May 27, 2023 Saturday

Related news

May 25, 2023
May 6, 2023
May 6, 2023
May 2, 2023
March 19, 2023
March 11, 2023
February 18, 2023
January 9, 2023
January 3, 2023
December 17, 2022

ലോട്ടറിയുടെ ജിഎസ്‌ടി നിരക്ക് ഉയർത്തി: കേരളത്തിന് ആഘാതം

Janayugom Webdesk
December 18, 2019 10:40 pm

 ന്യൂഡൽഹി: സംസ്ഥാന സമ്പദ്ഘടനയ്ക്കും വലിയൊരു വിഭാഗത്തിന്റെ വരുമാനത്തിനും ആഘാതമേൽപ്പിക്കും വിധത്തിൽ ലോട്ടറിയുടെ ചരക്കുസേവന നികുതി (ജിഎസ്‌ടി) 28 ശതമാനമായി വർധിപ്പിച്ചു. ഇന്നലെ ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 38ാമത് ജി എസ് ടി കൗൺസിൽ യോഗത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പ് മറികടന്ന് വോട്ടെടുപ്പിലൂടെ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ 37 യോഗങ്ങളിലും നികുതി നിരക്കുകൾ സംബന്ധിച്ച് യോഗം ഏകകണ്ഠമായാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. എന്നാൽ വിവിധ സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ആദ്യമായാണ് വോട്ടെടുപ്പിലൂടെ നികുതി നിരക്ക് ഉയർത്തിയത്.

27 സംസ്ഥാനങ്ങൾ നികുതി വർധനയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ എതിർത്തു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പുതിയ നിരക്കുകൾ മാർച്ച് ഒന്ന് മുതൽ നിലവിൽ വരും. കഴിഞ്ഞ ജിഎസ്‌ടി യോഗത്തിൽ ലോട്ടറിയുടെ നികുതി വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും തീരുമാനം എടുത്തിരുന്നില്ല. വിഷയം പഠിക്കുന്നതിനായി മഹാരാഷ്ട്ര ധനമന്ത്രിയുടെ നേതൃത്വത്തിൽ എട്ട് അംഗ മന്ത്രിതല സമിതിയെ നിയോഗിച്ചിരുന്നു. നികുതി നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അറ്റോർണി ജനറലിന്റെ അഭിപ്രായവും തേടിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിരക്കുവർധന കേരള ലോട്ടറിയെ പ്രതികൂലമായി ബാധിക്കും. ഇപ്പോൾ 30 രൂപയ്ക്ക് വിൽക്കുന്ന ടിക്കറ്റുകളുടെ 12 ശതമാനം ജിഎസ്‌ടി വിതരണം ചെയ്യുന്നവരും സർക്കാരും ചേർന്നാണ് വഹിക്കുന്നത്. നിലവിലുള്ളതുപോലെ സർക്കാരും വില്പനക്കാരും വഹിക്കാമെന്ന് തീരുമാനിച്ചാൽ രണ്ടു വിഭാഗത്തിനും വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുകയും ചെയ്യും.

നികുതിയുൾപ്പെടെ ചേർത്ത് ടിക്കറ്റ് വില കൂട്ടിയാൽ വില്പനയെ അത് കാര്യമായി ബാധിക്കും. 50, 30 രൂപയുടെ ടിക്കറ്റ് വില്പനയുടെ കണക്ക് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. 30 രൂപയുടെ 1,05,25,00 ടിക്കറ്റുകളാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്. എന്നാൽ 50 രൂപയുടെ ടിക്കറ്റ് 75 ലക്ഷം അച്ചടിക്കുന്നതിൽ മൂന്ന് ലക്ഷത്തോളം ശരാശരി വിറ്റുപോകാത്ത സ്ഥിതിയുണ്ട്. നികുതി ഏകീകരണത്തിനെതിരെ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) ഉൾപ്പെടെ സംഘടനകൾ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ്.

നികുതി കൂട്ടിയതോടെ ഗുണം  ലോട്ടറി മാഫിയയ്ക്ക് .ലോട്ടറിയുടെ നികുതി 12 ശതമാനമായി ഏകീകരിക്കണമെന്നും സമ്മാന തുകയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള നികുതി പിൻവലിക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. നിലവിൽ സംസ്ഥാനത്ത് വിൽക്കുന്ന ലോട്ടറികൾക്ക് 12 ശതമാനമാണ് നികുതി. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലോട്ടറികൾക്ക് 28 ശതമാനവും. ഇത് ഏകീകരിച്ച് 12 ശതമാനമായി നിജപ്പെടുത്തണമെന്ന ആവശ്യമാണ് കൗൺസിൽ യോഗത്തിൽ കേരളമുൾപ്പെടെ സ്വീകരിച്ചത്. സംസ്ഥാനങ്ങൾ നേരിട്ട് നടത്തുന്ന ലോട്ടറിയുടെ നികുതി കുറവായത് സ്വകാര്യ ലോട്ടറി മാഫിയയെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് അവരുടെ സമ്മർദത്തെ തുടർന്നാണ് നിരക്കുകൂട്ടിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ചൂതാട്ട ലോട്ടറി കടന്നുവരുമെന്ന് ആശങ്ക നികുതി നിരക്ക് ഏകീകരിക്കുന്നതിലൂടെ അന്യ സംസ്ഥാന ലോട്ടറികൾക്ക് നിർബാധം സംസ്ഥാനത്തേയ്ക്ക് കടന്നുവരാമെന്ന ആശങ്ക ശക്തമായി. ഇപ്പോൾ നിയമപരമായ തടസങ്ങളുണ്ടെങ്കിലും നികുതി ഏകീകരണത്തോടെ വലിയൊരു കടമ്പ ഒഴിഞ്ഞുകിട്ടും. ലോട്ടറി മാഫിയ നടത്തുന്ന കേസിലെ വാദങ്ങൾക്ക് ബലമേകാനും ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം സഹായകമാവും.

ലോട്ടറിയുടെ ചരക്കുസേവന നികുതി (ജിഎസ്‌ടി) വർധിപ്പിക്കുന്നതിനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് 20 ന് സംസ്ഥാന വ്യാപകമായി പ്രാദേശിക കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്താൻ ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) തീരുമാനിച്ചു. ലോട്ടറിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതാണ് തീരുമാനമെന്ന് പ്രസിഡന്റ് കെ എസ് ഇന്ദുശേഖരൻ നായർ, ജനറൽ സെക്രട്ടറി വി ബാലൻ എന്നിവർ പറഞ്ഞു. നികുതി വർധനവ് ലോട്ടറി ടിക്കറ്റുകളുടെ നിരക്ക് കൂട്ടുന്നതിന് ഇടയാക്കും. ഇത് വില്പനയിൽ കുറവുണ്ടാക്കുകയും തൊഴിലാളികളുടെ വരുമാനത്തിൽ വൻകുറവുണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.