന അനധികൃത അറവുശാലകള്‍ അടച്ചു പൂട്ടുന്നതിന് നോട്ടീസ് നല്‍കിയതായി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു ലൂയിസ് അറിയിച്ചു.
വെറ്റിനറി ഡോക്ടര്‍ ജോജോ സ്ഥലത്തെത്തി നായയുടെയും കാക്കയുടെയും പോസ്റ്റ് മോര്‍ട്ടം നടത്തും. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും  തുടര്‍ നടപടികളെന്ന് പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.