ലോട്ടറിയടിച്ച കോടീശ്വരന്മാരില്‍ കൂടുതലും ഇന്ത്യക്കാര്‍

Web Desk
Posted on October 06, 2017, 9:28 am

കെ രംഗനാഥ്
അബുദാബി: ഏറെക്കാലമായി ഭാഗ്യദേവതയുടെ കടാക്ഷത്തില്‍ ഗള്‍ഫില്‍ കോടീശ്വരരാകുന്നവരില്‍ മഹാഭൂരിപക്ഷവും ഇന്ത്യക്കാര്‍. അവരില്‍ത്തന്നെ നല്ലൊരു പങ്ക് മലയാളികള്‍.
ഇത്തവണ അബുദാബി ബിഗ് ടിക്കറ്റ് ലോട്ടറി വിജയികളില്‍ പത്തില്‍ എട്ടുപേരും ഇന്ത്യക്കാര്‍. ഒരൊറ്റ ഫിലിപ്പൈന്‍കാരനാണ് ഇതിനപവാദം. കൃഷ്ണന്‍ അഭയകുമാര്‍, സുന്ദരന്‍ നാലാം കണ്ടത്തില്‍, മുത്തുകുമാര്‍ സജ്ജീവ്, ഷറഫുദ്ദീന്‍ തറക്കവീട്ടില്‍ സെയിനുദ്ദീന്‍, സമീത്തിനോര്‍, ചന്ദ്രേഷ് കിഷോര്‍, കുമാര്‍ഗാരി, അഫ്‌സര്‍ പാഷ അലി എന്നിവരാണ് സമ്മാനര്‍ഹരായ മലയാളികളടക്കമുള്ള ഇന്ത്യാക്കാര്‍. പത്താമനായ സെയിഫ് അലി ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് സംഘാടകര്‍ അറിയിച്ചു. 1.8 കോടിയോളം രൂപയാണ് സമ്മാനത്തുക.
ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനാര്‍ഹയായത് മലയാളി ഡോക്ടറായ നിഷിതാ രാധാകൃഷ്ണപിള്ളയായിരുന്നു. സമ്മാനതുക 17.5 കോടി രൂപ. മാര്‍ച്ചില്‍ 12.71 കോടി അടിച്ചത് കോപ്പറമ്പില്‍ കെ ശ്രീരാജിനായിരുന്നു. ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരനായ ലിജോ ചെറിയാന്‍ വര്‍ക്കിക്ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ ലോട്ടറിയടിച്ചത് 10 ലക്ഷം ഡോളര്‍. മണക്കുടി വര്‍ക്കി മാത്യുവിന് അടിച്ചത് 1.9 ദശലക്ഷം ഡോളര്‍. ഇക്കഴിഞ്ഞ ഓഗസ്റ്റിലെ മറ്റൊരു ഭാഗ്യവാന്‍ ഇന്ത്യക്കാരനായ കൃഷ്ണരാജുവായിരുന്നു.