ചെന്നൈ: മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറി ഒരു കുടുംബത്തെയാകെ ഇല്ലാതാക്കി. തമിഴ്നാട് വില്ലുപുരത്താണ് യുവാവ് ഭാര്യയെയും മൂന്നു പെണ്‍കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഭാര്യ ശിവകാമി, അഞ്ചുവയസുള്ള മകള്‍ പ്രിയദര്‍ശിനി, മുന്നുവയസുകാരി യുവശ്രീ, അഞ്ചുമാസം പ്രായമുള്ള ഭാരതി എന്നിവരെ ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി സ്വർണപ്പണിക്കാരനായ അരുണ്‍ എന്ന ചെറുപ്പക്കാരൻ കൊലപ്പെടുത്തുകയായിരുന്നു.
നാലുപേരും മരിച്ചെന്നുറപ്പാക്കിയതിനു ശേഷം അരുണ്‍ സയനൈഡ് ചേര്‍ത്ത മദ്യം കഴിച്ചു സ്വയം മരണം തിരഞ്ഞെടുത്തു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ നിയമ വിരുദ്ധ ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പിനെ കുറിച്ചു അന്വേഷിക്കാന്‍ തമിഴ്നാട് നിയമമന്ത്രി സി.വി.ഷണ്‍മുഖം ഉത്തരവിട്ടു. ഓണ്‍ലൈന്‍ ലോട്ടറിയില്‍ ലക്ഷങ്ങള്‍ നഷ്ടമായി വീടു വില്‍ക്കേണ്ടി വന്നതിനു തൊട്ടുപിറകെയായിരുന്നു ഈ സാഹസം. മേലങ്ങാതെ പണമുണ്ടാക്കാൻ ലോട്ടറിക്കും മറ്റ് കുറുക്ക് വഴിക്കും പിറകേ പോകുന്ന എല്ലാവർക്കും പാഠമായിരിക്കുകയാണ് ഈ കുടുംബത്തിനു പറ്റിയ ദുരവസ്ഥ.
you may also like this video
തുടക്കത്തില്‍ ചെറിയ സംഖ്യകള്‍ കിട്ടിയതോടെ മുപ്പത്തിമൂന്ന് വയസിനുള്ളില്‍ ഉണ്ടാക്കിയതെല്ലാം ലോട്ടറിയില്‍ തുലച്ചു. അവസാനം സ്വന്തം വീടു വിറ്റ് കടം വീട്ടി. വാടക വീട്ടിലേക്കു മാറി. ജീവിതം ദുസ്സഹമായി. ഒടുവിൽ സ്വര്‍ണപണിക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഒരു വിഡിയോയിട്ടു. വിഡിയോ കണ്ടു വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.